കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം റിട്ടേണ്‍ നേടിയ കമ്പനിയില്‍ നിക്ഷേപിക്കാനാണോ പ്ലാന്‍? എങ്കില്‍ നിങ്ങളൊരു വിഡ്ഢിയാണ്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ കഴിഞ്ഞ കുറേക്കാലമായുള്ള റിട്ടേണ്‍ നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കാര്യം കാണാം. ഒരു ഫണ്ട് പോലും തുടര്‍ച്ചയായ രണ്ടാംവര്‍ഷം ടോപ് സ്ഥാനത്ത് വന്നിട്ടുണ്ടാവില്ല. മുന്‍കാല പെര്‍ഫോമെന്‍സ് ഭാവിയില്‍ റിസല്‍ട്ട് നല്‍കുമെന്ന ഗ്യാരണ്ടിയല്ലയെന്ന് പറയുന്നത് അതുകൊണ്ടാണ്.

പക്ഷേ നിക്ഷേപകര്‍ പെര്‍ഫോമെന്‍സിന് പിന്നാലെയാണ് പോകുക. ഏതെങ്കിലും ഒരു ഫണ്ട് തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ ആദ്യം പരിഗണിക്കുക മുന്‍വര്‍ഷങ്ങളിലെ റിട്ടേണാണ്. അല്ലെങ്കില്‍ പട്ടികയില്‍ മുകളില്‍ നില്‍ക്കുന്ന സ്‌കീമിനു പിന്നാലെ പോകും. കഴിഞ്ഞവര്‍ഷം മികച്ച പെര്‍ഫോമെന്‍സ് കാഴ്ചവെച്ചതല്ലേ, അടുത്തവര്‍ഷവും ഇതുപോലെ തന്നെ പോകുമെന്ന ധാരണയിലാവും മുന്നോട്ടുപോകുക. എന്നാല്‍ ഇതല്ല സത്യം. തുടര്‍ച്ചയായി കുറേയേറെ വര്‍ഷം മാര്‍ക്കറ്റിലെ ടോപ് പെര്‍ഫോമര്‍ ആയി നിലനില്‍ക്കുകയെന്നത് ഒരു സ്‌കീമിനെ സംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്കലി അസാധ്യമാണ്.

ചിലരുണ്ട്, മുന്‍വര്‍ഷം മികച്ച പെര്‍ഫോമെന്‍സ് കാഴ്ചവെച്ച ഒരു ഫണ്ടില്‍ എസ്.ഐ.പി തുടങ്ങും. ഒരുവര്‍ഷത്തിനുശേഷം എസ്.ഐ.പി അവസാനിച്ചാല്‍ തൊട്ടുമുമ്പത്തെ വര്‍ഷം മികച്ച പെര്‍ഫോമെന്‍സ് കാഴ്ചവെച്ച മറ്റൊരു ഫണ്ടിന് പിന്നാലെ പോകുകയും പുതിയ എസ്.ഐ.പി തുടങ്ങുകയും ചെയ്യും. ഇത് വിഡ്ഢിത്തമാണ്. ഫണ്ട് തെരഞ്ഞെടുക്കുന്നത് വെറും തൊട്ടുമുന്‍പത്തെ വര്‍ഷത്തെ പെര്‍ഫോമെന്‍സ് മാത്രം നോക്കിയാവരുത്. ഒരുവര്‍ഷം പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ ലിസ്റ്റില്‍ ഏറ്റവും താഴത്തുണ്ടായിരുന്ന ഫണ്ട് അടുത്തവര്‍ഷമാകുമ്പോഴേക്കും മുകളിലേക്ക് വന്ന സംഭവങ്ങള്‍ പലതവണയുണ്ടായിട്ടുണ്ട്. തിരിച്ചും സംഭവിക്കാറുണ്ട്.

വെറും പഴയകാല പ്രകടനത്തെ മാത്രം ആശ്രയിക്കരുത്:

മുന്‍കാല പെര്‍ഫോമെന്‍സിനെ മാത്രം അടിസ്ഥാനമാക്കി നിങ്ങള്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോയ്ക്ക് പറ്റിയ ഫണ്ട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് തെരഞ്ഞെടുക്കുകയെന്നല്ലേ. പറയാം.

കഴിഞ്ഞവര്‍ഷം ലിസ്റ്റില്‍ ടോപ്പിലുള്ളവരെ മാത്രമല്ല, മുന്നോ നാലോ വര്‍ഷക്കാലയളവിലെ പോയിന്റ് പോയിന്റ് റിട്ടേണ്‍ നോക്കി മാത്രവും ഫണ്ട് തെരഞ്ഞെടുക്കരുത്. പോയിന്റ് പോയിന്റ് റിട്ടേണുകള്‍ക്ക് പകരം ആദ്യം എല്ലാ ഫണ്ടുകളുടെയും റോളിങ് റിട്ടേണ്‍ നോക്കുന്നതായിരിക്കും നല്ലത്.

