ഇന്ത്യയിൽ ഇവികൾ പ്രചാരത്തിലായതോടെ സുരക്ഷയ്ക്കും ഇപ്പോൾ ഉപഭോക്താക്കൾ ഉയർന്ന മുൻഗണന കൊടുത്തു തുടങ്ങിയിട്ടുണ്ട്. വിപണിയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഭാരത് NCAP ക്രാഷ് ടെസ്റ്റുകൾ വഴി അറിയാൻ സാധിക്കും. സുരക്ഷിതവും വിശ്വസനീയവുമായ ഒരു ഇലക്ട്രിക് കാർ ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഭാരത് NCAP സുരക്ഷാറേറ്റിംഗുകൾ അനുസരിച്ചുള്ള ഏറ്റവും മികച്ച റേറ്റിംഗുള്ള മോഡലുകൾ നോക്കാം. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാറുകൾ നോക്കാം…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് ടാറ്റ നെക്‌സോൺ ഇവി. കഴിഞ്ഞ വർഷം ആദ്യം ഭാരത് NCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ ടാറ്റ നെക്സോൺ ഇവിക്ക് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു. ഭാരത് NCAP രൂപീകരിച്ചതിനുശേഷം ക്രാഷ് ടെസ്റ്റിംഗിന് വിധേയമായ ആദ്യത്തെ EV-കളിൽ ഒന്നായിരുന്നു ടാറ്റ നെക്‌സോൺ ഇവി. ചൈൽഡ് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 49 പോയിന്റിൽ 44. 83 പോയിന്റും അഡൾട്ട് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 32 പോയിന്റിൽ 30. 81 പോയിന്റും ഇലക്ട്രിക് എസ്‌യുവിക്ക് ലഭിച്ചിരുന്നു.
ലിസ്റ്റിൽ മഹീന്ദ്ര XUV 400 ഇലക്ട്രിക് എസ്‌യുവിയും ഉൾപ്പെടുന്നുണ്ട്. മഹീന്ദ്ര XUV 400 ഇവിയുടെ ക്രാഷ് ടെസ്റ്റുകൾ ഭാരത് NCAP നടത്തിയിരുന്നു. മഹീന്ദ്ര XUV 400 ഇവിക്ക് അഡൾട്ട് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 32 ൽ 30.38 പോയിന്റും ചൈൽഡ് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 49 ൽ 43 പോർട്ടും നേടി 5 സ്റ്റാർ സേഫ്റ്റി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവയാണ് ഈ എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകൾ.
ആഭ്യന്തര ഓട്ടോ ഭീമനായ ടാറ്റയുടെ പ്രീമിയർ ഇലക്ട്രിക് വാഹനമായ ടാറ്റ കർവ്വ് ഇവി, ടാറ്റ കർവ്വ് ഐസിഇയ്‌ക്കൊപ്പം പരീക്ഷിച്ചിരുന്നു. 2024 ഒക്ടോബറിൽ നടന്ന ക്രാഷ് ടെസ്റ്റിൽ ഭാരത് NCAP-ൽ നിന്ന് ടാറ്റ കർവ്വ് ഇവിയ്ക്ക് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു. അഡൾട്ട് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 32-ൽ 30.81 പോയിന്റും ചൈൽഡ് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 49-ൽ 44.83 പോയിന്റും ലഭിച്ചു. ആറ് എയർബാഗുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് പോലുള്ള ADAS സാങ്കേതികവിദ്യകളും ഇലക്ട്രിക് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ലഭിക്കും.
മഹീന്ദ്രയ്ക്ക് പുറമേ ടാറ്റ മോട്ടോഴ്‌സും ഈ രംഗത്ത് വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മികച്ച ഫൈവ്-സ്റ്റാർ റേറ്റിംഗ് ലഭിച്ച മറ്റൊരു ഇലക്ട്രിക് വാഹനമാണ് ടാറ്റ പഞ്ച് ഇവി. 2024 ജൂണിൽ നടന്ന ക്രാഷ് ടെസ്റ്റിൽ, ഇലക്ട്രിക് എസ്‌യുവിക്ക് ചൈൽഡ് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 49-ൽ 45 പോയിന്റും അഡൾട്ട് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 32-ൽ 31.46 പോയിന്റുമാണ് പഞ്ച് ഇവി നേടിയത്. 360-ഡിഗ്രി ക്യാമറ, ഹിൽ ക്ലൈമ്പ്‍ അസിസ്റ്റ് സിസ്റ്റം, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകൾ ടാറ്റ പഞ്ച് ഇവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
XEV 9e യ്‌ക്കൊപ്പം പുറത്തിറക്കിയ മറ്റൊരു ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര BE 6. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചു. അഡൾട്ട് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ ഇലക്ട്രിക് എസ്‌യുവിക്ക് 32 പോയിന്റിൽ 31.97 പോയിന്റും ചൈൽഡ് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 49 ൽ 45 പോയിന്റും നേടി. XEV 9e പോലെ, മഹീന്ദ്ര BE 6നും ലെവൽ 2 ADAS സിസ്റ്റവും ഏഴ് എയർബാഗുകളും ഉണ്ട്.
ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ ഇവി മോഡലുകളിൽ ഒന്നാണ് മഹീന്ദ്ര XEV 9e. ഇന്ത്യയിൽ, XEV 9e ഇലക്ട്രിക് എസ്‌യുവി അടുത്തിടെയാൻ അവതരിപ്പിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ അഡൾട്ട് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 32ൽ 32 പോയിന്റ് നേടിയ ആദ്യത്തെ വാഹനമായി മഹീന്ദ്ര XEV 9e മാറി. 49 പോയിന്റിൽ 45 പോയിന്റ് നേടി, ചൈൽഡ് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 5 സ്റ്റാർ സർട്ടിഫിക്കേഷൻ ഈ ഇലക്ട്രിക് എസ്‌യുവി നേടിയിട്ടുണ്ട്. മഹീന്ദ്ര XEV 9e-യിൽ ഏഴ് എയർബാഗുകളും ലെവൽ 2 ADAS സിസ്റ്റവും ഉണ്ട്.