രാജ്യത്തെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും വഷളായികൊണ്ടിരിക്കുന്നു: റിസര്‍വ്വ് ബാങ്ക് സര്‍വ്വേ

ഇന്ത്യയിലെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും മോശമായി വരുകയാണെന്ന് റിസര്‍വ്വ് ബാങ്കിന്റെ  കോണ്‍ഫിഡന്‍സ് സര്‍വ്വേ റിപ്പോട്ടില്‍ പറയുന്നു. സെപ്റ്റംബറില്‍ നടത്തിയ സര്‍വ്വേയില്‍ 52.5 ശതമാനം പേരാണ് രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ വിമര്‍ശിച്ചത്. തങ്ങളുടെ വരുമാനം കുറയുകയാണെന്ന് 26.7 ശതമാനം പേരും രേഖപ്പെടുത്തിയിട്ടുണ്ട്. 2012ന് ശേഷം തൊഴില്‍ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകള്‍ പ്രതികരിക്കുന്നത് ആദ്യമായാണ്.

രാജ്യത്തെ മൊത്തം സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് 47.9 പേരും അഭിപ്രായപ്പെടുന്നു. മുമ്പ് 2013ലായിരുന്നു രാജ്യത്തെ സാമ്പത്തിക അവസ്ഥയെത്തുറിച്ച് ഇത്രയും ആളുകള്‍ ആശങ്ക അറിയിച്ചത്. വരും വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്ന് 38.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. വിലക്കയറ്റം വര്‍ധിക്കുകയാണെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. അതേസമയം, വരും വര്‍ഷങ്ങളില്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായേക്കുമെന്ന് 53 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.9.6 ശതമാനം മാത്രമാണ് വരുമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷയില്ലാത്തവര്‍.

സര്‍വ്വേയില് പങ്കെടുത്ത 26.7 ശതമാനം പേരും അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് പണം ചെലവഴിക്കാന്‍ താല്‍പര്യപ്പെടുന്നതെന്ന് സര്‍വ്വേയില്‍ പറയുന്നു.രാജ്യത്തെ 13 പ്രധാന നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗലൂരു, ഹൈദരാബാദ്, ഭോപ്പാല്‍, ഗുവാഹത്തി, ജയ്പൂര്‍, ലക്‌നൗ, പട്‌ന, തിരുവനന്തപുരം നഗരങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്.