നികുതി വെട്ടിപ്പ്?; ഹിമാചലിലെ അദാനി വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്

ഹിമാചല്‍ പ്രദേശില്‍ അദാനി വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണു റെയ്‌ഡെന്നാണു സൂചന. സംസ്ഥാന നികുതി വകുപ്പാണു റെയ്ഡ് നടത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അദാനി വില്‍മര്‍ ഗ്രൂപ്പ് ജിഎസ്ടി അടയ്ക്കുന്നില്ലായിരുന്നുവെന്ന ആരോപണം ആണ് ഉയര്‍ന്നിരിക്കുന്നത്.

എക്സൈസ് വകുപ്പിന്റെ സൗത്ത് എന്‍ഫോഴ്സ്മെന്റ് സോണ്‍ സംഘം ബുധനാഴ്ച രാത്രി വൈകിയാണ് റെയ്ഡിനെത്തിയത്. രേഖകള്‍ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടര്‍ന്നെന്നും നികുതി ബാധ്യത പണമായി അടയ്ക്കാത്തത് സംശയാസ്പദമാണെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തെ കമ്പനിയുടെ നികുതി ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പ് തേടിയിട്ടുണ്ട്.

അദാനി ഗ്രൂപ്പും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറും തമ്മിലുള്ള 50:50 സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍. ആകെ ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളാണ് ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി എട്ടിനു വന്ന ഡിസംബര്‍ പാദ ഫലങ്ങളില്‍ ലാഭം 16% വര്‍ധിച്ച് 246.16 കോടി രൂപയായി ഉയര്‍ന്നിരുന്നു.

ഓഹരിക്കാര്യത്തില്‍ ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കമ്പനികള്‍ സംശയനിഴലില്‍ ആണ്.