റഷ്യയെ പിണക്കാനില്ല

ശ്രീകുമാര്‍ മനയില്‍

യുക്രൈനില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍മാറണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നുള്ള പ്രമേയം യു എന്‍ രക്ഷാസമതിയില്‍ അമേരിക്കയും സഖ്യ കക്ഷികളും അവതരിപ്പിച്ചപ്പോള്‍ അതിന് എതിരായോ അനുകൂലമായോ വോട്ട് ചെയ്യാതെ ഇന്ത്യയും ചൈനയും യു എ ഇ യും വിട്ടു നിന്നുത് അന്തരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. യു എന്‍ സുരക്ഷാ സമതിയില്‍ ഉള്ള അമേരിക്കയടക്കമുള്ള പതിനൊന്ന് രാജ്യങ്ങള്‍ റഷ്യക്കെതിരെ വോട്ടു ചെയ്തപ്പോളാണ് ഇന്ത്യയും ചൈനയും യു എ ഇയും അടക്കമുള്ള രാജ്യങ്ങള്‍ വിട്ടു നിന്നത്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോട് എതിര്‍പ്പുണ്ടെങ്കിലും ഇപ്പോള്‍ റഷ്യയെ പിണക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഈ മൂന്ന് രാജ്യങ്ങളും എന്നതാണതിന് കാരണം. ഇന്നത്തെ ലോകക്രമത്തില്‍ ഈ മൂന്ന് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും അമേരിക്കയെക്കാള്‍ എന്ത് കൊണ്ടും വിശ്വസിക്കാവുന്ന പങ്കാളി റഷ്യ തന്നെയാണ്. സാങ്കേതിക വിദ്യയായാലും, ആയുധങ്ങളായാലും എന്തിന് കൊറോണ വൈറസിനെതിരായ വാക്‌സിനായാലും മൂന്നാം ലോക രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്താനും അതുവഴി അവരുടെ വ്യാപാര പങ്കാളിയാകാനും റഷ്യകാണിക്കുന്ന താല്‍പര്യമാണ് ഇതിന്റെ പ്രധാനകാരണം. അമേരിക്ക എന്നാല്‍ അമേരിക്കന്‍ കോര്‍പ്പറേറ്റുകളാണ്. ആയുധങ്ങളായാലും മറ്റ് സാങ്കേതിക വിദ്യയായാലും അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ ഹിതത്തിന് വഴങ്ങുകയും അതോടൊപ്പം അമേരിക്കന്‍സര്‍ക്കാരിന്റെ അന്തര്‍ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ കൈക്കൊണ്ടാലും മാത്രെമേ ഏത് തരത്തിലുള്ള ഇടപാടും സാധ്യമാകു. അതല്ലങ്കില്‍ അമേരിക്കക്ക് ആ രാഷ്ട്രത്തോട് എന്തെങ്കിലും പ്രത്യേക താല്‍പര്യം വേണം.

എന്നാല്‍ വ്‌ളാദിമിര്‍ പുടിന്റെ റഷ്യ അങ്ങിനയെല്ല. ഉഹാദരണത്തിന് റഷ്യയുടെ അത്യന്താധുനിക എസ് 400 മിസൈല്‍സംവിധാനം ഇന്ത്യക്ക് കൈമാറനുള്ള 5.43 ബില്യണ്‍ യു എസ് ഡോളറിന്റെ കരാറിനെതിരെ അമേരിക്ക ഉപരോധ ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് വലിയ മുതല്‍കൂട്ടാകുന്ന ഈ സംവിധാനം ഇന്ത്യക്ക് കൈമാറിയാല്‍ ഉപഭൂഖണ്ഡത്തിലെ സൈനിക ബലാബലത്തില്‍ ഇന്ത്യക്ക് വലിയ മുന്‍തൂക്കം ലഭിക്കും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് അമേരിക്ക ഉപരോധഭീഷണിയുമായി രംഗത്ത് വന്നത്. എന്നാല്‍ ഉപരോധ ഭീഷണി തെല്ലും വകവയ്കാതെ മിസൈല്‍ സംിവിധാനം ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ പ്രഖ്യാപിച്ചു. മാത്രമല്ല ആദ്യത്തെ യൂണിറ്റിന്റെ കൈമാറ്റം നടക്കുകയും ചെയ്തു.

പ്രതിരോധഇടപാടുകളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണ് റഷ്യയും മുന്‍ സോവിയ്റ്റ് യൂണിയനും, മിഗ് 29 , സുഖോയ് 30000 യുദ്ധ വിമാനങ്ങള്‍ , സംയോജിത മിസൈല്‍ സിസ്റ്റം എന്നിവ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സൈനിക ശക്തിക്ക് നല്‍കിയ മേല്‍ക്കൈ ചെറുതല്ല, ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇന്ത്യയുടെ അത്യന്താധുനിക ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് മിസൈലും റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ചതാണ്. ബംഗ്‌ളാദേശ് യുദ്ധക്കാലത്ത് അമേരിക്കയുടെ ഇടപടെല്‍ ഇന്ത്യക്ക് ഹാനികരമാകുമെന്ന് കണ്ടപ്പോള്‍ സോവിയ്റ്റ് യൂണിയന്‍ ഇടപെട്ട് ഇന്ത്യ സമുദ്രത്തില്‍ നിന്നും അമേരിക്കന്‍ ഏഴാം കപ്പല്‍പടയെ പിന്നോട്ടോടിച്ച സംഭവമുണ്ട്. പ്രതിരോധ കാര്യങ്ങളില്‍ ഇന്ത്യക്ക് എപ്പോഴും വിശ്വസിക്കാനും ആശ്രയിക്കാനുമുള്ള വിശ്വസ്ത പങ്കാളിയാണ് റഷ്യ എന്നുറപ്പുളളത് കൊണ്ടാണ് അമേരിക്കക്കും സഖ്യ കക്ഷികള്‍ക്കും വേണ്ടി റഷ്യയെ പിണക്കാന്‍ പാടില്ലന്ന നിലപാടില്‍ ഇന്ത്യ എത്തിച്ചേര്‍ന്നത്.

ചൈനയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം നല്‍കുന്ന രാജ്യമാണ് റഷ്യ. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ റഷ്യയില്‍ നിന്ന് ചൈനയിലേക്കുള്ള പൈപ്പ് ലൈനിനിലൂടെ കൂടുതല്‍ പ്രകൃതി വാതകം ചൈനയിലേക്കെത്തും. ലോകത്തില്‍ സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ – പ്രകൃതി വാതക നിക്ഷേപമുള്ള രാജ്യമാണ് റഷ്യ. മുപ്പത് വര്‍ഷത്തേക്കു നിര്‍ബാധം എല്‍ എന്‍ ജി ലഭിക്കുന്നതിനുള്ള കരാറും അണിയറയില്‍ തെയ്യാറായി വരുന്നു. ചൈന നേരിടാന്‍ പോകുന്ന ഇന്ധന ക്ഷാമത്തിന് വലിയൊരളവുവരെയുള്ള പരിഹാരമാണിത്. അമേരിക്കയാകട്ടെ ചൈനയെ ഏഷ്യന്‍ പുലിയാകുന്നതില്‍ നിന്ന് എത് വിധേനയെയും തടയാന്‍ ഉള്ള മാര്‍ഗം തേടുകയാണ്.

അമേരിക്കപ്പൊപ്പം നിലകൊള്ളുന്നത് കൊണ്ട് സൈനികമായോ, സാമ്പത്തിക രംഗങ്ങളിലോ വലിയ പ്രയോജനം ചെയ്യില്ലന്ന് ഇന്ത്യയും ചൈനയും ഉള്‍പ്പൈടെയുള്ള വികസ്വര രാജ്യങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പോലും അമേരിക്ക ഇന്ത്യയെ പ്രകടമായി സഹായിക്കാത്തതിന്റെ എതിര്‍പ്പ് ഇന്ത്യക്കുണ്ട്. അതോടൊപ്പം കാശ്മീരിലടക്കം ഭീകരവാദികളെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ നടത്തുന്ന നിഴല്‍യുദ്ധങ്ങളില്‍ നിന്ന് അവരെ തടയുന്ന കാര്യത്തില്‍ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നും അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകാറുമില്ല.

യു എ ഇയാകട്ടെ മരുന്നുകള്‍ വാക്‌സിനുകള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ക്ക് ലഭിച്ച റഷ്യന്‍ സഹായത്തോടെ നന്ദിയോടെ കാണന്നവരാണ്. 2015 ലെ സിറിയിന്‍ ആഭ്യന്തര യുദ്ദത്തിലെ റഷ്യന്‍ ഇടപെടലിനെ സ്വാഗതം ചെയ്ത രാജ്യം കൂടിയാണ് യു എ ഇ. അതോടൊപ്പം റഷ്യയുമായി വന്‍ പ്രതിരോധ ഇടപാടുകളും യു എ ഇ നടത്തി വരുന്നു. 2019 ല്‍ 710 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആന്റി ടാങ്ക് മിസൈലുകളാണ് യു എ ഇ റഷ്യയില്‍ നിന്ന് സ്വന്തമാക്കിയത്്. കൊറോണക്കെതിരെയുള്ള റഷ്യന്‍ വാക്‌സിന്‍ സ്പുടിനിക് യു എ ഇയിലെ പ്രതിരോധ കുത്തിവയ്പിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. റഷ്യയും യു എ ഇയിലും ചേര്‍ന്ന് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന എസ് യു 75 ഫൈറ്റര്‍ വിമാനങ്ങള്‍ ലോകത്തിലെ തന്നെ അത്യന്ത്യാധുനിക യുദ്ധ വിമാനങ്ങളാണ്.

ചുരുക്കത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കൊക്കെ പ്രതിരോധ സാമ്പത്തി മേഖലകളില്‍ വിശ്വസ്ത പങ്കാളിയാണ് റഷ്യ. യുദ്ധമായാലും സമാധാനമായാലും റഷ്യയെ പിണക്കിക്കൊണ്ട് ഒരു തിരുമാനവും എടുക്കാന്‍ ഇന്ത്യയും ചൈനയും അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കഴിയില്ല. അമേരിക്കയെ ഇപ്പോഴും വിശ്വസിക്കാന് കൊള്ളാത്ത ഒരു തന്ത്രശാലിയായ കുറുക്കനായാണ് ഈ രാജ്യങ്ങള്‍ കാണുന്നത്.അത് കൊണ്ട് തന്നെ റഷ്യക്കെതിരായ ഒരുനീക്കത്തിനും ഈ രാജ്യങ്ങള്‍ തല വച്ച് കൊടുക്കുകയുമില്ല.