'സര്‍ക്കാര്‍ പരസ്യത്തിന് മാറ്റിവെച്ച പണമെടുത്ത് ആ പദ്ധതി ചെലവിന് കൊടുക്കും'

നവകേരള സദസ്സും സര്‍ക്കാര്‍ ധൂര്‍ത്ത് എന്ന ആക്ഷേപവും സോഷ്യല്‍ മീഡിയയില്‍ അടക്കം പലവിധ ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കുന്ന സമയത്ത് അങ്ങ് തലസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന് നേരെ സുപ്രീം കോടതിയുടെ ഒരു അമ്പെയ്യുക ഉണ്ടായി. ഫലത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് എല്ലാം കൂടിയുള്ള ഒരു മുന്നറിയിപ്പായി വേണമെങ്കില്‍ ഇത് വിലയിരുത്തുകയും ചെയ്യാം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഘോഷിച്ച് പരസ്യം നല്‍കാന്‍ കൃത്യമായി പണം മാറ്റിവെയ്ക്കുന്ന സര്‍ക്കാരുകള്‍ പദ്ധതി വിഹിതത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഒരു മടി കാണിക്കുകയും ഖജനാവ് കാലിയാണെന്ന സ്ഥിരം ന്യായങ്ങളിലേക്ക് എത്തുകയും ചെയ്യുന്ന കാലത്ത് സുപ്രീം കോടതി പറയുകയാണ് ജനോപകാര പദ്ധതിയും പദ്ധതിക്കുള്ള ഫണ്ടുമാണ് മുഖ്യമെന്ന്.

റാപ്പിഡ് റെയില്‍ പദ്ധതിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാന്‍ വൈകിയതിന് ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെ വിരട്ടിയ സുപ്രീം കോടതി പിന്നാലെ പറഞ്ഞതാണ് മാസ് ഡയലോഗായത്. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി വിഹിതം ഒരാഴ്ചയ്ക്കകം നല്‍കിയില്ലെങ്കില്‍ പരസ്യം നല്‍കാനായി സര്‍ക്കാര്‍ നീക്കി വച്ച തുകയെടുത്ത് പദ്ധതിക്ക് വകമാറ്റി നല്‍കുമെന്ന്. പരസ്യം അവിടെ നില്‍ക്കട്ടെ മര്യാദയ്ക്ക് പ്രോജക്ട് ഫണ്ട് നല്‍കിയില്ലെങ്കില്‍ കോടതി തന്നെ സര്‍ക്കാര്‍ പരസ്യത്തിനായി നീക്കിവെച്ച പണമെടുത്ത് വകമാറ്റി നല്‍കുമെന്നാാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്്.

റിജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം അഥവാ റാപ്പിഡ് റെയില്‍ പദ്ധതിയെന്നത് ഉത്തര്‍പ്രദേശിലെ മീററ്റിനെയും രാജസ്ഥാനിലെ ആല്‍വാറിനെയും ഹരിയാനയിലെ പാനിപ്പത്തിനെയും ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന അര്‍ധ അതിവേഗ റെയില്‍ ഇടനാഴിയാണ്, സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോഴ്‌സ്. ഇതില്‍ ആല്‍വാറിനേയും പാനിപ്പത്തിനേയും ബന്ധിപ്പിക്കുന്ന പദ്ധതിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാത്തതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി പരസ്യത്തിനായി വകവെച്ചിട്ടുള്ള പൈസയെടുത്ത് പദ്ധിതിയ്ക്ക് കൊടുക്കുമെന്നാണ് പരമോന്നത നീതിപീഠം പറഞ്ഞത്.

മൂന്ന് വര്‍ഷത്തിനിടെ 1100 കോടി രൂപ പരസ്യത്തിനായി ചെലവഴിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് കഴിയുമെങ്കില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പദ്ധതികള്‍ക്ക് പണം നല്‍കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിക്കുന്നുണ്ട്.

ബജറ്റ് വിഹിതം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി പരിശോധിക്കേണ്ട കാര്യമാണെന്നും പക്ഷേ ദേശീയ പദ്ധതികളെയടക്കം ബാധിക്കുന്ന തരത്തില്‍ ഫണ്ട് നല്‍കാന്‍ ബുദ്ധിമുട്ടുകകയും എന്നാല്‍ പരസ്യങ്ങള്‍ക്ക് പണം ചെലവഴിക്കുകയും ചെയ്താല്‍, ആ ഫണ്ട് ഈ പദ്ധതിക്കായി കൈമാറാന്‍ നിര്‍ദ്ദേശിക്കാന്‍ കോടതിയ്ക്ക് ഒരു മടിയുമില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

പദ്ധതിക്ക് പണം നല്‍കാമെന്ന് ഡല്‍ഹി സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ ജൂലൈ 24ന് സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയ കാര്യം കൂടി ഓര്‍മ്മിപ്പിച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ചിന്റെ കടുത്ത പരാമര്‍ശം.

