ജാവ 42 ന്റെ പുതിയ അവതാരം എത്തി !

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന് ശക്തരായ എതിരാളികളാണ് ക്ലാസിക് ലെജൻഡ്‌സ്. ഇപ്പോഴിതാ തങ്ങളുടെ 350 സിസി സെഗ്മെന്റ് കൂടുതൽ ആകർഷകമാക്കാനുള്ള നീക്കങ്ങളാണ് ജാവ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജാവ 42 മോട്ടോർ സൈക്കിളിന്റെ പുത്തൻ മോഡലിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. മുൻപുണ്ടായിരുന്ന 42 ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ഇതും പണികഴിപ്പിച്ചിരിക്കുന്നത്. ചില ഗംഭീര മാറ്റങ്ങളും വാഹനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ 42 FJ ലൈനപ്പിലെ ഏറ്റവും ശക്തമായ വേരിയന്റായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കൂടാതെ ജാവ 42, 42 ബോബർ എന്നിവയ്ക്ക് മുകളിലാണ് ഈ മോഡലുള്ളത്. 42 FJ മോഡലിന് ജാവ 42 സ്റ്റാൻഡേർഡിനേക്കാൾ ചെറിയ മാറ്റങ്ങൾ ലഭിക്കുന്നു. വലിയ എഞ്ചിൻ, സ്പോർട്ടിയർ ഡിസൈൻ ഘടകങ്ങൾ, പരിഷ്ക്കരിച്ച മെക്കാനിക്കൽ വിഭാഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഡിസൈനിന്റെ കാര്യത്തിൽ ഒറ്റനോട്ടത്തിൽ ജാവ 42 FJ അതിൻ്റെ ഡിസൈൻ ജാവ 42 സ്റ്റാൻഡേർഡുമായി പങ്കിടുന്നതായി മനസിലാക്കാൻ സാധിക്കും. എന്നാൽ 42 പതിപ്പിലെ സ്‌ട്രെയിറ്റ് എക്‌സ്‌ഹോസ്റ്റ് ഡിസൈനുമായി താരതമ്യപ്പെടുത്തുമ്പോൾ 42 FJ അപ്‌വെറ്റ് എക്‌സ്‌ഹോസ്റ്റുകളാണ് അവതരിപ്പിക്കുന്നത്. ഹെഡ്‌ലൈറ്റിലും ചെറിയ മിനുക്കുപണികൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഡ്യുവൽ കളർ കോമ്പിനേഷനുകൾ കൂടിയായതോടെ സംഭവം കളറായി.

എഞ്ചിനിലാണ് രണ്ട് മോട്ടോർസൈക്കിളുകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം വരുന്നത്. 29 ബിഎച്ച്പി കരുത്തിൽ 29.6 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന പുതിയ ആൽഫ 2 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ജാവ 42 FJ മോഡലിന് തുടിപ്പേകുന്നത്. എന്നാൽ മറുവശത്ത് ജാവ 42 സ്റ്റാൻഡേർഡിൽ 26.9 ബിഎച്ച്പി പവറിൽ ഏകദേശം 26.84 എൻഎം ടോർക്ക് നൽകുന്ന ‘J പാന്തർ’ എന്നറിയപ്പെടുന്ന ചെറിയ 294.72 സിസി എഞ്ചിനാണുള്ളത്.

42 FJ മോഡേൺ റെട്രോ മോട്ടോർസൈക്കിളിന് 42 സ്റ്റാൻഡേർഡിനേക്കാൾ 2.1 ബിഎച്ച്പി പവറും 2.76 എൻഎം ടോർക്കും മാത്രമാണ് അധികം നൽകുന്നത്. രണ്ട് മോഡലുകളിലും സ്ലിപ്പർ അസിസ്റ്റ് ഫംഗ്ഷനുള്ള 6-സ്പീഡ് ഗിയർബോക്‌സാണ് ഫീച്ചർ ചെയ്യുന്നത്. ഇതോടൊപ്പം പുതിയതിൽ കൂടുതൽ റിഫൈൻമെന്റും ലഭിക്കും.

വലിപ്പത്തിന്റെ കാര്യത്തിൽ ജാവ 42 FJ, ജാവ 42 സ്റ്റാൻഡേർഡ് എന്നിവ ഒരുപോലെയാണ് ഉള്ളത്. 790 മില്ലീമീറ്റർ സീറ്റ് ഹൈറ്റാണ് 42 FJ പതിപ്പിനുള്ളത്. സ്റ്റാൻഡേർഡ് മോഡലിലേക്ക് വന്നാൽ 788 എംഎം സീറ്റ് ഹൈറ്റിനേക്കാൾ നേരിയ തോതിൽ കൂടുതലാണ്. 12 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയോടെയാണ് FJ മോഡൽ വരുന്നതെങ്കിലും സ്റ്റാൻഡേർഡിൽ 13.2 ലിറ്റർ ടാങ്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. രണ്ട് മോഡലുകൾക്കും 184 കിലോഗ്രാം ഭാരമാണ് വരുന്നതെങ്കിലും 42 സ്റ്റാൻഡേർഡ് അൽപം കൂടി ലൈറ്റ്‌വെയ്റ്റായി തോന്നാൻ സാധ്യതയുണ്ട്.

ബ്രേക്കിംഗിൻ്റെ കാര്യം നോക്കുകയാണെങ്കിൽ 42 FJ പതിപ്പിന് വലിയ 320 എംഎം ഫ്രണ്ട് ഡിസ്കും 240 എംഎം പിൻ ഡിസ്കും ഫ്ലോട്ടിംഗ് കാലിപ്പറുകളും എബിഎസുമാണ് വാഗ്‌ദാനം ചെയ്യുന്നത്. മറുവശത്ത് 42 സ്റ്റാൻഡേർഡിന്റെ മുന്നിൽ 280 എംഎം ഡിസ്ക്കും പിന്നിൽ 240 എംഎം ഡിസ്കുകളുമാണ് ഉപയോഗിക്കുന്നത്. കൂടാതെ 42 FJ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസുമായി വരുന്നത്. സ്റ്റാൻഡേർഡിന്റെ ടോപ്പ് വേരിയന്റുകളിലാണ് ഈ ഫീച്ചർ ലഭ്യമാവുക.

42 സീരീസിനുള്ളിലെ പ്രീമിയം മോഡലായാണ് ജാവ 42 FJ സ്ഥാനം പിടിച്ചിരിക്കുന്നത്. 1.99 ലക്ഷം രൂപ മുതൽ 2.20 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വിലവരുന്നത്. മറുവശത്ത് ജാവ 42 സ്റ്റാൻഡേർഡ് പതിപ്പിന് 1.73 ലക്ഷം മുതൽ 1.98 ലക്ഷം രൂപ വരെയാണ് വില വരുന്നത്.