ഫെയ്‌സ്ബുക്കിന്റെ പേര് മാറ്റി; മാതൃകമ്പനി ഇനി മുതൽ 'മെറ്റ' എന്നറിയപ്പെടും

 

 

സോഷ്യൽ നെറ്റ്‌വർക്കിന് അപ്പുറത്തുള്ള ഭാവിയെ പ്രതിനിധീകരിക്കുന്നതിനായി മാതൃകമ്പനിയുടെ പേര് “മെറ്റ” എന്ന് മാറ്റുന്നതായി ഫേയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഫേയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ അതിന്റെ പേരുകൾ നിലനിർത്തും എന്നാൽ ഇവയെല്ലാം അതിന്റെ മാതൃകമ്പനി “മെറ്റ” യുടെ കീഴിലായിരിക്കും പ്രവർത്തിക്കുക.

“സാമൂഹിക പ്രശ്‌നങ്ങളുമായി പൊരുതുന്നതിൽ നിന്നും അടഞ്ഞ ഇടങ്ങളിൽ ജീവിക്കുന്നതിൽ നിന്നും നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇപ്പോൾ നമ്മൾ പഠിച്ച കാര്യങ്ങളെ എല്ലാം ഉപയോഗിച്ച് അടുത്ത അധ്യായം തുറക്കാൻ സഹായിക്കേണ്ട സമയമാണിത്,” ആന്വൽ ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ മാർക്ക് സക്കർബർഗ് പറഞ്ഞു.

“ഇന്ന് മുതൽ നമ്മുടെ കമ്പനി “മെറ്റ” എന്ന പേരിൽ അറിയപ്പെടും. ഈ പ്രഖ്യാപനത്തിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുക എന്ന നമ്മുടെ ദൗത്യം അതേപടി തുടരും, നമ്മുടെ ആപ്പുകളും അവയുടെ പേരുകൾക്കും മാറ്റമില്ല,” മാർക്ക് സക്കർബർഗ് കൂട്ടിച്ചേർത്തു.

ടെക് ഭീമനായ ഫെയ്‌സ്ബുക്ക് അതിന്റെ ഭാവിയായി കാണുന്ന ഇന്റർനെറ്റിന്റെ “മെറ്റാവേർസ്” വെർച്വൽ റിയാലിറ്റി പതിപ്പിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് മാതൃകമ്പനിക്ക് “മെറ്റ” എന്ന പേര് നൽകിയിരിക്കുന്നത്. “മെറ്റാവേസ്” നിർമ്മിക്കുന്നതിനായി യൂറോപ്യൻ യൂണിയനിൽ നിന്നും 10,000 പേരെ നിയമിക്കുന്നതിനുള്ള പദ്ധതികൾ ഫേയ്സ്ബുക്ക് പ്രഖ്യാപിച്ചു, സക്കർബർഗ് ഈ ആശയത്തിന്റെ മുൻനിര പ്രമോട്ടറായിരിക്കും.

അതേസമയം ഫെയ്‌സ്ബുക്ക് അതിന്റെ സമീപകാല അഴിമതികളിൽ നിന്നും വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കമ്പനിയുടെ പേര് മാറ്റുന്നതെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്.