ഡല്‍ഹി-മീററ്റ് റാപ്പിഡ് റെയില്‍ പദ്ധതിക്കുള്ള പണം രണ്ടുമാസത്തിനകം കൊടുത്തുതീര്‍ക്കണമെന്ന് ജൂലായില്‍ സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനിടയിലാണ് മൂന്ന് വര്‍ഷത്തിനിടെ 1100 കോടി രൂപ പരസ്യത്തിനായി ചെലവഴിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് കഴിഞ്ഞുവെന്നുള്ള കാര്യം കൂടി സുപ്രീം കോടതി നിരീക്ഷിച്ചതും വിമര്‍ശിച്ചതും.

415 കോടി രൂപയാണ് ഡല്‍ഹി-മീററ്റ് ഇടനാഴിയിലെ ആല്‍വാര്‍ – പാനിപ്പട്ട് ഘട്ടത്തിനായി ആംആദ്മി സര്‍ക്കാര്‍ കൊടുക്കാനുള്ളത്. ജൂലൈയില്‍ രണ്ട് മാസത്തിനുള്ളില്‍ ഈ തുക കൊടുക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരേയും ഫണ്ട് നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിലാണ് സുപ്രീം കോടതി കടുത്ത രീതിയില്‍ പ്രതികരിച്ചത്. പദ്ധതി ഫണ്ടിന്റെ കാര്യം ചോദിക്കുമ്പോള്‍ കൈമലര്‍ത്തുന്ന ഡല്‍ഹി സര്‍ക്കാര്‍ പരസ്യത്തിനായി ഈ വര്‍ഷം നീക്കിവച്ചിരിക്കുന്ന തുക 550 കോടി രൂപയാണ് . ഈ അന്തരം കണ്ടാണ് ഈ വര്‍ഷം പരസ്യം നല്‍കാനായി സര്‍ക്കാര്‍ മാറ്റിവെച്ച പണം റാപ്പിഡ് റെയില്‍ പദ്ധതിയിലേക്ക് വകയിരുത്തുമെന്ന് സുപ്രീം കോടതി കടുത്ത ഭാഷയില്‍ പറഞ്ഞത്.

പ്രോജക്ടിനായി ഡല്‍ഹി സര്‍ക്കാര്‍ പണം നല്‍കിയില്ലെന്ന പരാതിയില്‍ വാദം കേള്‍ക്കവെ ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ മറുപടിയ്ക്കായി സമയം ചോദിച്ചതോടെയാണ് ജസ്റ്റിസ് കൗള്‍ ക്ഷുഭിതനായത്.

എന്തുകൊണ്ട് നിങ്ങള്‍ അനുസരിച്ചില്ല? ഞാന്‍ അന്ന് നിങ്ങളോട് പറഞ്ഞു, നിങ്ങളുടെ പരസ്യ വരുമാനം കണ്ടുകെട്ടുമെന്ന് അന്നേ ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ നിങ്ങളുടെ പരസ്യ ബജറ്റ് സ്റ്റേ ചെയ്യാന്‍ പോകുകയാണ്.

ഇത്രയുമാണ് ജസ്റ്റിസ് കൗള്‍ സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞത്. വിഷയം നവംബര്‍ 28ലേക്ക് മാറ്റിവെച്ചെങ്കിലും ജൂലൈയില്‍ കോടതിയ്ക്ക് ഉറപ്പ് നല്‍കിയ കാര്യങ്ങള്‍ പാലിക്കാത്തതില്‍ ആപ്പ് സര്‍ക്കാരിനോട് അതൃപ്തി അറിയിച്ചു കഴിഞ്ഞു കോടതി. നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് രാജ്യത്തെ ആദ്യ റീജണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിയായ ഡല്‍ഹി-മീററ്റ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഡല്‍ഹിക്കും മീററ്റിനും ഇടയില്‍ നിര്‍മിക്കുന്ന ആര്‍ആര്‍ടിഎസ് ഇടനാഴിക്ക് എന്‍വയോണ്‍മെന്റ് കോമ്പന്‍സേഷന്‍ ചാര്‍ജ് അഥവാ പാരിസ്ഥിതിക നഷ്ടപരിഹാര ചാര്‍ജില്‍ നിന്ന് 500 കോടി രൂപ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. 82.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതി 2025 ജൂണോടെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്തായാലും സര്‍ക്കാര്‍ പരസ്യത്തിന് നീക്കിവെച്ച ഫണ്ട് പോലും പദ്ധതി വിഹിതം നല്‍കാനില്ലല്ലോ എന്ന് സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യം പലര്‍ക്കും പലയിടങ്ങളിലും മാറ്റി പലതും കൂട്ടിച്ചേര്‍ത്തും സന്ദര്‍ഭം മാറ്റിയും ചോദിക്കാവുന്നതാണ്.