25 വർഷത്തിനിടെ പുറത്തിറക്കിയത് 50 ലക്ഷം കാറുകൾ ! ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോർസ്

50 ലക്ഷം കാറുകൾ പുറത്തിറക്കി ചരിത്ര നേട്ടം കുറിച്ചിരിക്കുമാകയാണ് ടാറ്റ മോട്ടോർസ്. 1998 ലാണ് ടാറ്റ മോട്ടോർസ് പാസഞ്ചർ കാർ വിപണിയിലേക്ക് കാലെടുത്ത് വച്ചത്. അന്നുമുതൽ രാജ്യത്ത് പല ജനപ്രിയ ബ്രാൻഡുകളും ടാറ്റ മോട്ടേഴ്സ് അവതരിപ്പിച്ചിരുന്നു. മികച്ച സുരക്ഷയിലൂടെ ആളുകളെ കൈയിലെടുത്ത ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളാണ്. 25 വർഷം കൊണ്ട് 50 ലക്ഷം വാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളോടെയാണ് ’50 ലക്ഷം വാഹനങ്ങൾ’ എന്ന നേട്ടം ആഘോഷിച്ചത്.

ടാറ്റ മോട്ടോർസിന്റെ പുതിയ കാറുകളും എസ്‌യുവികളും ഉപയോഗിച്ച് 50 ലക്ഷം എന്ന ആകൃതി തീർത്തായിരുന്നു കമ്പനി ജീവനക്കാരുടെ ആഘോഷം. മാത്രമല്ല, ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി ടാറ്റ കമ്പനി ആഘോഷ പ്രചാരണം നടത്തുമെന്നാണ് റിപ്പോർട്ട്. ഈ മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ കമ്പനിയുടെ ഫാക്ടറികളിലും പ്രാദേശിക ഓഫീസുകളിലും തുടരും. ക്യാമ്പയിനിൽ കമ്പനി ഡീലർഷിപ്പുകളും സെയിൽസ് ഔട്ട്‌ലെറ്റുകളും പുതുക്കും.

1998ൽ പാസഞ്ചർ കാർ വിപണിയിൽ തുടക്കം കുറിച്ച ടാറ്റ മോട്ടോർസ് 2004ൽ 10 ലക്ഷം കാറുകളുടെ വിൽപന പൂർത്തീകരിച്ചിരുന്നു. 2010 ല്‍ 20 ലക്ഷം വിൽപനയും 2015 ൽ 30 ലക്ഷം വിൽപനയും 2020 ൽ 40 ലക്ഷം വിൽപനയും കൈവരിച്ചു എന്ന പ്രത്യേകതയും ടാറ്റ മോട്ടോഴ്സിനുണ്ട്. കാറുകളുടെ ജനപ്രീതിയും വർദ്ധിച്ചുവരുന്ന ഉപഭോക്താളുമാണ് 50 ലക്ഷം കാറുകൾ എന്നത് പൂർത്തീകരിക്കാൻ സഹായിച്ചത് എന്ന് ടാറ്റ മോട്ടോർസ് അധികൃതർ പറഞ്ഞു. ടാറ്റ മോട്ടോർസിൻെറ ചരിത്രത്തിലെ തന്നെ ഒരു ആഘോഷ നിമിഷമാണിതെന്ന് ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസിൻെറയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. പുതിയ നാഴികക്കല്ലുകൾ താണ്ടിയുള്ള ടാറ്റ മോട്ടോർസിൻെറ യാത്ര, ഉയർച്ചകളിലൂടെയും താഴ്ചകളിലൂടെയും ആയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാസഞ്ചർ കാറുകൾ കൂടാതെ ട്രക്കുകൾ, വാനുകൾ, കോച്ചുകൾ, ബസുകൾ എന്നിവയും കമ്പനി നിർമ്മിക്കുന്നുണ്ട് 1945ലാണ് കമ്പനി സ്ഥാപിച്ചത്. മുമ്പ് ടാറ്റ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് എന്നായിരുന്നു കമ്പനി അറിയപ്പെട്ടിരുന്നത്. 1954 ലാണ് കമ്പനിയുടെ ആദ്യ വാണിജ്യ വാഹനം പുറത്തിറക്കുന്നത്. വിപണിയിൽ ടാറ്റ ഏത് വാഹനം ഇറക്കിയാലും ജനങ്ങൾക്കിടയിൽ അത് ഹിറ്റാകാറുണ്ട്. 50 ലക്ഷം കാറുകൾ പുറത്തിറക്കി ചരിത്രം കുറിച്ച ടാറ്റ മോട്ടോർസിന്റെ ടിയാഗോ, ടിഗോർ, പഞ്ച്, ആൾട്രോസ്, നെക്സോൺ, ഹാരിയർ, സഫാരി എന്നീ മോഡലുകളാണ് ഇപ്പോൾ വാഹനവിപണിയിൽ ഇടം പിടിച്ചിരിക്കുന്നത്. കൂടാതെ ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി തുടങ്ങീ മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ബ്രാൻഡ് വിപണിയിൽ അണിനിരത്തിയിട്ടുണ്ട്.

Read more

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിരതയാർന്ന വിൽപ്പനയാണ് ടാറ്റ നേടിക്കൊണ്ടിരിക്കുന്നത്. ടിയാഗോയിലൂടെയാണ് ടാറ്റയുടെ മുഖം മാറിയതെന്നും പറയാം. ഇതുകൂടാതെ ടിഗോർ, നെക്സോൺ എന്നിവ കൂടെ ഹിറ്റായതോടെ രാജ്യത്തെ മുൻനിര ബ്രാൻഡായി വളരാൻ ടാറ്റ മോട്ടോർസിന് സാധിച്ചു. പരമ്പരാഗത വാഹനങ്ങൾ കൂടാതെ ഇലക്ട്രിക് കാറുകളുടെ ഒരു വലിയ നിര തന്നെയാണ് ടാറ്റയുടെ അണിയറയിൽ ഒരുങ്ങുന്നത്. 2025-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ നിരയില്‍ പത്ത് വാഹനങ്ങൾ വിപണിയിലെത്തുമെന്ന ഉറപ്പും ടാറ്റ നൽകി കഴിഞ്ഞു. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളില്‍ 90 ശതമാനം വിപണിവിഹിതവും ടാറ്റയുടെ കൈയില്‍ സുരക്ഷിയ്‌തമായതിനാൽ പുതിയ മോഡലുകളിലൂടെ ഇവ നിലനിർത്താനും ടാറ്റയ്ക്കാവും എന്നാണ് വിലയിരുത്തൽ.