'എയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍' അറുപതിന്റെ നിറവില്‍ എന്‍ജിനീയറിംഗില്‍നിന്നും കൃഷിയിലേക്ക്

മീരാ നാരായണന്‍

കൃഷി ചെയ്യാനും സംരംഭകന്‍ ആകാനുമൊക്കെ ഒരു പ്രായമുണ്ടോ? ഈ ചോദ്യം അബ്ദുല്‍ അസീസ് എന്ന തൃശൂരുകാരനോട് ആണെങ്കില്‍, തന്റെ ജീവിതം ഉദാഹരണമാക്കി അദ്ദേഹം പറയും, എയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍. അതെ, വയസ്സ് എന്ന് പറയുന്നത് ഒരു നമ്പര്‍ മാത്രമാണ്. അതുകൊണ്ടു മാത്രമാണ്, ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കേണ്ട പ്രായത്തില്‍ അബ്ദുല്‍ അസീസ് കൈക്കോട്ടും തൂമ്പയും എടുത്ത് കൃഷിയിടത്തിലേക്ക് ഇറങ്ങിയത്.

ഇന്ന് കൊച്ചി നഗരത്തിലെ അറിയപ്പെടുന്ന അസീസിയ ഓര്‍ഗാനിക് ഫുഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ അസീസിന്റെ കാര്‍ഷിക ജീവിതം ആരംഭിക്കുന്നത് തികച്ചും ലളിതമായ ചുവടു വയ്പുകളോടെയാണ്.

തിരുവനന്തപുരം എന്‍ജിനീയറിംഗ് കൊളെജില്‍നിന്നും പഠനം പൂര്‍ത്തിയാക്കി ഒരു എന്‍ജിനീയര്‍ ആയി തന്റെ കരിയര്‍ ആരംഭിച്ച അസീസ് ഇന്ന് കേരളം അംഗീകരിച്ച ജൈവകര്‍ഷകനാണ്.

റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ എങ്ങനെ കരിയറില്‍ ഇത്തരത്തില്‍ ഒരു മാറ്റം അദ്ദേഹം കൊണ്ടു വന്നു എന്ന് ചോദിച്ചാല്‍ അദ്ദേഹം പറയും നീണ്ട നാളത്തെ വിദേശവാസത്തിന് ശേഷം നാട്ടില്‍ എത്തിയപ്പോള്‍ നേരിട്ട പ്രധാന പ്രശ്‌നം കലര്‍പ്പില്ലാത്ത ഭക്ഷണം കിട്ടുക എന്നതായിരുന്നു. അത്തരം ഭക്ഷണം തേടിയുള്ള യാത്രയാണ് അദ്ദേഹത്തെ ഒരു കര്‍ഷകനും പിന്നീട് സംരംഭകനും ആക്കി മാറ്റിയത്.

ലളിതമായ തുടക്കം

എന്‍ജിനീയറിംഗ് പഠനശേഷം താമസിയാതെ കേരളം വിട്ട അബ്ദുല്‍ അസീസിന്റെ പ്രധാന തട്ടകം ഖത്തര്‍ ആയിരുന്നു. അവിടെ മൂന്നു പതിറ്റാണ്ടോളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ബിസിനസ് നടത്തിയ അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍, കൃഷിയില്‍ ഒരു കൈ നോക്കാം എന്ന് തന്നെ തീരുമാനിച്ചു. ഈ പ്രായത്തില്‍ കൃഷിയില്‍ ഒരു ഭാഗ്യപരീക്ഷണം വേണ്ട എന്ന് ഉപദേശിച്ചവര്‍ നിരവധി. ആ വാക്കുകള്‍ എല്ലാം തന്നെ സ്‌നേഹപൂര്‍വ്വം തള്ളിക്കളഞ്ഞുകൊണ്ട്, അസീസ് 2013 ല്‍ തൃശ്ശൂര്‍ ജില്ലയിലെ പഴുവില്‍ അസീസിയ ഓര്‍ഗാനിക് ഫാമിന് തുടക്കം കുറിച്ചു.

പച്ചക്കറികള്‍ ആയിരുന്നു പ്രധാന ലക്ഷ്യം. പാവല്‍, വെണ്ട, തക്കാളി, കാബേജ്, അച്ചിങ്ങ, പടവലം തുടങ്ങി ഇദ്ദേഹത്തിന്റെ ഫാമില്‍ ഇല്ലാത്ത പച്ചക്കറികള്‍ ഇല്ല. കൃഷിയില്‍നിന്നും വരുമാനം നേടുക എന്നതിനപ്പുറം, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഒരേക്കര്‍ സ്ഥലത്താണ് ആദ്യം കൃഷി ആരംഭിച്ചത്. പിന്നീട് കൃഷി വിജയം കണ്ടതോടെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഒരേക്കറില്‍ നിന്നും 36 ഏക്കറിലേക്ക് ഇപ്പോള്‍ ഓര്‍ഗാനിക് ഫാം വ്യാപിച്ചു കഴിഞ്ഞു.

കാരറ്റ്, കോളിഫ്‌ളവര്‍ എന്നിവ തൃശ്ശൂരിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ വയനാട്ടിലെ ജൈവകൃഷിയിടങ്ങളില്‍നിന്നും എത്തിക്കും. കൃഷിക്ക് പുറമെ, ജൈവ കോഴിമുട്ടകള്‍ക്കും മാംസത്തിനുമായി കോഴിഫാം , പാല്‍, മാംസം എന്നിവയ്ക്കായി കന്നുകാലി ഫാം എന്നിവയും അബ്ദുല്‍ അസീസ് നടത്തുന്നു. വൈറലാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ദിനചര്യയും കൃഷി രീതിയും.

ഓര്‍ഗാനിക് ഹോട്ടലും തയ്യാര്‍

തന്റെ ഫാമില്‍ ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും അതുപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനുമായി കൊച്ചിയിലെ പാലാരിവട്ടത്ത് ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായുള്ള ഒരു സമ്പൂര്‍ണ്ണ ഓര്‍ഗാനിക് സൂപ്പര്‍മാര്‍ക്കറ്റ്, ഓര്‍ഗാനിക്ക് റെസ്റ്റോറന്റ് എന്നിവ കൂടി അബ്ദുല്‍ അസീസ് ആരംഭിച്ചു കഴിഞ്ഞു. തന്റെ ജൈവ ഫാമില്‍ ഉല്പാദിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ റെസ്റ്റോറന്റില്‍ വില്‍ക്കുകയുള്ളൂ എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.