തൃശൂര്‍ എടുക്കാമെന്ന മോഹവുമായി സൂപ്പര്‍സ്റ്റാര്‍, അങ്കത്തട്ടില്‍ മുരളിയും സുനില്‍ കുമാറും

കുടമാറ്റം പോലെ തന്നെയാണ് ഒരു കാലഘട്ടത്തിന് ഇപ്പുറത്തേക്ക് തൃശൂര്‍ ലോകസ്ഭാ മണ്ഡലത്തിന്റെ മനസ്. ഒന്ന് അങ്ങോട്ട് പിന്നിങ്ങോട്ട് എന്ന നിലയില്‍ സിപിഐയേയും കോണ്‍ഗ്രസിനേയും മാറി മാറി തിരഞ്ഞെടുത്ത മണ്ഡലം. അതിനും മുമ്പ് കെ കരുണാകരനെ പോലും വീഴ്ത്തി സിപിഐയുടെ ഉറച്ച കോട്ടയായി നിന്ന ഇടം. ഇക്കുറി തൃശൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ്. താമര അക്കൗണ്ട് തുറക്കാമെന്ന സ്വപ്‌നവുമായി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ കളത്തിലിറങ്ങി കളിച്ച മണ്ഡലം. സിറ്റിംഗ് എംപിമാരെ ഒന്നടങ്കം കളത്തിലേക്ക് ഇറക്കിയ കോണ്‍ഗ്രസ് വിട്ടുകളഞ്ഞത് തൃശൂര്‍ എംപിയായ ടി എന്‍ പ്രതാപനെ മാത്രമാണ്. സിറ്റിംഗ് എംപി ചുവരെഴുത്തെല്ലാം തുടങ്ങി കഴിഞ്ഞാണ് കോണ്‍ഗ്രസിന്റെ മുന്‍കാല രീതികളുടെ കടയ്ക്കല്‍ കത്തിവെച്ചൊരു സര്‍പ്രൈസ് പാക്കേജായി കെ മുരളീധരന്‍ വടകരയില്‍ നിന്ന് തൃശൂര്‍ക്ക് വണ്ടി കയറുന്നത്. കെ കരുണാകരന്റെ തൃശൂര്‍ തട്ടകത്തിലേക്ക് മകന്‍ കെ മുരളീധരന്‍ വീണ്ടും ആനയിക്കപ്പെട്ടതോടെ തൃശൂരിലെ സമവാക്യങ്ങളില്‍ കോണ്‍ഗ്രസ് പ്രത്യേക ചലനമാണ് പ്രതീക്ഷിച്ചത്. തങ്ങളുടെ കുത്തക മണ്ഡലമായി ഒരു കാലഘട്ടത്തില്‍ നിന്ന തൃശൂരില്‍ ജനപ്രീയനായ വി എസ് സുനില്‍ കുമാറിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് സിപിഐ കരുക്കള്‍ നീക്കുന്നത്. തൃശൂരെടുക്കാന്‍ 2019 മുതല്‍ ഇറങ്ങി നില്‍ക്കുന്ന സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി കൈമെയ് മറന്നാണ് തൃശൂരില്‍ ബിജെപിയ്ക്കായി ആടിത്തിമിര്‍ക്കുന്നത്.

തൃശൂരിലെ രാഷ്ട്രീയം ആരെയാണ് ഇക്കുറി തുണയ്ക്കുക എന്ന ചോദ്യം ഉയരുമ്പോള്‍ രാജ്യത്തെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പു കാലത്ത് പലകുറി ഓടിയിറങ്ങിയ കേരളത്തിലെ മണ്ഡലമെന്ന നിലയില്‍ തൃശൂര്‍ സജീവ രാഷ്ട്രീയ ചര്‍ച്ചയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടക്കം കടക്കും കേരളത്തിലെന്ന് മോദി പറഞ്ഞതില്‍ ബിജെപി കണക്കുകൂട്ടിയ മണ്ഡലമാണ് സൂപ്പര്‍സ്റ്റാര്‍ ഇങ്ങെടുക്കുവാ എന്ന് പറഞ്ഞ തൃശൂര്‍. പത്മജാ വേണുഗോപാല്‍ ചാടിയെത്തിയത് ബിജെപിയ്ക്ക് തൃശൂരില്‍ ഗുണം ചെയ്യുമെന്ന വാദമൊന്നും ബിജെപിക്കാര്‍ക്ക് ഇല്ലെങ്കിലും കെ കരുണാകരന്റെ മകള്‍ ബിജെപി പാളയത്തിലെത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കെ മുരളീധരനെ മുന്നില്‍ നിര്‍ത്തി കെ കരുണാകരന്റെ തട്ടകമായിരുന്ന തൃശൂരില്‍ ഈ നാണക്കേട് പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതില്‍ കെ മുരളീധരന്‍ വഹിച്ച പങ്ക് കൃത്യമായി ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പണി തുടങ്ങിയ തൃശൂരില്‍ കോണ്‍ഗ്രസ് മുരളിയെ ഇറക്കിയത്. കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് ശക്തി പകരുമെന്ന വാചകത്തിനപ്പുറം കോണ്‍ഗ്രസിനെതിരായി സിപിഎം ഉന്നയിക്കുന്ന ബിജെപിയോട് നേര്‍ക്ക് നേര്‍ പോരാടാനുള്ള മടിയെന്ന ആക്ഷേപം മുരളിയുടെ സ്ഥാനാര്‍ത്ഥിത്തിലൂടെ മറികടക്കാന്‍ കഴിഞ്ഞുവെന്നും പാര്‍ട്ടി കരുതുന്നു.

