40 വര്‍ഷം, വിറ്റഴിച്ചത് 2.5 കോടി വാഹനങ്ങള്‍; ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വിറ്റ കമ്പനിയെന്ന നേട്ടത്തില്‍ മാരുതി സുസുക്കി

40ാം വയസിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വിറ്റ കമ്പനിയെന്ന നേട്ടത്തിലാണ് മാരുതി സുസുക്കിയുടെ പേര് എഴുതപ്പെട്ടിരിക്കുന്നത്. 1983 ഡിസംബര്‍ മുതല്‍ 2023 വരെയുള്ള കാലയളവില്‍ 25 മില്ല്യണ്‍ (2.5 കോടി) വാഹനങ്ങളാണ് സുസുക്കി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്.

2023 ജനുവരി ഒമ്പതിനാണ് മാരുതി സുസുക്കി 2.5 കോടി എന്ന മാജിക് നമ്പര്‍ മറികടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി 800-ല്‍ ആരംഭിച്ച മാരുതിയുടെ വാഹന നിരയില്‍ ഇപ്പോള്‍ 17 വാഹനങ്ങളാണുള്ളത്. 2022-ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണിയുടെ 42 ശതമാനവും കൈയാളുന്നത് മാരുതി സുസുക്കിയാണ്.

മാരുതിയുടെ വില്‍പ്പന നേട്ടത്തില്‍ പ്രധാന പങ്കും വഹിച്ചിരിക്കുന്നത് സെലേറിയോ, വാഗണ്‍ആര്‍, ഇഗ്‌നീസ്, സ്വിഫ്റ്റ്, ബലേനൊ എന്നീ മോഡലുകള്‍ അടങ്ങുന്ന ചെറുകാര്‍ ശ്രേണിയാണ്. മൊത്തവില്‍പ്പനയുടെ 55 ശതമാനവും ഇവരുടെ സംഭാവനയാണ്.

Read more

2022-ല്‍ മാത്രം 15 ലക്ഷത്തില്‍ അധികം വാഹനങ്ങളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചിരിക്കുന്നത്. 15 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ലും കമ്പനി മികച്ച തുടക്കാണ് നടത്തിയിരിക്കുന്നത്. 2022 ജനുവരിയില്‍ വിറ്റ 1,28,924 യൂണിറ്റുകളില്‍ നിന്ന് 14.29 ശതമാനം വര്‍ദ്ധനയോടെ 1,47,348 യൂണിറ്റുകളാണ് 2023 ജനുവരിയിലെ മാരുതിയുടെ പാസഞ്ചര്‍ വാഹന വില്‍പ്പന.