യുക്രെയനുള്ള സൈനിക സഹായങ്ങളും ആയുധ കൈമാറ്റവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിക്കുമ്പോള്‍ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ സ്ഥിതിയിലാണ് യുക്രെയ്ന്‍. 2022ല്‍ വ്‌ലാദിമര്‍ പുടിന്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ മിലിട്ടറി ഓപ്പറേഷന്‍ യുക്രെയ്‌നെ നിരായുധീകരിക്കാനും നാസികളില്‍ നിന്ന് മോചിപ്പിക്കാനുമെന്ന് പറഞ്ഞായിരുന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മൂന്നരവര്‍ഷം മുമ്പ് ലോകരാജ്യങ്ങള്‍ അപലപിക്കുകയും ചെയ്തതാണ്. അന്ന് യുക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നത് തടയുകയെന്നതായിരുന്നു പുടിന്റെ ലക്ഷ്യം. യൂറോപ്പ് ഒന്നടങ്കം യുക്രെയ്‌നിലെ അധിനിവേശത്തിനെതിരെ പ്രതികരിച്ചു. യുക്രെയ്‌നെ പോലെ ചെറിയൊരു രാജ്യത്തെ തന്റെ ലോകപ്രശസ്ത സൈനികബലം കൊണ്ട് നിഷ്പ്രയാസം വീഴ്ത്താമെന്ന് കരുതിയ ഇടത്ത് പുടിന് പിഴച്ചു. വ്‌ളോഡിമര്‍ സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ യുക്രെയ്ന്‍ ശക്തമായി പിടിച്ചു നിന്നു, തിരിച്ചടിച്ചു.
മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടത് ലക്ഷക്കണക്കിന് പേരാണ്. ഇപ്പോള്‍ യുക്രെയ്‌നെ തകര്‍ക്കാമെന്ന് കരുതിയിറങ്ങിയ റഷ്യയുടെ വാര്‍ കാഷ്യാലിറ്റി ഒരു മില്യണ്‍ ആണ്. 10 ലക്ഷം റഷ്യന്‍ പട്ടാളക്കാര്‍ ഈ അധിനിവേശത്തില്‍ റഷ്യയ്ക്ക് കൈമോശം വന്നു. രണ്ടര ലക്ഷം പേര്‍ കൊല്ലപ്പെടുകയും ഏഴര ലക്ഷം പേര്‍ ഗുരുതരമായി പരുക്കേറ്റ് യുദ്ധഭൂമി വിട്ടു. യുക്രെയ്‌നാകട്ടെ 4 ലക്ഷം പേരാണ് യുദ്ധത്തിലൂടെ നഷ്ടമായത്. ഇതില്‍ 1 ലക്ഷം പേര്‍ മരിക്കുകയും മറ്റ് മൂന്ന് ലക്ഷം പേര്‍ ഗുരുതരമായി പരുക്കേറ്റ് ജീവിതം ദുസ്സഹമാക്കപ്പെടുകയും ചെയ്തു.
ഇത്രത്തോളമെത്തിയ ഘട്ടത്തിലാണ് അമേരിക്ക നല്‍കിയ യുദ്ധസഹായവും സാമ്പത്തിക സഹായവും ട്രംപ് ഭരണകൂടം നിര്‍ത്തലാക്കുന്നത്. അമേരിക്ക തന്നെയായിരുന്നു ജോ ബൈഡന്‍ കാലയളവിലും പിന്നീട് ഇതുവരേയും യുക്രെയ്‌ന് ഏറ്റവും സാമ്പത്തിക സഹായം ചെയ്ത ലോകരാജ്യം. താല്‍ക്കാലികമായി ആയുധങ്ങളും സൈനിക സഹായവും സാമ്പത്തിക സഹായവും അമേരിക്ക നിര്‍ത്തുമെന്ന് വ്യക്തമാക്കിയതോടെ റഷ്യ യുക്രെന് മേല്‍ നാളുകള്‍ക്കിടയിലെ ഏറ്റവും വലിയ മിസൈലാക്രമണം നടത്തിയതും ചേര്‍ത്ത് വായിക്കണം. യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്ന സഹായം കൊണ്ട് മാത്രം യുക്രെയ്‌ന് പിടിച്ചു നില്‍ക്കാനാവില്ലെന്നത് വ്യക്തമാണ്. മിസൈല്‍ പ്രതിരോധത്തില്‍ അമേരിക്കയുടെ പാട്രിയോട്ട് എയര്‍ ഡിഫന്‍സിനെയായിരുന്നു യുക്രൈന്‍ പ്രധാനമായും റഷ്യന്‍ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ആശ്രയിച്ചിരുന്നത്. എഫ്-16 ല്‍ ഉപയോഗിക്കാനുള്ള വെടിക്കോപ്പുകളും അമേരിക്ക നല്‍കിയിരുന്നു. ഇതെല്ലാം കഴിഞ്ഞ ആഴ്ചയോടെ മരവിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദിമര്‍ സെലന്‍സ്‌കിയും തമ്മിലുണ്ടായ കൂടിക്കാഴ്ചയിലെ തമ്മിലടി ഇതെല്ലാം ആസന്നമെന്ന് മാസങ്ങള്‍ക്ക് മുമ്പേ സൂചന നല്‍കിയിരുന്നു. പക്ഷേ കഴിഞ്ഞ ജൂണില്‍ സ്വന്തം ശക്തിയില്‍ നിര്‍മ്മിച്ച ഡ്രോണുകളുടെ ബലത്തില്‍ യുക്രെയ്ന്‍ റഷ്യയെ ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിലൂടെ നേരിട്ടപ്പോള്‍ ലോകം അന്തംവിട്ടു. പക്ഷേ റഷ്യയ്ക്കുള്ള വ്യാവസായിക അടിത്തറയും ജനസംഖ്യയും സൈന്യത്തിലെ ആളെണ്ണവും ഇല്ലാത്തിടത്തോളം യുക്രെയ്‌ന് മറ്റ് രാജ്യങ്ങളുടെ സഹായമില്ലാതെ നിലനില്‍ക്കുക എന്നത് വെല്ലുവിളിയാണ്.
