യൂറിക് ആസിഡ് പ്രശ്നങ്ങളുള്ളവര്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. രക്തത്തില്‍ യൂറിക് ആസിഡ് ഉയരുമ്പോഴാണ് ഈയൊരു പ്രശ്നം ഉണ്ടാകുന്നത്. ശരീരകോശങ്ങളില്‍ ഉത്പാദിക്കപ്പെടുമ്പോഴോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഇന്നത്തെ ജീവിതശൈലികള്‍ കാരണവും ഭക്ഷണരീതികള്‍ കൊണ്ടും യുവാക്കളില്‍ പോലും ഇക്കാലത്ത് പ്രശ്‌നം കണ്ടു വരുന്നുണ്ട്. പൊണ്ണത്തടി, ജനിതകരമായ തകരാർ, വൃക്കയിലെ തകരാർ, മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം, പ്രമേഹം തുടങ്ങിയവ യൂറിക് ആസിഡിന്റെ അളവ് വർധിക്കാൻ കാരണമാകാം.

രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതിനെ ഹൈപ്പര്‍ യൂറിസെമിയ എന്നാണ് പറയുന്നത്. ഇത്തരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് പല തരത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കും. യൂറിക് ആസിഡ് കൂടുമ്പോൾ ഇവ ക്രിസ്റ്റലുകളായി മാറുകയും സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുകയുമാണ് ചെയ്യുക. ഗൗട്ട് എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ഇത് കാരണം കയ്യ്, കാൽ മുട്ടുകളിലും കണങ്കാലിലും ഒക്കെ നീര് വരുന്ന അവസ്ഥ ഉണ്ടാകുന്നു. ഒരു സമയം ഒരു സന്ധിയിലേ സാധാരണയായി ഈ അവസ്ഥ ഉണ്ടാവുകയുള്ളു. അപൂർവമായി മാത്രമാണ് രണ്ടു സന്ധികളിലും നീര് വരിക. യൂറിക് ആസിഡ് ഉള്ളവര്‍ മദ്യപാനം, അമിതവണ്ണം എന്നിവ ഒഴിവാക്കേണ്ടതാണ്. മദ്യം കഴിക്കുന്നത് കൂടുതല്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും. ബിയര്‍ പോലെയുള്ള പാനീയങ്ങളില്‍ മറ്റുള്ളവയേക്കാള്‍ ഉയര്‍ന്ന പ്യൂരിന്‍ അടങ്ങിയിട്ടുമുണ്ട്. അമിതവണ്ണമുള്ളവരിൽ യൂറിക് ആസിഡ് ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളുന്നത് കുറയുകയും ചെയ്യും.

വാതം, സന്ധിവേദന എന്നിവ പോലുള്ള രോഗങ്ങളെ അകറ്റി നിർത്താൻ യൂറിക് ആസിഡ് നിയന്ത്രിച്ചു നിര്‍ത്തുന്നത് അത്യാവശ്യമാണ്. യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ വാത സംബന്ധമായ പ്രശ്നങ്ങളെ കൂടാതെ കരൾ രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളും ഉണ്ടാകാം. അതിനാൽ ഇവയുടെ അളവ് കുറയ്‌ക്കേണ്ടതും അവ നിയന്ത്രിച്ച് കൊണ്ടുപോകേണ്ടതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സാധാരണഗതിയിൽ ഏകദേശം മൂന്ന് മുതൽ ഏഴ് ശതമാനം വരെയാണ് യൂറിക് ആസിഡ് കാണപ്പെടാറുള്ളത്. എന്നാൽ സ്ത്രീകളിൽ ഇത് പുരുഷന്മാരേക്കാൾ കുറവായിരിക്കും.

യൂറിക് ആസിഡ് 6-7 ശതമാനത്തിലെത്തുമ്പോഴാണ് ശരീരത്തിൽ ഓരോ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുക. തുടർന്ന് രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന കഠിനമായ വേദന, നീർക്കെട്ട്, വിരൽ അനക്കാൻ കഴിയാത്ത അവസ്ഥ എന്നിവയും ഉണ്ടാകും. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും വേദന വ്യാപിച്ചേക്കാം. യൂറിക് ആസിഡിന്‍റെ പ്രശ്‌നങ്ങളുള്ളവര്‍ ഡയറ്റിലും ശ്രദ്ധ കൊടുക്കേണ്ടതാണ്. ആപ്പിൾ, നേന്ത്രപ്പഴം, ഗ്രീൻ ടീ എന്നിവയൊക്കെ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണ്. നേന്ത്രപ്പഴവും കൂടിയ അളവിലുള്ള യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഭക്ഷണത്തിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ടതാണ്.

ഗ്രീൻ ടീ, കോഫി തുടങ്ങിയവ യൂറിക് ആസിഡ് കുറയ്ക്കാനും ഗൗട്ട് പോലുള്ള പ്രശ്നങ്ങൾക്കും നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. സിട്രസ് വിഭാഗത്തില്‍ ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങളും യൂറിക് ആസിഡ് ശമിപ്പിക്കാന്‍ നല്ലതാണ്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനും ഇതിലൂടെ ശരീരത്തില്‍ നിന്ന് അവയെ പുറന്തള്ളാനും സഹായിക്കും.

ചെറി ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. സാല്‍മണ്‍ മത്സയും പോലെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്‍റി ഓക്സിഡന്‍റ് , ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഒലീവ് ഓയിൽ ഉയര്‍ന്ന തോതിലുള്ള യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. റെഡ് മീറ്റ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, ബ്രഡ്, ബിയര്‍, കേക്ക്, കോള, തേന്‍, വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങൾ യൂറിക് ആസിഡ് പ്രശ്നങ്ങളുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്. ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തേണ്ടതാണ്.