കട്ടൻ ചായയും പാൽ ചായയും ആരോഗ്യത്തിന് നല്ലതോ? ചായപ്രേമികൾ അറിയാൻ...

ആവി പറക്കുന്ന ഒരു കപ്പ് ചായയിൽ നിന്നാണ് നമ്മളിൽ പലരും നമ്മുടെ ദിവസം ആരംഭിക്കുന്നത്. ചായയോ കാപ്പിയോ അമിതമായി കുടിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമാകുകയും മറ്റ് പാർശ്വഫലങ്ങൾക്കൊപ്പം ഉത്കണ്ഠ, സമ്മർദ്ദം, അസിഡിറ്റി പ്രശ്നങ്ങൾ എന്നിങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.

ഉറക്കമുണർന്ന് രാവിലെ ഒഴിഞ്ഞ വയറിൽ കുടിക്കുന്നതിനേക്കാൾ രണ്ട് മണിക്കൂർ കഴിഞ്ഞ് ചായയോ കാപ്പിയോ കഴിക്കുന്നതാണ് നല്ലത്. കൂടാതെ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്കൊപ്പം രാവിലെ കുടിക്കുന്ന ചായയേക്കാൾ നല്ലത് വൈകുന്നേരത്തെ ചായയാണ്. രാവിലെ ഉണർന്നയുടൻ വെറുംവയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നതിന് പകരം ഒരു ഗ്ലാസ് വെള്ളത്തിൽ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്.

ചായ കുടിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്നതല്ല, പാൽ ചായയാണോ കട്ടൻ ചായയാണോ നല്ലത് എന്നാണ് പലരുടെയും സംശയം. ഇതിൽ തന്നെ ഇതിനാണ് ഗുണം കൂടുതൽ എന്നതും ചിലരുടെ സംശയമാണ്. ഇന്ത്യയിൽ പലരും കട്ടൻ ചായയേക്കാൾ പാൽ ചായയാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ കട്ടൻ ചായയാണ് പാൽ ചായയെക്കാൾ ഗുണം എന്നാണ് ന്യൂട്രീഷനിസ്റ്റും ഡിടിഎഫിന്റെ സ്ഥാപകയുമായ സോണിയ ബക്ഷി പറയുന്നത്.

കട്ടൻ ചായയ്ക്ക് പകരം പാൽ ചായയ്ക്ക് വയറ് വീക്കവും ദഹനക്കേടും ഉണ്ടാക്കുന്നതോ അല്ലെങ്കിൽ ഡയറിയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് കാരണം ശരീരഭാരം വർദ്ധിപ്പിക്കുന്നതോ പോലുള്ള നിരവധി പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ബക്ഷി പറയുന്നു. എന്നാൽ കട്ടൻ ചായ ഇത്രയും പ്രശ്ങ്ങൾ ഉണ്ടാകുന്നില്ല.

പാൽ ചായ അത്ര നല്ലതല്ല എന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങൾ പലതാണ്. പാലുൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് പാൽ ചായ ഉണ്ടാക്കുന്നത്. ഇത് വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ നിങ്ങളുടെ ശരീരത്തെ നിർജ്ജലീകരണം ചെയ്യുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും.

പാൽ ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പാനീയത്തിൽ പഞ്ചസാര ചേർക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. പാൽ ചായയിൽ ഗണ്യമായ അളവിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും പഞ്ചസാരയും ശരീരഭാരം വർദ്ധിപ്പിക്കും. പാൽ ചായയുടെ അമിത അളവ് തലച്ചോറിലെ രാസ അസന്തുലിതാവസ്ഥയിൽ കലാശിക്കുകയും ഉത്കണ്ഠയോ മൂഡ് അസ്വസ്ഥതയോ ഉണ്ടാക്കുകയും ചെയ്യുന്നു. നെഞ്ചെരിച്ചിൽ, അസിഡിറ്റി, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവയാണ് മറ്റ് പാർശ്വഫലങ്ങൾ.

കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഓലോംഗ്, മഞ്ഞ, വെള്ള, ഗ്രീൻ ടീകളേക്കാൾ കട്ടൻ ചായ കൂടുതൽ ഓക്സിഡൈസ് ചെയ്യപ്പെടുന്നു. ഈ ഓക്സിഡേഷൻ പ്രക്രിയ കാരണം മറ്റ് ചായകളെ അപേക്ഷിച്ച് കട്ടൻ ചായയ്ക്ക് ചില പ്രത്യേക ഗുണങ്ങൾ ലഭിക്കുന്നുണ്ട്. കട്ടൻ ചായയിൽ ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുന്ന തരത്തിലുള്ള ആന്റിഓക്‌സിഡന്റായ പോളിഫെനോൾസ് ഉണ്ട്.

പല ഹൃദ്രോഗികളിലും കട്ടൻ ചായ കൊറോണറി ആർട്ടറി രോഗം ഭേദമാക്കാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങളിൽ ഇത് മികച്ച സ്വാധീനം ചെലുത്തുന്നുണ്ട്. ശ്വാസനാളത്തെ വിശാലമാക്കുകയും കൂടുതൽ സ്വതന്ത്രമായി ശ്വസിക്കാൻ കട്ടൻ ചായ അനുവദിക്കുന്നതിനാൽ ആസ്തമ രോഗികൾക്കും ഇവ നല്ലതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. കട്ടൻ ചായയിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന തേഫ്‌ലേവിനുകളും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ഫ്ലേവനോയിഡുകളും അടങ്ങിയിട്ടുണ്ട്.

Read more

സ്ത്രീകളിൽ സ്തനങ്ങളിലെ മാരകമായ വളർച്ച തടയുന്നതിനും, പ്രത്യേകിച്ച് ആർത്തവവിരാമ ഘട്ടത്തിലുള്ള സ്ത്രീകൾക്കും, ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു. ചായയിലെ പോളിഫെനോളുകളാണ് ഇതിന് സഹായിക്കുന്നതെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കട്ടൻ ചായ സ്കിൻ ക്യാൻസറിനും വായിലെ ക്യാൻസറിനുമുള്ള സാധ്യത കുറയ്ക്കുന്നു. ഇത് സ്തനാർബുദം, ഗൈനക്കോളജിക്കൽ, ശ്വാസകോശം, തൈറോയ്ഡ് ക്യാൻസറുകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.കട്ടൻ ചായ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുന്നു. മാനസികാരോഗ്യത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും ഇവ വളരെ നല്ലതാണ്.