ബുള്ളറ്റിന്റെ ആ പഴയ ശബ്ദ ഗാംഭീര്യം അന്യമാകുന്നു, ഇനി വരുന്നത് നേർത്ത ശബ്ദത്തോടെ

ഏതൊക്കെ ബൈക്ക് വിപണിയിലെത്തിയാലും ബുള്ളറ്റിന്റെ രാജകല ഒന്ന് വേറെ തന്നെയാണ്. ബൈക്ക് എന്നാൽ ബുള്ളറ്റ് തന്നെ, അത് പഴയ തലമുറയായാലും ന്യൂ ജെൻ ആയാലും. ആ എടുപ്പിനും ചന്തത്തിനും മാറ്റ് കൂട്ടുന്നത് വാഹനം വരുമ്പോഴുള്ള പ്രത്യേക സൗണ്ടാണ്. കുറച്ചു ദൂരെ വാഹനം എത്തുമ്പോഴേക്ക് ബുള്ളറ്റാണ് വരുന്നതെന്ന് കൊച്ചുകുട്ടികൾ പോലും വിളിച്ചുപറയും. ശരിക്കും ബൈക്കിന്റെ ഒരു സിഗ്‌നേച്ചർ ടോൺ കൂടിയാണ് ബുള്ളറ്റ് പുറപ്പെടുവിക്കുന്ന ആ സുപരിചിത ശബ്ദം.

2030 ഓടെ പൂർണ്ണമായും ഒരു ഇലക്ട്രിക്ക് ബൈക്കായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ബുള്ളറ്റ്. അതിന്റെ മുന്നോടിയായി ഇലക്ട്രിക്ക് മോട്ടോർ ഘടിപ്പിക്കുകയാണ് പുതിയ ബുള്ളറ്റുകളിൽ. വാഹനങ്ങളുടെ ശബ്ദമലിനീകരണം കുറക്കുന്നതിനുള്ള സർക്കാർ നീക്കങ്ങളോട് സഹകരിച്ചുകൊണ്ടാണ് റോയൽ എൻഫീൽഡ് മനസില്ലാ മനസോടെ ഈ മാറ്റം വരുത്താൻ ഒരുമ്പെടുന്നത്. അതോടെ കുറഞ്ഞ ശബ്ദത്തിലായിരിക്കും ബുള്ളറ്റ് ഇനി റോഡുകളിൽ എത്തുക. പഴയ ബുള്ളറ്റിന്റെ പ്രൗഢിയും ഭാരവും പുതിയ മോഡലുകൾക്കില്ലെന്ന പരാതി അല്ലെങ്കിൽ തന്നെയുണ്ട്. അതുകൊണ്ട് ഏറെ പഴക്കം ചെന്ന ബുള്ളറ്റ്, അതും മിലിറ്ററി ബുള്ളറ്റ് തന്നെ, നല്ല വില കൊടുത്ത വാങ്ങാൻ തയാറാകുന്ന ധാരാളം പേരുണ്ട്. ഇനി ചിരപരിചിതമായ ആ ശബ്ദവും ബുള്ളറ്റിനു അന്യമാകാൻ പോവുകയാണ്.

മുൻ കാലങ്ങളിൽ ഈ പ്രത്യേക സൗണ്ടിനു വേണ്ടി കാസ്റ്റ് അയേൺ കൊണ്ടാണ് എക്‌സാസ്‌റ്റ് നിർമിച്ചിരുന്നത്. പിന്നീട് ഇത് അലുമിനിയം കൊണ്ടയപ്പോൾ ശബ്ദം നല്ല തോതിൽ കുറഞ്ഞു, പഴയ ആ ഗാംഭീര്യം നഷ്ടമായെന്ന് പറയാം. ഇലക്ട്രിക്ക് ആകുമ്പോൾ ശബ്ദം നേർത്ത തോതിലായി മാറും. ബുള്ളറ്റ് നിർമാതാക്കളായ ഐഷർ ഈയിടെ രണ്ടു പുതിയ മോഡലുകൾ കൂടി വിപണിയിൽ അവതരിപ്പിച്ചിരുന്നു. 650 സിസി ഉള്ള ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജി ടി എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിലിൽ ഇവ യൂറോപ്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ഇന്ത്യൻ നിർമിത ബൈക്കുകകളിൽ എക്സ്പോർട് മാർക്കറ്റുകളിൽ ഏറെ പ്രിയപ്പെട്ട ബൈക്ക് ബുള്ളറ്റാണ്.

ബൈക്ക് വിപണിയിൽ മത്സരം കടുക്കുകയാണ്. പ്രമുഖ ഇരു ചക്ര വാഹന നിർമാതാക്കളായ ബജാജ് 2020 ൽ ഇലക്ട്രിക്ക് ബൈക്കുകൾ വിപണിയിലെത്തിക്കുകയാണ്. ഏതാനും പുതിയ കമ്പനികൾ ബാറ്റെറിയിൽ ഓടുന്ന ബൈക്കുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മൂന്ന് മിനിറ്റുകൊണ്ട് 100 കിലോമീറ്റർ സ്പീഡ് ആർജിക്കാൻ കഴിയുന്ന ഈ ബൈക്കുകളുടെ പരമാവധി വേഗത 170 കിലോമീറ്ററായിരിക്കും. അടുത്ത എട്ട് വർഷത്തിനുള്ളിൽ ബാറ്ററി വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് വരാനിരിക്കുന്നത് ഇലക്ട്രിക്ക് ബൈക്കുകളുടെ കാലം ആയിരിക്കുമെന്ന് കരുതുന്നുവെന്ന് ഐഷർ സി ഇ ഒയും മാനേജിങ് ഡയറക്ടറുമായ സിദ്ധാർത്ഥ ലാൽ പറഞ്ഞു.