2028 ഓടെ 6 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായ്

2028 ഓടെ ഇന്‍ഫ്രാ ചാര്‍ജിംഗില്‍ ഊന്നിയ പുത്തന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലിറക്കാന്‍ ഒരുങ്ങി ഹ്യുണ്ടായ്.6 പുതിയ ഇവികള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ പുതിയ മോഡലുകള്‍ക്കായും രാജ്യത്ത് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുമായി 4,000 കോടി രൂപ നിക്ഷേപിക്കുമെന്നും ഹ്യുണ്ടായ് വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ ഹ്യുണ്ടായ് ഇവികള്‍ ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ചെടുക്കാനും അത് ആഗോള വിപണികളിലേയ്ക്കു കൂടി അവതരിപ്പിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. പ്രാദേശിക ഉല്‍പ്പാദന സംയോജനത്തില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ (ബിഇവി) സ്വീകരിക്കുന്നതിന് പരിഷ്‌കരിച്ച പ്ലാറ്റ്ഫോമുകള്‍ക്കൊപ്പം ആഗോളതലത്തില്‍ പ്രശംസ നേടിയ ഇ-ജിഎംപി മോഡുലാര്‍ പ്ലാറ്റ്ഫോമും ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിക്കും.

കമ്പനി പറയുന്നതനുസരിച്ച്, ബിഇവികള്‍ക്കായുള്ള നിര്‍മ്മാണ സിനര്‍ജികളുടെ പ്രാദേശികവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്,ഇന്ത്യയിലെ വൈദ്യുതീകരണ ആവാസവ്യവസ്ഥയിലേക്ക് ജീവന്‍ പകരുന്ന ഒരു കോണ്‍ക്രീറ്റ് ബിഇവി റോഡ്മാപ്പ് വികസിപ്പിക്കുന്നതിന് ഹ്യൂണ്ടായ് പ്രവര്‍ത്തിക്കും. 77.4 കെ ഡബ്യു എച്ച് വരെയുള്ള വലിയ ബാറ്ററി കപ്പാസിറ്റിയും 2ഡബ്യു / 4ഡബ്യു ശേഷിയും ഉള്‍പ്പെടുന്ന ഒന്നിലധികം ബാറ്ററി പായ്ക്കുകള്‍ക്കൊപ്പം 2028-ഓടെ ഒരു എസ്യുവി ഉള്‍പ്പെടെ വ്യത്യസ്ത ബോഡി ശൈലികളിലായിരിക്കും ഹ്യൂണ്ടായ് ബിഇവികള്‍ ഇറക്കുക.

2019-ല്‍ കോന ഇലക്ട്രിക്കയുമായി ഇന്ത്യയിലെ ആദ്യ ഇവി അവതരിപ്പിച്ചത് ഹ്യുണ്ടായ് ആയിരുന്നു. എന്നാല്‍ കോനയിലൂടെ കമ്പനിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.വരാനിരിക്കുന്ന ഈ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഹ്യുണ്ടായ് അതിന്റെ ഇ-ജിഎംപി സമര്‍പ്പിത ബിഇവി പ്ലാറ്റ്ഫോമും കൊണ്ടുവരുമെന്നും, അതില്‍ അടുത്തിടെ പ്രദര്‍ശിപ്പിച്ച ഹ്യുണ്ടായ് അയോണിക് 5 ഇലക്ട്രിക് സെഡാനും പുതിയ തലമുറ ഹ്യൂണ്ടായ് കോന ഇലക്ട്രിക്കും ഉള്‍പ്പെടുമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് വിപുലീകരിക്കാനും ഹ്യുണ്ടായി ശ്രമിക്കുന്നുണ്ട്. തന്ത്രപരമായ സഹകരണത്തോടെ ഇന്ത്യയിലെ ഇവി ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 7.4 കിലോവാട്ട് എസി ഹോം ചാര്‍ജര്‍ നല്‍കുന്നതിന് പുറമെ, നാല് നഗരങ്ങളില്‍ (ഇന്ത്യന്‍ ഓയിലിനൊപ്പം) 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും ഹ്യുണ്ടായ് സ്ഥാപിച്ചിട്ടുണ്ട്.15 നഗരങ്ങളിലെ 108 ഡീലര്‍ഷിപ്പുകളില്‍ എസി ഫാസ്റ്റ് ചാര്‍ജറുകളും സ്ഥാപിച്ചു. ഇവ ഹ്യുണ്ടായ് ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നു. ആറ് നഗരങ്ങളിലെ ഇവി ഉപഭോക്താക്കള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി 24×7 റോഡ് സൈഡ് അസിസ്റ്റന്‍സും പോര്‍ട്ടബിള്‍ ചാര്‍ജിംഗ് സൊല്യൂഷനും കമ്പനി നല്‍കുന്നു.

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇ- ജി എം പി പ്ലാറ്റ്ഫോം ഉപയോഗിച്ച് പരന്ന നിലയും മെലിഞ്ഞ കോക്പിറ്റും ഫ്‌ലെക്‌സിബിളും വിശാലവുമായ ക്യാബിനു മുള്ള വാഹനങ്ങള്‍ വികസിപ്പിക്കാനും ഹ്യുണ്ടായ്ക്ക് പദ്ധതിയുണ്ട്. ഇ-ജിഎംപി പ്ലാറ്റ്ഫോം അതിന്റെ ഇവി തന്ത്രത്തിന്റെ പ്രധാനമായ ഭാഗമാകുമെന്നും 260 കിലോമീറ്റര്‍ വരെ വേഗതയുള്ള കഴിവുകളും 800 കിലോമീറ്റര്‍ റേഞ്ചുമുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ ഇത് വാഹനങ്ങള്‍ക്ക് സഹായകമാകുമെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്എസ് കിം പറഞ്ഞു.

പുതിയ പ്ലാറ്റ്ഫോമിന് കീഴില്‍, ബാറ്ററി, മോട്ടോര്‍, ഇലക്ട്രിക് പവര്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഷാസികള്‍ ഉള്‍ക്കൊള്ളുന്ന ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ ഹ്യുണ്ടായ് വികസിപ്പിക്കും. ഈ EV-കള്‍ മാസ് മാര്‍ക്കറ്റ്, മാസ് പ്രീമിയം എന്നിങ്ങനെ വിവിധ സെഗ്മെന്റുകളില്‍ വ്യാപിക്കുമെന്നും കൂടാതെ ഒരു എസ്‌യുവി, സെഡാന്‍, സിയുവി (കോംപാക്റ്റ് യൂട്ടിലിറ്റി വെഹിക്കിള്‍) എന്നിവ ഉള്‍പ്പെടും എന്നുമാണ് കമ്പനി പറയുന്നത്.