ഉയർന്ന ഇന്ധനക്ഷമതയുള്ള പുത്തൻ മോഡലുകൾ വിപണിയിലേക്ക് കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് മുഖ്യധാരാ വാഹന നിർമ്മാതാക്കൾ. ഇതോടെ ഇന്ത്യയിലെ എസ്‌യുവി മേഖലയിൽ പല സെഗ്‌മെന്റുകളിലും ഒരു ഹൈബ്രിഡ് നവീകരണം തന്നെ ഉണ്ടാകും എന്ന് ഉറപ്പാണ്. വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും കർശനമായ എമിഷൻ മാനദണ്ഡങ്ങളും കാരണമാണ് ഹൈബ്രിഡ് ഓപ്ഷനുകളിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ഹൈ വോളിയം യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ പരിസ്ഥിതി സൗഹൃദ പവർട്രെയിനുകളിലേക്കുള്ള ഒരു പ്രധാന മാറ്റത്തെ കൂടെയാണ് ഇത് സൂചിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഹൈബ്രിഡ് എസ്‌യുവികൾ നോക്കാം…
പുതുതലമുറ കിയ സെൽറ്റോസ്:
2026ന്റെ തുടക്കത്തിൽ പുതുതലമുറ സെൽറ്റോസിനെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ. ആ വർഷം അവസാനത്തോടെ ഇന്ത്യയിൽ വാഹനം ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന മോഡലിൽ കൂടുതൽ അഗ്രസ്സീവായ ഡിസൈൻ ഭാഷ, പുതുക്കിയ ക്യാബിൻ, നവീകരിച്ച സാങ്കേതികവിദ്യ എന്നിവ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഹൈബ്രിഡ് പെട്രോൾ പവർട്രെയിൻ ഭാഗമാകാനും സാധ്യതയുണ്ട്.
ഹോണ്ട ZR-V ഹൈബ്രിഡ്:
കുറച്ചു മുൻപ് ഇന്ത്യയിൽ നടന്ന ഒരു ഡീലർ പരിപാടിയിൽ ഹോണ്ട ZR-V ഹൈബ്രിഡ് പ്രദർശിപ്പിച്ചിരുന്നു. ഇത് ലോഞ്ചിന്റെ സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അന്താരാഷ്ട്രതലത്തിൽ, 181 bhp കരുത്തും 315 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ 4 സിലിണ്ടർ ഹൈബ്രിഡ് പെട്രോൾ മോട്ടോറാണ് ZR-V-ക്ക് കരുത്ത് പകരുന്നത്. ഇത് ഇന്ത്യയിൽ എത്തിയാൽ വളർന്നു വരുന്ന ഹൈബ്രിഡ് എസ്‌യുവി വിഭാഗത്തിൽ മത്സരം വർദ്ധിപ്പിച്ചേക്കാം.
അടുത്ത തലമുറ ഹ്യുണ്ടായ് ക്രെറ്റ, 7 സീറ്റർ എസ്‌യുവി:
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഹ്യുണ്ടായ് പുതിയ തലമുറ ക്രെറ്റ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തലേഗാവ് പ്ലാന്റിൽ നിർമ്മിക്കുന്ന കമ്പനിയുടെ വരാനിരിക്കുന്ന പ്രീമിയം 7 സീറ്റർ എസ്‌യുവിയിൽ നിന്ന് ഉരുത്തിരിഞ്ഞ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു പെട്രോൾ-ഹൈബ്രിഡ് പതിപ്പും പദ്ധതിയിലുണ്ട്. അൽകസാർ ട്യൂസണിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇത് ബ്രാൻഡിന്റെ എസ്‌യുവി ശ്രേണി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇനി ശ്രദ്ധ കേന്ദ്രീകരിക്കും.
പുതിയ മാരുതി സുസുക്കി എസ്‌യുവിയും ഫ്രോങ്ക്സ് ഹൈബ്രിഡും:
ഈ അടുത്ത തന്നെ പുറത്തിറക്കുമെന്ന സൂചന നൽകി ആഗോളതലത്തിൽ വിൽക്കുന്ന ഡിസയർ ഹൈബ്രിഡിന്റെ അതേ സ്മാർട്ട് ഹൈബ്രിഡ് ഉപയോഗിച്ചിരിക്കാൻ സാധ്യതയുള്ള ഹൈബ്രിഡ് ബാഡ്ജ് ഘടിപ്പിച്ച ഒരു മാരുതി സുസുക്കി ഫ്രോങ്ക്സ് പ്രോട്ടോടൈപ്പ് അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ കണ്ടിരുന്നു. അതേസമയം, വരാനിരിക്കുന്ന ഇ വിറ്റാരയിൽ നിന്ന് സ്റ്റൈലിംഗ് കടമെടുത്ത ഒരു പുതിയ എസ്‌യുവിയുടെ പരീക്ഷണ മോഡലും കണ്ടെത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നുത്. പക്ഷേ ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുമോ ഇല്ലയോ എന്നത് വ്യക്തമല്ല.
ടൊയോട്ട ഫോർച്യൂണർ MHEV, 7-സീറ്റർ ഹൈറൈഡർ:
വിദേശ വിപണികളിൽ 2.8 ലിറ്റർ GD ഡീസൽ എഞ്ചിനുമായി മെച്ചപ്പെട്ട ഇന്ധനക്ഷമതാ സാങ്കേതികവിദ്യയും കുറഞ്ഞ മലിനീകരണവും ഉൾപ്പെടുന്ന ഫോർച്യൂണർ മൈൽഡ്-ഹൈബ്രിഡ് ടൊയോട്ട ഉടൻ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഒരു ഫുൾ ജനറേഷൻ ഷിഫ്റ്റിന് ഒരുങ്ങുകയാണ് വരാനിരിക്കുന്ന അർബൻ ക്രൂയിസർ ഹൈറൈഡർ. അടുത്ത തലമുറ ഗ്രാൻഡ് വിറ്റാരയുമായി അതിന്റെ അടിസ്ഥാനങ്ങൾ പങ്കിടാനും പുതുക്കിയ ഡിസൈൻ സൂചനകളും അധിക സവിശേഷതകളും ലഭിക്കാനും സാധ്യതയുണ്ട്.