അമേരിക്ക- റഷ്യ ശീതസമരത്തിന്റെ ബാക്കിപത്രമെന്ന വണ്ണം റഷ്യയ്‌ക്കെതിരെ അമേരിക്ക മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുന്ന രീതിയില്‍ ട്രംപ് മാറുകയാണ്. ഇത്രയും കാലവും യുക്രെയ്‌നെ യുദ്ധമുഖത്ത് പിടിച്ചിരുത്തിയിട്ട് കൈകഴുകി ട്രംപും കൂട്ടരും പിന്മാറുമ്പോഴും സ്വന്തം പരാമാധികാരത്തിനായി യുക്രെയ്ന്‍ അവസാന ഘട്ടത്തിലും പോരാട്ടത്തിലാണ്. ട്രംപ് നിലപാട് മാറ്റുമ്പോള്‍ റഷ്യയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ വരികയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ട് സമീപകാല തീരുമാനങ്ങള്‍ റഷ്യയ്ക്ക് നേരിട്ട് ഗുണം ചെയ്യുന്നതായിരുന്നു. യുക്രെയ്‌നിലെ യുദ്ധത്തിലും യൂറോപ്പുമായുള്ള സാമ്പത്തിക പ്രതിസന്ധിയിലും യുഎസ് റഷ്യ അനുകൂല നടപടികളാണ് കൈക്കൊണ്ടത്. റഷ്യയുടെ ആണവ ഭീമനായ റോസാറ്റമിനും ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും സാമ്പത്തിക ആശ്വാസം നല്‍കുന്നതിനായി നിലവിലുള്ള ഉപരോധങ്ങള്‍ മനഃപൂര്‍വ്വം മറികടന്നു.കൈവിലേക്കുള്ള ആസൂത്രിത ആയുധ കയറ്റുമതിയും വൈറ്റ് ഹൗസ് നിര്‍ത്തിവച്ചു. മോസ്‌കോയ്ക്ക് മേലുള്ള പാശ്ചാത്യ സമ്മര്‍ദ്ദം ഒഴിവാക്കി കൂടുതല്‍ സാമ്പത്തിക ഗതിമാറ്റം ഉണ്ടാക്കാനുള്ള അവസരമാണ് ട്രംപ് ഒരുക്കിയത്.
Read more
അമേരിക്കയുടെ സ്വന്തം പ്രതിരോധ ആവശ്യങ്ങള്‍ക്ക് ആവശ്യമായ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നതിനെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനായി പെന്റഗണിന്റെ ശുപാര്‍ശകള്‍ പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് യുക്രെയ്ന്‍ നടപടിയില്‍ വൈറ്റ് ഹൗസ് പറയുന്നത്. പുടിനുമായി ഫോണില്‍ സംസാരിക്കുന്നുവെന്ന് ഇടയ്ക്കിടെ പറയുന്ന ട്രംപിന്റെ ലക്ഷ്യം തന്നെ യുദ്ധം നിര്‍ത്തിക്കാന്‍ പറ്റുന്ന ഏക വ്യക്തി എന്ന തലത്തിലേക്ക് പ്രൊജക്ട് ചെയ്തു കാണിക്കാനാണെന്ന വിലയിരുത്തലുകളുമുണ്ട്. മറ്റൊന്ന് അമേരിക്ക ആദ്യം നിലപാടുകള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്ന്‍കാരെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ പ്രീണിപ്പിക്കാനാണെന്നും വിലയിരുത്തുകളുമുണ്ട്. മറ്റൊന്ന് യൂറോപ്യന്‍ താല്‍പര്യങ്ങള്‍ക്കെതിരെ റഷ്യയെ മുന്നില്‍ നിര്‍ത്തി കളിക്കാനുള്ള തന്ത്രമായും ട്രംപിന്റെ നീക്കങ്ങളെ വിലയിരുത്തുന്നവരുണ്ട്.