ടാറ്റ പറയുന്നതേ ചെയ്യു, അതിലാണ് ആരാധകരുടെ പ്രതീക്ഷയും

ചെയ്യാന്‍ കഴിയുന്നതു മാത്രമേ ടാറ്റ പറയുകയുള്ളു. ഇതാണ് ടാറ്റയെ കുറിച്ചുള്ള ആരാധകരുടെ അഭിപ്രായം. അതിനാല്‍ തന്നെ 2018 ഓട്ടോ എക്സ്പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ അത്ഭുതങ്ങള്‍ കാട്ടുമെന്ന പ്രതീക്ഷയിലാണ് കാര്‍പ്രേമികള്‍. രണ്ടു വര്‍ഷം മുമ്പ് നടന്ന ഓട്ടോ എക്സ്പോയില്‍ ടാറ്റ അണിനിരത്തിയ ടിയാഗൊ, ടിഗോര്‍, നെക്സോണ്‍ മോഡലുകള്‍ക്ക് എന്നീ വിപണിയില്‍ ഇന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഓട്ടോ എക്സ്പോയില്‍ താരമാകാന്‍ കുറേ കൺസെപ്റ്റുകൾ അവതരിപ്പിക്കുന്നതില്‍ ടാറ്റയ്ക്ക് താത്പര്യമില്ല. ഇത് വിപണിയ്ക്ക് നല്ലവണ്ണം അറിയാവുന്ന കാര്യവുമാണ്. അതിനാല്‍ തന്നെ കമ്പനി അവതരിപ്പിക്കുന്നവ ബെസ്റ്റായിരിക്കുകയും ചെയ്യും. ഈ പ്രതീക്ഷ വാനോളമുയര്‍ത്തിയാണ് പുത്തന്‍ ടാറ്റ കാറുകളുടെ വരവ് കമ്പനി അറിയിച്ചിരിക്കുന്നത്. ടാറ്റ മോട്ടോര്‍സ് ആഗോള തലവന്‍ ഗ്വെന്തര്‍ ബൂഷെക്കാണ് പുതിയ മോഡലുകളുടെ വരവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തവണ മൂന്ന് പുതിയ മോഡലുകളെയാണ് കമ്പനി അവതരിപ്പിക്കുന്നത്. പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലാണ് മൂന്ന് മോഡലുകളും വരിക. ടാറ്റ ക്യു 501, ടാറ്റ എച്ച് 5, ടാറ്റ എക്‌സ് 451 എന്നീ കോഡ്നാമങ്ങളിലാണ് നിലവില്‍ മോഡലുകള്‍ അറിയപ്പെടുന്നത്. പുതുതലമുറ സഫാരിയായാകും പുത്തന്‍ ടാറ്റ ക്യു 501 അവതാരമെടുക്കുക. ജീപ് കോംപസ്, മഹീന്ദ്ര എസ് .യു. വി 500 എന്നിവര്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് അഞ്ച്, ഏഴു സീറ്റര്‍ പരിവേഷത്തിലുള്ള എച്ച് 5 എസ് .യു. വി മാരുതി ബലെനോയോടും ഹ്യുണ്ടായി എലൈറ്റ് ഐ 20 യോടും കൊമ്പുകോര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ ഹാച്ച്ബാക്ക് എക്‌സ് 451.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനിലാണ് പുത്തന്‍ ടാറ്റ എസ് .യു. വിയുടെ വരവ്. ജീപ് കോംപസിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. അതേസമയം ടാറ്റ എസ് .യു. വിയുടെ എഞ്ചിന്‍ ട്യൂണിംഗ് വ്യത്യസ്തമായിരിക്കും. പുതിയ കാറുകള്‍ക്ക് പുറമെ പാസഞ്ചര്‍ വാഹന ശ്രേണിയിലും പുതിയ മോഡലിനെ ടാറ്റ അവതരിപ്പിക്കും. ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ പുതിയ മോഡലുകളുടെ ഔദ്യോഗിക പേരുകള്‍ ടാറ്റ വെളിപ്പെടുത്തു.