ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; പ്രമുഖ വസ്ത്ര നിര്‍മ്മാണ ബ്രാന്‍ഡായ എംസിആറിന്റെ പുതിയ പരസ്യത്തിന് എതിരെ നടപടി, വിശദീകരണം നല്‍കിയെന്ന് മാനേജ്‌മെന്റ്

കോവിഡ് വൈറസ് വ്യാപകമാകുന്നതിനിടെ പ്രമുഖ വസ്ത്ര നിര്‍മ്മാണ ബ്രാന്‍ഡായ എംസിആറിന്റെ പുതിയ പരസ്യത്തിനെതിരെ നടപടി. എംസിആര്‍ ആന്റി വൈറസ് ഷര്‍ട്ടുകള്‍ എന്ന് കാട്ടി പുറത്തിറക്കിയ ടെലിവിഷന്‍ പരസ്യത്തിനെതിരെയാണ് കണ്‍സ്യൂമര്‍ കംപ്ലൈന്റ് കൗണ്‍സില്‍ നടപടി സ്വീകരിച്ചത്. അഡ്വര്‍ടൈസ്‌മെന്റ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളും പാലിക്കപ്പെട്ടില്ലെന്നാണ് പരാതിക്കാരുടെ അവകാശ വാദം.

ഷര്‍ട്ടിന്റെ നൂലുകളില്‍ വൈറസിനെ അകറ്റുന്ന ടെക്നോളജി ഉണ്ടെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഇത് ശാസ്ത്രവിവരങ്ങളുടെ പിന്‍ബലമില്ലെന്ന് കാട്ടി ക്യാപ്‌സൂള്‍ കേരള (ക്യാംപയിന്‍ എഗൈന്‍സ്റ്റ് സ്യൂഡോ സയന്‍സ് യൂസിംഗ് ലോ ആന്‍ഡ് എത്തിക്‌സ്) എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. പരസ്യം ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് കാട്ടിയാണ് സംഘടന അഡ്വര്‍ടൈസ്‌മെന്റ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി കൈമാറിയത്. തുടര്‍ന്ന് കണ്‍സ്യൂമര്‍ കംപ്ലൈന്റ് കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പരസ്യം പിന്‍വലിക്കാന്‍ എംസിആറിന് നിര്‍ദ്ദേശം നല്‍കിയത്. മെയ് നാലിനകം പരസ്യത്തില്‍ രൂപമാറ്റം വരുത്തുകയോ, ശാസ്ത്രീയ വശം ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് സിസിസി നിര്‍ദ്ദേശം.

ഏപ്രില്‍ 16 മുതല്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയഗ്നോസ്റ്റിക് കേന്ദ്രത്തിന്റെ കുറഞ്ഞ ചെലവില്‍ അലര്‍ജി ഡിറ്റക്ഷന്‍ ക്യാപയിന്‍ എന്ന രീതിയില്‍ മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരെയും നടപടിക്ക് സിസിസി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇത്തരം പരസ്യങ്ങള്‍ അതിശയോക്തിയാല്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ്, മാത്രമല്ല ഉപഭോക്താക്കളുടെ മനസ്സില്‍ കടുത്ത നിരാശയുണ്ടാക്കുകയും ചെയ്യുമെന്ന് എ.എസ്.സി.ഐ വക്താവ് മണാലി കുല്‍കര്‍ണി വ്യക്തമാക്കി.

അതേസമയം പരസ്യത്തിനെതിരായ വിലക്ക് എ.എസ്.സി.ഐ പിന്‍വലിച്ചതായി എംസിആര്‍ മേധാവി എം.സി. റോബിന്‍ സൗത്ത് ലൈവിനോട് പറഞ്ഞു. വിദേശ ടെക്‌നോളജിയാണ് പുതിയ പ്രൊഡക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും. ഇത് വൈറസുകളെ തടയുന്ന എന്‍ നയന്‍ ടെക്‌നോളജിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പല പ്രമുഖ ബ്രാന്‍ഡുകളും ഈ ടെക്‌നോളജി ഉപയോഗിച്ചു വരുന്നുണ്ടെന്നും, ഇത് സംബന്ധിച്ച വിശദീകരണം സിസിഎയ്ക്കും എ.എസ്.സി.ഐയ്ക്കും നല്‍കിയിട്ടുണ്ടെന്നും റോബിന്‍ പറഞ്ഞു.

സമാനമായ ചില പരസ്യങ്ങള്‍ക്കെതിരെയും ക്യാപ്‌സൂള്‍ കേരള പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.