സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

ഫാം ഫെഡ് ചെയര്‍മാനും എംഡിയും സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയെന്ന പരാതിയിലാണ് മ്യൂസിയം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫാം ഫെഡ് ചെയര്‍മാന്‍ രാജേഷ് പിള്ള, എംഡി അഖില്‍ ഫ്രാന്‍സിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളത്തിലും തമിഴ്നാട്ടിലുമായി 16 ശാഖകളാണ് ഫാം ഫെഡിനുള്ളത്. ഏകദേശം 250 കോടിയോളം രൂപ 16 ശാഖകളില്‍ നിന്നായി വിവിധ ആളുകളില്‍ നിന്ന് നിക്ഷേപമായി ഫാം ഫെഡ് സ്വീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നിക്ഷേപം നടത്തിയവര്‍ക്ക് ലാഭ വിഹിതമോ പണമോ തിരികെ ലഭിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ഇരുവര്‍ക്കുമെതിരെ കൂടുതല്‍ പരാതികള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മ്യൂസിയം പൊലീസ്.