വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങള്‍

സ്വപ്ന ഭവനം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണോ? എവിടെ, എങ്ങിനെയുള്ള വീട് സ്വന്തമാക്കണം? എത്ര വില നല്‍കാം എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങള്‍ മനസിലുണ്ടാകാം. വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം

1. ഹൗസിങ്ങ് ലോണ്‍ ഉറപ്പാക്കുക – സമ്പാദ്യത്തില്‍നിന്നു മാത്രമല്ലാതെ ഭവനവായ്പ്പയെടുത്ത് വീട് വാങ്ങുന്നവര്‍ ബാങ്കില്‍ നിന്നും എത്രരൂപ ലഭിക്കും എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ബില്‍ഡറുമായി കരാറില്‍ ഏര്‍പ്പെടുക. വായ്പ്പ സ്വന്തം നിലയ്ക്ക് തരപ്പെടുത്തുന്നതാണ് നല്ലത്. ബില്‍ഡറുമായി ചേര്‍ന്ന് തരപ്പെടുത്തുന്ന ലോണുകള്‍ പലപ്പോഴും പലിശനിരക്ക് കൂടിയതാവാം.

2. സൗകര്യപ്രദമായ സ്ഥലം – നിങ്ങളുടേത് ഇടക്കിടെ സ്ഥലംമാറ്റമുള്ള ജോലിയാണോ, ഓഫീസില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട്ടിലേക്കുള്ള ദൂരം എത്രയാണ് തുടങ്ങിയവ കണക്കിലെടുക്കുക.

3. ഭാവിയിലെ വിപണിമൂല്യം – മറ്റുപലതിനുമെന്ന പോലെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ക്കും കാലാകാലങ്ങളില്‍ വിലയിടിഞ്ഞേക്കാം. വീട് ഭാവിയിലേക്കുള്ള നിക്ഷേപമായി കരുതുന്നവര്‍ വിപണിമൂല്യമുള്ള സ്ഥലങ്ങളില്‍ വീട് വാങ്ങാന്‍ ശ്രദ്ദിക്കുക.

4. വില്‍പ്പന കരാര്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക – ബില്‍ഡറും, ഇടനിലക്കാരും എത്ര തിരക്ക് പിടിച്ചാലും നിബന്ധനകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക. പിന്നീട് ഒഴിവാക്കലുകളോ കൂട്ടിച്ചേര്‍ക്കലുകളോ സാധ്യമായെന്ന് വരില്ല.

5. യഥാര്‍ത്ഥ വിലയും അടിസ്ഥാന വിലയും – പരസ്യത്തില്‍ പറയുന്നതായിരിക്കില്ല പലപ്പോഴും അപ്പാര്‍ട്ട്‌മെന്റുകളുടെ യഥാര്‍ത്ഥ വില. പാര്‍ക്കിങ്ങ്, കെയര്‍ ടേക്കിങ്ങ് ചാര്‍ജ് തുടങ്ങിയവ കൂടി ചേരുമ്പോള്‍ അടിസ്ഥാനവിലയേക്കാള്‍ 20-30 ശതമാനം കൂടുതലായിരിക്കും പലപ്പോഴും യഥാര്‍ത്ഥ വില.

6. സൂപ്പര്‍ ഏരിയയും കാര്‍പ്പറ്റ് ഏരിയയും – സ്റ്റെയര്‍ കേസ്, ലോബി, ഇടനാഴി തുടങ്ങി പൊതുസൗകര്യങ്ങളുടെ കൂടി അളവ് ചേര്‍ന്നതാണ് അപ്പാര്‍ട്ട്‌മെന്റുകളുടെ സൂപ്പര്‍ഏരിയ. അപ്പാര്‍ട്ടുമെന്റിന്റെ ഉള്‍വശത്ത് ആകെ ഉപയോഗിക്കാവുന്ന സ്ഥലം കാര്‍പറ്റ് ഏരിയ. കാര്‍പറ്റ് ഏരിയയാണ് നിങ്ങള്‍ക്ക് സ്വന്തമായി ലഭിക്കുന്നത്. അതിനാല്‍ തന്നെ കാര്‍പറ്റ് ഏരിയ എത്രയാണെന്ന് അപാര്‍ട്ട്‌മെന്റുകള്‍ വാങ്ങുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ടതുണ്ട്.

7. നികുതികള്‍ – അപ്പാര്‍ട്ട്‌മെന്റുകള്‍ കൈമാറുന്നതിനു മുന്‍പായി നികുതികള്‍ അടച്ചുതീര്‍ക്കേണ്ടത് ബില്‍ഡറുടെ ഉത്തരവാദിത്വമാണ്. ഇത് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

8. അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്ന ഭൂമിയുടെ മേല്‍ കടബാധ്യതകളില്ലെന്ന് ഉറപ്പാക്കുക. മുന്‍ ആധാരങ്ങള്‍ ചോദിച്ചുവാങ്ങി പരിശോധിക്കുക.