ഡ്രൈവിംഗ് സുരക്ഷ ഏറ്റവും കുറഞ്ഞ രാജ്യം; ഇന്ത്യ അഞ്ചാമത്

ഡ്രൈവിംഗ് സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാമത്. യുഎസിലെ ഡ്രൈവേഴ്‌സ് എജ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമായ സുട്ടോബി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഈ പഠനമനുസരിച്ച്, ഡ്രൈവിംഗിന് ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം ദക്ഷിണാഫ്രിക്കയാണ്.

10 ല്‍ 3.41 മാര്‍ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇവിടെ ആകെ ജനസംഖ്യയുടെ 31 ശതമാനം ആളുകള്‍ മാത്രമാണ് ഇവിടെ സീറ്റ് ബല്‍റ്റ് ധരിക്കുന്നത്. പട്ടികയില്‍ രണ്ടാമത് തായ്ലന്‍ഡാണ്. 10 ല്‍ 4.35 മാര്‍ക്കാണ് ഈ രാജ്യം നേടിയത്. 40 ശതമാനം ആളുകള്‍ മാത്രമാണ് ഇവിടെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത്.

സുരക്ഷ കുറവുള്ള മൂന്നാം രാജ്യം യുഎസാണ്. ഇവിടെ 90.1 ശതമാനം ആളുകള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ തയാറാകുന്നു. പക്ഷേ 29 ശതമാനം അപകടങ്ങള്‍ മദ്യപിച്ച് വാഹനം ഒാടിക്കുന്നതിലൂടെ സംഭവിക്കുന്നു. നാലാം സ്ഥാനത്ത് അര്‍ജന്റീനയാണ്. 40.8 ശതമാനം ആള്‍ക്കാര്‍ മാത്രമാണ് ഇവിടെ സീറ്റ് ബല്‍റ്റ് ധരിക്കുന്നത്. മദ്യപിച്ച് വാഹനം ഒാടിക്കുന്നതിലൂടെ 17 ശതമാനം അപകടങ്ങള്‍ ഇവിടെ സംഭവിക്കുന്നു.

അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 10 ല്‍ 5.48 പോയിന്റാണ് ലഭിച്ചത്. 7.3 ശതമാനം ആളുകള്‍ മാത്രമാണ് മുന്‍സീറ്റുകളില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത്. അപകടങ്ങളില്‍ 4.1 ശതമാനം മദ്യപിച്ചു വണ്ടിയോടിക്കുന്നതുമൂലം ഉണ്ടാകുന്നവയാണ്.

ലോകത്തില്‍ ഡ്രൈവിംഗിന് ഏറ്റവും സുരക്ഷിതമായ രാജ്യം നോര്‍വേയാണ്. 95.2 ശതമാനം ആളുകളും ഇവിടെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നു. ഐസ്‌ലാന്‍ഡ്, എസ്റ്റോണിയ, ജപ്പാന്‍, മോള്‍ഡോവ എന്നീ രാജ്യങ്ങളാണ് യഥാക്രമം അടുത്തടുത്ത സ്ഥാനങ്ങളില്‍.