വി എസ് സുനില്‍ കുമാറിനെ സിപിഐ ഇറക്കിയത് ജനകീയ മുഖമെന്നത് കൂടി കണ്ടാണ്. മൂന്നിലധികം തവണ എംഎല്‍എയാക്കേണ്ടെന്ന തീരുമാനത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് സുനില്‍ കുമാറിനെ പരിഗണിക്കാതെ മാറ്റി നിര്‍ത്തിയ സിപിഐ ലോക്‌സഭയില്‍ സുനില്‍ കുമാറിനെ ഇറക്കിയത് മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉദ്ദേശത്തിലാണ്.

തൃശൂര്‍ ചരിത്രത്തിലേക്ക് വന്നാല്‍ സിപിഐയെ കയ്യയച്ച് പിന്തുണച്ച മണ്ഡലമാണെന്നത് വ്യക്തമാണ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഭാഗമായുള്ള തൃശൂര്‍ ലോക്‌സഭാ മണ്ഡലം ആദ്യ കാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കണ്ണടച്ച് പിന്തുണച്ചിരുന്നു. കെ കരുണാകരനെ പോലും വീഴ്ത്തി സിപിഐയെ തുണച്ച മണ്ഡലത്തിന്റെ ചരിത്രം 99 മുതലാണ് കുടമാറും പോലെ മാറിയും മറിഞ്ഞും ഊഴം മാറി ഇടതിനും വലതിനും സ്ഥാനം കൊടുത്തത്. 1952 മുതല്‍ 2019 വരെ നടന്ന 17 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ 10 പ്രാവശ്യവും തൃശൂര്‍ ഇടത്തേക്കാണ് ചരിഞ്ഞത്. ഇടതുപക്ഷത്തിനു വേണ്ടി സിപിഐ ഒരുഘട്ടത്തില്‍ കുത്തകയായി വെച്ചിരിന്ന മണ്ഡലം ഏഴ് തവണ മാത്രം കോണ്‍ഗ്രസിനൊപ്പം നിന്നു.

1952ല്‍ തൃശൂരിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഈയ്യുണ്ണി ചാലക്കയെ വിജയിപ്പിച്ച് എംപിയാക്കിയാണ് തൃശൂര്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ സിപിഐ തന്നെയായിരുന്നു തൃശൂരിലെ കോണ്‍ഗ്രസ് എതിരാളി. 1952-മുതലുള്ള എല്ലാ തിരഞ്ഞെടുപ്പിലും സിപിഐ ഇല്ലാത്തൊരു മല്‍സരം തൃശൂരില്‍ ഉണ്ടായിട്ടില്ല. 1971-ലും 77-ലും തുടര്‍ച്ചയായി രണ്ടു തവണ സിപിഎമ്മിനെപ്പോലും സിപിഐ തോല്‍പിച്ച ചരിത്രവും തൃശൂരിന് പറയാനുണ്ട്. 52ല്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച തൃശൂര്‍ 57 മുതല്‍ ഇങ്ങോട്ട് 80 വരെ സിപിഐയെ തന്നെ തുടര്‍ച്ചയായി ജയിപ്പിച്ചു. അതില്‍ 71ലും 77ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലായിരുന്നു തൃശൂരില്‍ കൊമ്പ് കോര്‍ത്തതെന്നതും ചരിത്രം. 71ല്‍ സിപിഎമ്മിന്റെ കെ പി അരവിന്ദാക്ഷനെ സിപിഐയുടെ സി ജനാര്‍ദ്ദനന്‍ തോല്‍പ്പിച്ചു. 77ല്‍ അരവിന്ദാക്ഷനെ വീഴ്ത്തിയത് സിപിഐയുടെ കെ എ രാജനായിരുന്നു. 1957ലും 62ലും തൃശൂരില്‍ ജയിച്ചത് സിപിഐയുടെ കെ കൃഷ്ണന്‍ വാര്യരാണ്. 67ലും 71ലും സി ജനാര്‍ദ്ദനന്‍ സിപിഐയെ വിജയത്തുടര്‍ച്ചയ്ക്ക് പാത്രമാക്കി., 77ലും 80ലും കെ എ രാജന്‍ വിജയം തുടര്‍ന്നു. 1984ല്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുത്തു. പി എ ആന്റണി 84ല്‍ കോണ്‍ഗ്രസിനായി എടുത്ത മണ്ഡലം 79ലും ഉറപ്പിച്ചു നിര്‍ത്തി. 91ലും കോണ്‍ഗ്രസ് പി സി ചാക്കോയിലൂടെ മണ്ഡലം ഒപ്പം നിര്‍ത്തി. പക്ഷേ 96ല്‍ കെ കരുണാകരനെ ഇറക്കിയിട്ടും കോണ്‍ഗ്രസിന് മണ്ഡലം നഷ്ടമായി. സിപിഐയുടെ വി വി രാഘവനാണ് തൃശൂരില്‍ കരുണാകരനെ അട്ടിമറിച്ച് വിജയം നേടിയത്. ഭൂരിപക്ഷം വെറും 1480 മാത്രമായിരുന്നു. 98ല്‍ മകന്‍ കെ മുരളീധരനും വി വി രാഘവനോട് തൃശൂരില്‍ അടിയറവ് പറഞ്ഞു.