ഒപ്പം തന്നെ റിസ്‌ക് പാരാമീറ്ററുകളും ഫണ്ടിന്റെ സ്ഥിരതയും പരിശോധിക്കണം. എത്രവട്ടം ബെഞ്ച് മാര്‍ക്കിന് മുകളില്‍ അല്ലെങ്കില്‍ താഴെയുള്ള പെര്‍ഫോമെന്‍സ് കാഴ്ചവെക്കുന്നു, മാര്‍ക്കറ്റ് സൈക്കിളിലുടനീളം അതിന്റെ കാറ്റഗറി സമകാലികരുമായി താരതമ്യം ചെയ്യുമ്പോഴുള്ള സ്‌കീമിന്റെ പ്രകടനം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.

പഴയകാല പ്രകടനം പരിശോധിക്കുന്നത് തെറ്റാണ് എന്നല്ല പറയുന്നത്, മറിച്ച് അത് മാത്രം മതിയാവില്ലയെന്നാണ്. നിങ്ങളുടെ പോര്‍ട്ട്ഫോളിയോയ്ക്ക് അനുയോജ്യമായ ഫണ്ട് തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ മറ്റ് ഘടകങ്ങളെക്കൂടി പരിഗണിച്ചുവേണം ഫണ്ടുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍.

ഒരു വിജയിച്ച ഫണ്ട് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കണമെന്നില്ല:

റിട്ടേണ്‍ പട്ടികയുടെ ഏറ്റവും മുകളില്‍ ചിലപ്പോള്‍ നിങ്ങള്‍ സെക്ടര്‍ അല്ലെങ്കില്‍ തീമാറ്റിക് ഫണ്ടുകളെ കാണാം. ഇത്തരം ഫണ്ടുകള്‍ മിക്ക നിക്ഷേപകര്‍ക്കും അനുയോജ്യമായിരിക്കണമെന്നില്ല. വിപണിയിലെ അപകട സാധ്യതകള്‍ മനസിലാക്കുന്ന, സങ്കീര്‍ണമായ നിക്ഷേപങ്ങള്‍ക്ക് തയ്യാറാവുന്നവര്‍, അവരുടെ പോര്‍ട്ട്ഫോളിയോയുടെ പത്ത് മുതല്‍ ഇരുപത് ശതമാനം സെക്ടര്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. എന്നാല്‍ മറ്റുള്ളവര്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്.

അതുപോലെ സ്മോള്‍ കാപ് ഫണ്ടുകള്‍ക്ക് ദീര്‍ഘകാല റിട്ടേണുകള്‍ നല്‍കാനാവും. ഈ ഫണ്ടുകള്‍ക്ക് ഇടയ്ക്ക് വളരെ മികച്ച റിട്ടേണുകള്‍ നല്‍കാനാവുമെങ്കിലും ചെറുകിട കമ്പനികള്‍ക്ക് അനുകൂലമല്ലാത്ത സാമ്പത്തിക സാഹചര്യങ്ങള്‍ വരുമ്പോള്‍ അവ കൂപ്പുകുത്താം. ഇത്തരം ഫണ്ടുകളില്‍ നിന്നുലഭിക്കുന്ന റിട്ടേണുകളില്‍ വലിയ ചാഞ്ചാട്ടമുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ഇവയും എല്ലാവര്‍ക്കും യോജിച്ചതല്ല.

Read more

മാര്‍ക്കറ്റില്‍ മറ്റൊരു രസകരമായ സ്ഥിതിയുണ്ട്. ഒരു സ്‌കീം ഒന്നുരണ്ട് വര്‍ഷം മികച്ച പെര്‍ഫോമെന്‍സ് കാഴ്ചവെച്ചാല്‍ കൂടുതല്‍ നിക്ഷേപകര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും പണം നിക്ഷേപിക്കുകയും ചെയ്യും. ഇത് സ്‌കീമിന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് ഉയരാനിടയാക്കും. ചില സമയത്ത് ചില കാറ്റഗറിയില്‍ മ്യൂച്വല്‍ ഫണ്ടിന്റെ വലുപ്പം ഫണ്ട് മാനേജറെ സംബന്ധിച്ച് പ്രശ്നമായി വരാം. ചെറിയൊരു കാറാണെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പം മാനേജ് ചെയ്തുകൊണ്ടുപോകാനാവും, വലിയ ട്രക്കിന്റെ കാര്യം അത്ര എളുപ്പമല്ല. അതുപോലെയാണ് ഫണ്ടുകളുടെ സ്ഥിതിയും.