വൈക്കം സത്യാഗ്രഹത്തിന്റെ സ്വാധീനം ഭരണഘടനയില്‍ വരെ

രമേശ് ചെന്നിത്തല

വൈക്കം സത്യാഗ്രഹത്തിന് ഇന്ന് നൂറുവയസ് തികയുന്നു. കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ മഹത്തായ നവോത്ഥാന ചരിത്രത്തില്‍ ഏറ്റവും തിളക്കമുള്ള അധ്യായമാണ് വൈക്കം സത്യാഗ്രഹം. മൃഗങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന പൊതു നിരത്തുകളിലൂടെ മനുഷ്യര്‍ക്ക് സഞ്ചരിക്കാന്‍ പാടില്ലന്ന നിഷ്ഠൂരമായ നിയമം നിന്നിരുന്ന ഒരു കാലത്ത് ഗാന്ധിജിയുടെ അനുഗ്രഹത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന മഹത്തായ ഈ സമരം തൊട്ടുകൂടായ്മക്കെതെിരെയും അയിത്തത്തിനെതിരെയും ഇന്ത്യയില്‍ നടന്ന ആദ്യത്തെ ജനകീയ മുന്നേറ്റമായിരുന്നു.

1921 സെപ്തംബര്‍ മുന്നിന് എസ് എന്‍ ഡി പി യോഗം നേതാവായിരുന്ന ടി കെ മാധവന്‍ തിരുനെല്‍വേലിയില്‍ വച്ച് മഹാത്മാഗാന്ധിയെ സന്ദര്‍ശിച്ചതോടെയാണ് മഹത്തായ വൈക്കം സത്യാഗ്രഹത്തിന് കേളികൊട്ടുയരുന്നത്. തൊട്ടുകൂടായ്മ, അയിത്തം തുടങ്ങി മനുഷ്യവിരുദ്ധമായ ദുരാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ദേീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത് ടി കെ മാധവനുമായി നടന്ന ഐതിഹാസികമായ കൂടിക്കാഴ്ചക്ക് വലിയ പങ്കുണ്ടായിരുന്നു.

1923 ഡിസംബറില്‍ കാക്കിനദയില്‍ മൗലാന മുഹമ്മദലിയുടെ അധ്യക്ഷതയില്‍ കൂടിയ ഐ ഐ സി സി സമ്മേളനത്തില്‍ ടി കെ മാധവന്‍ നേരിട്ട് അവതരിപ്പിച്ച അയിത്തോച്ചാടന പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാസാക്കുകയും, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോട് തങ്ങളുടെ പ്രദേശങ്ങളില്‍ അയിത്തത്തിനും തൊട്ടുകൂടായ്മക്കെതിരായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു അയിത്തോച്ചാടന കമ്മിറ്റി രൂപം കൊണ്ടു. ടി കെ മാധവന്‍, കെ പി കേശവമേനോന്‍, കെ കേളപ്പന്‍, കൂറൂര്‍ നീലക്ണഠന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരൊക്കെയായിരുന്നു ഈ കമ്മിറ്റിയിലെ അംഗങ്ങള്‍. ഇതോടെയാണ് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അയിത്തോച്ചാടനം തങ്ങളുടെ കര്‍മ്മപരിപാടിയായി ഏറ്റെടുത്തത്.

് നവോത്ഥാന കേരളത്തിന് അടിസ്ഥാന ശിലപാകിയ 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹത്തിന് ഇതോടെയാണ് തുടക്കമാകുന്നത്. അന്നേ വരെ തിരുവിതാംകൂര്‍ സംസ്ഥാനത്തെ കൊച്ചുഗ്രാമമായിരുന്ന വൈക്കം ഇന്ത്യയുടെ ഭൂപടത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തപ്പെട്ടു. വൈക്കം ക്ഷേത്രത്തിന് സമീപമുള്ള റോഡുകളിലൂടെ തൊട്ടുകൂടാത്തവര്‍ എന്ന് അന്ന് വിളിക്കപ്പെട്ടിരുന്നവര്‍ക്ക് നടക്കാനുളള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നത് മാത്രമായിരുന്നില്ല ഈ സത്യാഗ്രഹത്തിന്റെ ലക്ഷ്യം. സാമൂഹ്യ നീതിയും, ഒരു രാഷ്ട്രത്തിലെ പൗരന്‍മാര്‍ എല്ലാവരും തുല്യരാണെന്ന പ്രഖ്യാപനവും, സ്ത്രീ പുരുഷ സമത്വവും, ജാതി നിര്‍മ്മാര്‍ജ്ജനവും, അവസര സമത്വവുമെല്ലാം വൈക്കം സത്യാഗ്രഹത്തിന്റെ ലക്ഷ്യങ്ങളുടെ അടിസ്ഥാനധാരയായി വര്‍ത്തിച്ചിരുന്നു. ഇതെല്ലാം പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കളെ സ്വാധീനിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര്യ ഇന്ത്യയുടെ ഭരണഘടയില്‍ ഈ ലക്ഷ്യങ്ങളുടെ പ്രതിഫലനങ്ങള്‍ വ്യക്തമായി നമുക്ക് കാണാം.

ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുള്ള സ്വാതന്ത്ര്യ ദാഹികളായ മനുഷ്യര്‍ വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നല്‍കാന്‍ ഒഴുകിയെത്തി. പഞ്ചാബില്‍ നിന്നുള്ള അകാലികളും, ക്രൈസ്തവ- ഇസ്‌ളാമിക സമുദായ പ്രതിനിധികളും വൈക്കം സത്യാഗ്രഹത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് അവിടയെത്തി. അന്ന് തമിഴ്‌നാട് പി സി സി അധ്യക്ഷനും പിന്നീട് ദ്രാവിഡകഴകം നേതാവുമായിരുന്ന പെരിയാര്‍ ഇ വി രാമസ്വാമി നായ്കര്‍ വൈക്കം സത്യാഗ്രഹത്തിലെ സജീവ സാന്നിധ്യമായിരുന്നു. അങ്ങിനെ തിരുവിതാംകൂറിലെ ഒരു കൊച്ചു പ്രദേശം അന്നത്തെ ഇന്ത്യയുടെ പരിഛേദമായി മാറി. ശ്രീനാരായണഗുരുദേവനെപ്പോലുള്ള യുഗപുരുഷന്‍മാര്‍ വൈക്കം സത്യാഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി. കേവലം വഴി നടക്കാനുളള സ്വതന്ത്ര്യത്തിന് മാത്രമല്ല ഭാരത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമരത്തിന് പുതിയ ഊര്‍ജ്ജവും ചൈതിന്യവും നല്‍കുന്ന മഹാ പ്രക്ഷോഭമായി വൈക്കം സത്യാഗ്രഹം മാറി.

സത്യാഗ്രഹത്തിന്റെ വിജയത്തിന് അന്നത്തെ സവര്‍ണ്ണ സമുദായങ്ങളുടെ പിന്തുണ അനിവാര്യാണെന്ന് മനസിലാക്കിയ ഉല്‍പതിഷ്ണുവായ ടി കെ മാധവന്‍ എന്‍ എന്‍ എസ് സ്ഥാപകനായ മന്നത്ത് പത്മനാഭനുമായി അലോചിച്ച് ഒരു സവര്‍ണ്ണജാഥ തിരുവനന്തപുരത്തേക്ക് നടത്താന്‍ പദ്ധതിയിട്ടു. ഇതേ തുടര്‍ന്ന് മന്നം 500 സവര്‍ണ്ണ സമുദായംഗങ്ങളുമായി തിരുവനന്തപുരത്തേക്ക് ജാഥ നടത്തുകയും ചെയ്്തു. സവര്‍ണ്ണ ജാഥ എന്നറിയിപ്പെടുന്ന ഈ ജാഥക്ക് വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള്ളത്.

1925 മാര്‍ച്ച് ഒമ്പതിന് ഗാന്ധിജി വൈക്കത്തെത്തി. വൈക്കെത്തി സമരസഭടന്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധിജി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. ‘ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തെക്കാള്‍ ഒട്ടും അപ്രധാനമില്ലത്താ സമരമാണ് വൈക്കം സത്യാഗ്രഹികളുടേത്, അവര്‍ യുഗങ്ങളായി നിലനില്‍ക്കുന്ന അനീതിക്കും പക്ഷപാതിത്വത്തിനും എതിരായാണ് സമരം ചെയ്യുന്നത്. അതിന് ശേഷമാണ് ഗാന്ധിജിയും ഗുരുദേവനും തമ്മില്‍ നടന്ന ചരിത്രപ്രധാനമായ ആ കൂടിക്കാഴ്ചയുണ്ടാകുന്നതും.

ചിറ്റേടത്ത് ശങ്കുപ്പിള്ളയെയും ആമച്ചാടി തേവനെയും രാമന്‍ ഇളയതിനെപ്പോലുള്ളവര്‍ ഈ സമരത്തിന്റെ രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷികളുമായി തീര്‍ന്നു. ജ്ഞാതരും അജ്ഞാതരുമായ സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന നിരവധി സ്വാതന്ത്ര്യ സമരസേനാനികള്‍, സത്യാഗ്രഹികള്‍ ധീരതയോടെ വൈക്കം സത്യാഗ്രഹത്തില്‍ തങ്ങളുടെ ജീവന്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ട് പങ്കെടുത്തു. അവരെയെല്ലാം ഈ വേളയില്‍ നമുക്ക് അഭിവാദ്യം ചെയ്യാം.

ഇന്ത്യയുടെ കേരളത്തിന്റെയും നവോത്ഥാന മുന്നേറ്റത്തിന് അടിത്തറയിട്ടത്ത് വൈക്കം സത്യാഗ്രഹമായിരുന്നു. അതാകട്ടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാര്യപരിപാടിയനുസരിച്ചു നടന്നതുമാണ്. അതിന് ശേഷം നടന്ന ഗുരുവായൂര്‍ സത്യാഗ്രഹവും കോണ്‍ഗ്രസിന്റെ കാര്യപരിപാടിയുടെ ഭാഗമായിരുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും നവോത്ഥാന മുന്നേറ്റങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പദ്ധതിയുടെയും അതുവഴി സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗവുമായിരുന്നു. അന്നൊന്നും ചിത്രത്തില്‍ പോലുമില്ലായിരുന്ന പലരും ഇന്ന് കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. അത് ചരിത്ര സത്യങ്ങള്‍ക്ക് നിരക്കാത്തതാണ്. കേരളത്തിലെയും ഭാരതത്തിലെയും നവോത്ഥാന മുന്നറ്റങ്ങളുടെ ആധാരശില പാകിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും നേതൃത്വത്തില്‍ നടന്ന സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍തന്നെയായിരുന്നു. ഈ വസ്തുത ഉള്‍ക്കൊണ്ടുതന്നെയാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം വളരെ വിപുലമായ തോതില്‍ ആചരിക്കാന്‍ തിരുമാനിച്ചതും.