നമ്മുടെ രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ് ഇന്ത്യൻ സൈന്യം. പ്രതിരോധ ആവശ്യങ്ങൾക്കായി സൈന്യം നിരവധി കാറുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള 10 കാറുകൾ നോക്കാം…
ഫോഴ്‌സ് ഗൂർഖ: 2025 മാർച്ചിലാണ് ഫോഴ്‌സ് ഗൂർഖയെ ഇന്ത്യൻ പ്രതിരോധ സേനയിലേക്ക് ഔദ്യോഗികമായി ചേർത്തത്. 2978 യൂണിറ്റ് ഫോഴ്‌സ് ഗൂർഖകളുടെ ഓർഡർ ആണ് ഇന്ത്യൻ പ്രതിരോധ സേന രജിസ്റ്റർ ചെയ്തത്. ഏത് ഭൂപ്രദേശത്തെയും നേരിടാൻ കഴിയുന്ന കരുത്തുറ്റതും കഴിവുള്ളതുമായ ഈ എസ്‌യുവി ശക്തമായ നിർമ്മാണ നിലവാരമുള്ള ഏറ്റവും വിശ്വസനീയമായ എസ്‌യുവികളിൽ ഒന്നുകൂടിയാണ്.
ടൊയോട്ട ഹൈലക്സ്: 2023 ജൂലൈയിൽ രണ്ട് മാസത്തെ കഠിനമായ പരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യത്തിന് ടൊയോട്ട ഹൈലക്‌സുകളുടെ ഒരു കൂട്ടം തന്നെയാണ് കൈ മാറിയത്. വലിയ ഭാരങ്ങൾ താങ്ങാനും വലിച്ചു കൊണ്ടുപോകാനും കഴിയുന്ന ഏറ്റവും കഴിവുള്ള ഓഫ്-റോഡ് വാഹനങ്ങളിൽ ഒന്നാണ് ഹൈലക്സ്. എല്ലാ തരം ഭൂപ്രദേശങ്ങളിലും വിവിധ കാലാവസ്ഥകളിലും ഇത് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇത് ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാൻ അനുയോജ്യമാക്കുന്നു.
മാരുതി ജിപ്സി: ഇന്ത്യൻ സൈന്യത്തിന്റെ കാർ നിരയിൽ വർഷങ്ങളായി സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന ഒരു ഐതിഹാസിക എസ്‌യുവിയാണ് മാരുതി ജിപ്‌സി. ജിപ്‌സിയുടെ 35,000-ത്തിലധികം യൂണിറ്റുകൾ ഇന്ത്യൻ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നുമുണ്ട്. 1991-ലാണ് സൈന്യം ജിപ്‌സി ഉപയോഗിക്കാൻ തുടങ്ങിയത്. കരുത്ത്, വിശ്വാസ്യത, എല്ലാ ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാനുള്ള കഴിവ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.
അറ്റോർ N1200: വളരെയധികം കഴിവുള്ള ഒരു ഓൾ-ടെറൈൻ വാഹനമാണ് അറ്റോർ N1200. നദികളിലൂടെയും കുളങ്ങളിലൂടെയും എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്നതിനാൽ ആംഫിബിയസ് കഴിവുകൾക്ക് പേരുകേട്ടതാണ് അറ്റോർ N1200. മഞ്ഞ്, മണ്ണ്, ജലാശയങ്ങൾ എന്നിങ്ങനെ മറ്റ് വാഹനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത ഇടങ്ങളിലെല്ലാം ഈ ഓൾ-ടെറൈൻ വാഹനത്തിന് നേരിടാൻ കഴിയും.
ടാറ്റ സെനോൺ: ഇന്ത്യൻ സൈന്യം ടാറ്റ സെനോണിന്റെ ഡബിൾ-കാബ് പതിപ്പും ഉപയോഗിച്ചിട്ടുണ്ട്. വിശ്വസനീയവും, കരുത്തുറ്റതും, പരുക്കൻ സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ളതുമായതിനാൽ ഈ 4×4 പിക്കപ്പ് ട്രക്ക് ഒരു സപ്ലൈ കാരിയറായാണ് ഉപയോഗിച്ചത്. സാധനങ്ങളും ആളുകളെയും കൊണ്ടുപോകുന്നതിനാണ് സൈന്യം പ്രധാനമായും സെനോൺ ഉപയോഗിച്ചിരുന്നത്.