96ല്‍ അച്ഛനേയും 98ല്‍ മകനേയും തൃശൂര്‍ വീഴ്ത്തിയെന്ന ചരിത്രത്തോടൊപ്പം അച്ഛനേയും മകനേയും തോല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയെന്ന പെരുമയും സിപിഐ നേതാവ് വി വി രാഘവന് കിട്ടി. എന്നാല്‍ ഹാട്രിക് തേടിയുള്ള രാഘവന്റെ പടയോട്ടം 99ല്‍ കോണ്‍ഗ്രസിന്റെ എ സി ജോസ് അവസാനിപ്പിച്ചു. അന്ന് മുതല്‍ മാറിയും തിരിഞ്ഞും ആര്‍ക്കും തുടര്‍ച്ച നല്‍കാതെ ഇടത്തേക്കും വലത്തേക്കും തൃശൂര്‍ ചാടി തുടങ്ങി. എ സി ജോസിനെ വീഴ്ത്തി 2004 സിപിഐയുടെ അനിഷേധ്യ നേതാവ് സികെ ചന്ദ്രപ്പന്‍ മണ്ഡലം പിടിച്ചു. 2009ല്‍ പി സി ചാക്കോ കോണ്‍ഗ്രസിനായി മണ്ഡലം തിരിച്ചെടുത്തു. തോല്‍പ്പിച്ചത് സിപിഐയുടെ സി എന്‍ ജയദേവനെ. എന്നാല്‍ 2014ല്‍ സി എന്‍ ജയദേവന്‍ രണ്ടാം അങ്കത്തില്‍ മണ്ഡലം പിടിച്ചെടുത്തു. തോല്‍പ്പിച്ചത് കെ കരുണാകരന്റെ അടുത്തയാളായിരുന്ന കെ പി ധനപാലനെ. 2019ല്‍ ടി എന്‍ പ്രതാപന്‍ സിപിഐയുടെ രാജാജി മാത്യു തോമസിനെ വീഴ്ത്തി മണ്ഡലം വലത്തേയ്ക്കാക്കി. തൃശൂര്‍ എടുക്കാന്‍ വന്ന ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. പക്ഷേ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് പിടിച്ചത് ഇടതിനേയും വലതിനേയും ഞെട്ടിച്ചു. ഇത് പിന്‍പറ്റിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരില്‍ സുരേഷ് ഗോപി പ്രചാരണം ശക്തമാക്കിയത്.

93,633 വോട്ടിന്റെ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷം നല്‍കി കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനെ ലോക്സഭായിലേക്ക് കഴിഞ്ഞ കുറി അയച്ച തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ 39.8% ആയിരുന്നു. സിപിഐയ്ക്കാവട്ടെ 30.9%, ബിജെപിയ്ക്ക് 28.2% വോട്ടും കിട്ടി. ഈ വോട്ട് ഷെയറിലെ വെറും രണ്ട് ശതമാനം മാത്രം അന്തരം തൃശൂരില്‍ സിപിഐയ്ക്ക് ഇക്കുറി ഭയപ്പാട് ഉണ്ടാക്കുന്നുണ്ട്. മോദിയുടെ സന്ദര്‍ശനവും ഗ്യാരന്റി പ്രഖ്യാപനവുമെല്ലാം തൃശ്ശൂരില്‍ ഇത്തവണ മത്സരം കടുപ്പിക്കുമെന്ന് വിലയിരുത്തുമ്പോഴും തൃശൂരിലെ തിരഞ്ഞെടുപ്പ് ചരിത്രം ഇടത് പക്ഷത്തിന് ആശ്വാസം നല്‍കുന്നുണ്ട്. പണ്ട് ഒന്ന് തോറ്റെങ്കിലും മടങ്ങി വന്ന പുത്രനെ തൃശൂര്‍ ചുമലിലേറ്റുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും പ്രചാരണത്തില്‍ പ്രതീക്ഷ വെയ്ക്കുന്നു. ഇടതിനും വലതിനുമപ്പുറം താമരയുടെ തൃശൂര്‍ സ്വപ്‌നം സത്യമാകുമോയെന്ന ചോദ്യം മാത്രമാണ് ഇക്കുറി തൃശൂരില്‍ ഏറ്റവും പ്രസക്തം.

Read more