ഇന്ത്യ പോലെ ബഹുഭൂരിപക്ഷം ആളുകളും സാധാരണക്കാരായ രാജ്യത്തുള്ള ഒരാൾ വാഹനം വാങ്ങുമ്പോൾ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഇന്ധനക്ഷമതയാണ്. ഇക്കാരണം കൊണ്ടുതന്നെ പോക്കറ്റ് കാലിയാകാതെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന കമ്മ്യൂട്ടർ ബൈക്കുകൾക്ക് ഇന്നും ഇന്ത്യയിൽ വൻ ഡിമാൻഡാണ്. 100 -110 സിസി സെഗ്മെന്റിൽ വരുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളാണ് ഇന്ത്യൻ ഇരുചക്ര വാഹന വിപണി ഇന്നും ഭരിക്കുന്നത്.
ഒരു കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വാങ്ങാൻ പദ്ധതിയിടുന്നവരാണെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മികച്ച 4 ബൈക്കുകൾ വാങ്ങാം. ഹീറോ, ബജാജ്, ടിവിഎസ്, ഹോണ്ട എന്നിങ്ങനെ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളുടെ ബൈക്കുകൾ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഹീറോയുടെ കൾട്ട് ക്ലാസിക് മോഡലായ ഹീറോ സ്പ്ലെൻഡർ പ്ലസ് ആണ് പട്ടികയിൽ ആദ്യത്തേത്. ഏകദേശം 30 വർഷം മുൻപാണ് ഈ ബൈക്ക് പുറത്തിറങ്ങിയത്. പുതിയ ബൈക്കുകളിൽ നിന്നും സ്‌കൂട്ടറുകളിൽ നിന്നും ഉയർന്ന വെല്ലുവിളികളെ അതിജീവിച്ച സ്‌പ്ലെൻഡർ ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടൂവീലർ എന്ന പദവിയിൽ തുടരുകയാണ്. 97.2 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഈ എഞ്ചിൻ 7.91 ബിഎച്ച്പി പവറും 8.05 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. ലിറ്ററിന് 80 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഹീറോ സ്പ്ലെൻഡർ പ്ലസ് ബൈക്കിന് 74,485 മുതൽ 78,250 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
രാജ്യത്ത് ഏറ്റവും ഇന്ധനക്ഷമത നൽകുന്ന മറ്റൊരു ബൈക്കാണ് ബജാജ് പ്ലാറ്റിന. പ്ലാറ്റിനയിൽ 102 സിസി എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 7.79 ബിഎച്ച്പി പവറും 8.30 എൻഎം പീക്ക് ടോർക്കും നൽകാൻ ശേഷിയുള്ളതാണ്. ഈ 100 സിസി കമ്മ്യൂട്ടർ ബൈക്ക് ലിറ്ററിന് 70 കിലോമീറ്റർ ബൈലേജ് നൽകുമെന്നാണ് ബജാജിന്റെ വാഗ്‌ദാനം. 67,808 രൂപ മുതലാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
ടിവിഎസിന്റെ വാഹന നിരയിൽ 110 സിസി വിഭാഗത്തിൽ വിക്ടർ, സ്റ്റാർ സിറ്റി പ്ലസ് എന്നിവയ്ക്ക് പിന്നാലെയെത്തിയ മൂന്നാമനാണ് റേഡിയോൺ. സ്‌പ്ലെൻഡറിന്റെ ആധിപത്യം തകർത്ത് വിഭാഗത്തിൽ നിലയുറപ്പിക്കാനാണ് റേഡിയോണിലൂടെ ടിവിഎസിലൂടെ ശ്രമിച്ചത്. 8 ബിഎച്ച്പി കരുത്തും 8.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 109.7 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് റേഡിയോണിന് കരുത്ത് നൽകുന്നത്. 70 കിലോമീറ്റർ മൈലേജ് ആണ് ഈ ബൈക്ക് നൽകുക. 62,405 രൂപ മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്.
Read more
മികച്ച മൈലേജും ലക്ഷം രൂപയിൽ താഴെ വിലയുമുള്ള മോഡലുകളുടെ ലിസ്റ്റിലെ പ്രീമിയം ഉൽപ്പന്നമാണ് ഹോണ്ട ഷൈൻ 125: 10.59 ബിഎച്ച്പി കരുത്തും 11 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 123.9 സിസി എഞ്ചിനാണ് ഷൈനിന് തുടിപ്പ് നൽകുന്നത്. മോട്ടോർസൈക്കിളിന് ഹോണ്ട ലിറ്ററിന് 65 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. 83,600 രൂപ മുതലാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
ജനങ്ങൾ ഏറ്റവും കൂടുതലായി ഷോറൂമുകളിലേക്ക് ആകർഷിക്കപ്പെടുന്ന ഉത്സവ സീസൺ ആയതിനാൽ വാഹന നിർമാതാക്കൾ മികച്ച ഓഫറുകൾ പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്.