മഹീന്ദ്ര മാർക്ക്സ്മാൻ: ഇന്ത്യൻ സൈന്യവുമായി സഹകരിച്ചാണ് മഹീന്ദ്ര മാർക്ക്സ്മാൻ എന്ന ലൈറ്റ് ആർമർഡ് പേഴ്‌സണൽ കാരിയർ വികസിപ്പിച്ചെടുത്തത്. അർദ്ധസൈനിക സേനകൾ, പോലീസ് ഉദ്യോഗസ്ഥർ, കോൺവോയ് പ്രൊട്ടക്ഷൻ ടീമുകൾ എന്നിവ വിവിധ സുരക്ഷാ പ്രവർത്തനങ്ങൾക്കായാണ് ഈ എസ്‌യുവി ഉപയോഗിക്കുന്നത്. റൈഫിൾ ഫയറിനെയും ഗ്രനേഡ് ആക്രമണങ്ങളെയും പോലും നേരിടാൻ കഴിയുന്ന തരത്തിലാണ് ഡെവലപ്പർമാർ ഇത് രൂപകൽപ്പന ചെയ്തത്. ബാലിസ്റ്റിക് സംരക്ഷണം, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, റിമോട്ട് കൺട്രോൾ വെപ്പൺ സിസ്റ്റം എന്നിവ ഇതിൽ സജ്ജീകരിച്ചിരുന്നു.
മഹീന്ദ്ര സ്കോർപിയോ ക്ലാസിക്: തെരുവുകളിൽ കാണാൻ കഴിയുന്ന ഏറ്റവും ഉയർന്ന ശേഷിയുള്ള 4WD എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്ര സ്കോർപിയോ. 2023-ൽ ഇന്ത്യൻ സൈന്യം 1850 യൂണിറ്റ് സ്കോർപിയോ ക്ലാസിക്കുകൾ സ്വന്തമാക്കിയിരുന്നു. അതേസമയം സൈന്യത്തിന്റെ പക്കൽ ഇതിനകം 1470 യൂണിറ്റുകൾ ഉണ്ടായിരുന്നു. വളരെ കരുത്തുറ്റ ഓഫ്-റോഡ് എസ്‌യുവിയാണ് സ്കോർപിയോ ക്ലാസിക്.
മഹീന്ദ്ര അർമാഡോ: ഇന്ത്യൻ സൈന്യത്തിനും പ്രത്യേക സേനയ്ക്കുമായി മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഒരു ആർമേർഡ് ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ (ALSV) ആണ് അർമാഡോ. ഈ എസ്‌യുവിക്ക് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, സ്ഫോടന പ്രതിരോധശേഷിയുള്ള ഫ്ലോർ, STANAG ലെവൽ 2 വരെ ബാലിസ്റ്റിക് സംരക്ഷണം എന്നിവയുണ്ട്. സംരക്ഷണം ഏറെ ലഭിക്കുന്ന ഏറ്റവും കരുത്തുറ്റ വാഹനങ്ങളിൽ ഒന്നാണിത്. അതിർത്തിയിലെ സുരക്ഷാ പട്രോളിംഗ്, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, പ്രത്യേക സേനാ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഇത് ഉപയോഗിക്കുന്നു.
ടാറ്റ സഫാരി GS800: സഫാരി സ്റ്റോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ടാറ്റ സഫാരി GS800. കരുത്തുറ്റതും വിശ്വാസ്യതയും കൊണ്ട് പേരുകേട്ടതും ഏറ്റവും മികച്ച ഓഫ്-റോഡ് വാഹനങ്ങളിൽ ഒന്നു കൂടിയാണിത്. സൈനികർക്കുള്ള ഗതാഗതം, നിരീക്ഷണം, എല്ലാത്തരം ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്ര എന്നിവയ്ക്കായാണ് സഫാരി GS800 ഉപയോഗിച്ചിരുന്നത്.
മാരുതി സുസുക്കി ജിംനി: ഒരു മികച്ച ഓഫ്-റോഡ് വാഹനമാണ് മാരുതി ജിംനി. പട്രോളിംഗിനും അതിർത്തിയിൽ കാവലിനുമായി ഇന്ത്യൻ സൈന്യം ജിംനിയുടെ 60 യൂണിറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിഹാസ മോഡലായ മാരുതി ജിപ്‌സിയുടെ പിൻഗാമിയാണ് ജിംനി. കുറച്ച് ആധുനിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും അതേ ഫോർമുല തന്നെയാണ് ഇതിലും നിലനിർത്തുന്നത്. ഭാരക്കുറവിനും ഊർജ്ജസ്വലതയ്ക്കും പേരുകേട്ട ജിംനി മിക്ക ഭൂപ്രദേശങ്ങളിലൂടെയും തടസ്സങ്ങളിലൂടെയും എളുപ്പത്തിൽ സഞ്ചരിക്കുന്നു. ലേ, അരുണാചൽ പ്രദേശ് എന്നീ അതിർത്തി പ്രദേശങ്ങളിൽ പട്രോളിംഗ് നടത്താൻ ഇന്ത്യൻ സൈന്യം ജിംനിയെ ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിന് നൽകിയിട്ടുണ്ട്.