രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

വീണ്ടും ക്ലാസെടുത്ത് രാഹുല്‍ ഗാന്ധി, പ്രോംപ്റ്ററില്‍ നോക്കിയുള്ള പ്രസംഗവും മന്‍ കി ബാത്തുമല്ല. രാഷ്ട്രീയക്കാര്‍ മൈക്കിന് മുന്നില്‍ നിന്ന് വിളിച്ചുപറയുന്ന സാധാരണ ആരോപണങ്ങളല്ല, ഒരു പവര്‍പോയന്റ് പ്രസന്റേഷന്‍ ചാതുരിയില്‍ വീണ്ടും രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് വന്നുനിന്ന് വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചു തെളിവ് നിരത്തുകയാണ്. രാജ്യത്ത് ഇന്നുവരെ ഒരും തിരഞ്ഞെടുപ്പ് കമ്മീഷണറും നേരിടാത്ത വിധമുള്ള കറ വീണിട്ടും അന്വേഷണത്തിനോ തെളിവ് നല്‍കാനോ തയ്യാറാവാതെ ഭരണകൂട പ്രീണനത്തില്‍ വിരാചിക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വീണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ വെളിവാകപ്പെടുകയാണ്. ജനാധിപത്യത്തെ കൊലചെയ്യാന്‍ കൂട്ടുനിന്നയാള്‍ എന്ന പേരിലേക്ക് ഗ്യാനേഷ് കുമാറിന്റെ പേര് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കാലം വിദൂരമല്ലെന്ന് വ്യക്തമാക്കുകയാണ് വോട്ട് കൊള്ളയുടെ കാണാപ്പുറങ്ങള്‍ ഓരോന്നായി രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് തുറന്നുകാട്ടുമ്പോള്‍.

വോട്ട് ചോരിയെന്ന ക്യാമ്പെയ്‌നുമായി രാഹുല്‍ ഗാന്ധി ആദ്യം വന്നപ്പോള്‍ ഇല്ലാത്ത വോട്ടര്‍മാരുടെ ലിസ്റ്റാണ് രാജ്യത്തെ യുവത്വത്തിന് മുമ്പില്‍ വെളിവാക്കിയതെങ്കില്‍ ഇക്കുറി വോട്ട് നഷ്ടപ്പെട്ടവരുടെ വാക്കുകളും അവരെ രാജ്യത്തിന് മുമ്പില്‍ പരിചയപ്പെടുത്തിയുമാണ് രാഹുലിന്റെ രണ്ടാം വരവ്. ചോര്‍ത്തിയും ചേര്‍ത്തും രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നതിന്റെ മഞ്ഞുമലയുടെ അറ്റമാണ് രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയിരിക്കുന്നത്. വിവരങ്ങളും വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും ചോദിക്കുമ്പോള്‍ അമ്മ പെങ്ങന്‍മാരുടെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കൈമാറണോയെന്ന സംഘയുക്തിയ്ക്കനുസരിച്ചുള്ള ചോദ്യം ചോദിച്ച് തടിതപ്പാന്‍ നോക്കിയ അതേ ഗ്യാനേഷ് കുമാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. അട്ടിമറിക്ക് കോപ്പുകൂട്ടിയത് തങ്ങളാണെന്ന് സമ്മതിക്കേണ്ടി വന്നാലും പുറത്തുനിന്നുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയിലുള്ള വോട്ടര്‍ ലിസ്റ്റില്‍ തിരിമറി നടത്തുന്നുവെന്ന് വന്നാലും ഈ സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് ഒഴിഞ്ഞുമാറാനാവില്ല.

വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നു പറഞ്ഞു രാഹില്‍ ഗാന്ധി പുറത്തുവിട്ട കാര്യങ്ങള്‍ ഗൗരവമുള്ളത് തന്നെയാണ്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്ന 6018 വോട്ടര്‍മാരെ ആസൂത്രിതമായി നീക്കിയെന്നു പറയുകയും രേഖകള്‍ കാണിക്കുകയും മാത്രമല്ല രാഹുല്‍ ഗാന്ധി ചെയ്തത്. വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഗ്യാനേഷ് കുമാറിനെ വെല്ലുവിളിച്ചത്. വോട്ടുകൊള്ളയില്‍ അന്വേഷണത്തിനായി മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കര്‍ണാടക സിഐഡി നിരവധി തവണ കത്ത് നല്‍കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരം നല്‍കിയില്ലെന്ന് പറയുമ്പോള്‍ തന്നെ ആരാണ് പേടിക്കുന്നതെന്നും ഒളിച്ചോടുന്നതെന്നും വ്യക്തമാണ്.

എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഒഴിവാക്കലാണ് നടന്നതെങ്കില്‍ മഹാരാഷ്ട്രയിലെ രജൂരയില്‍ കൂട്ടിച്ചേര്‍ക്കലാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. രജൂര മണ്ഡലത്തില്‍ 6850 വ്യാജ വോട്ടുകളാണ് ചേര്‍ത്തതെന്നും പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടവരുടെ വിവരമുള്ളതെന്നും വ്യാജ ലോഗിന്‍ ഉപയോഗിച്ചാണ് തട്ടിപ്പു നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറയുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളെ നീക്കുന്നതു വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്കു ചെയ്യുന്നതല്ലെന്നും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കേന്ദ്രീകൃതമായി നടപ്പാക്കുന്ന പ്രവൃത്തിയാണെന്നും രാഹുല്‍ ആരോപിച്ചു. പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതും കൂട്ടിച്ചേര്‍ക്കുന്നതും വോട്ടര്‍മാര്‍ അറിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

ദശലക്ഷക്കണക്കിനു വോട്ടുകളാണ് ഇത്തരത്തില്‍ രാജ്യത്താകമാനം നീക്കംചെയ്യുന്നത്. പ്രധാനമായും, പ്രതിപക്ഷത്തിനു വോട്ട് ചെയ്യുന്ന ദലിതര്‍, ഗോത്രവിഭാഗക്കാര്‍, പിന്നാക്കക്കാര്‍, മുസ്‌ലിംകള്‍ എന്നിവരെ പ്രത്യേകം ലക്ഷ്യമിട്ട് വോട്ട് നീക്കുന്നു. ഇത് നേരത്തെ നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ 100 ശതമാനം തെളിവോടെ പുറത്തുവന്നിരിക്കുകയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജയസാധ്യതയുള്ള ബൂത്തുകളെയാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി, ‘ഗോദാബായ്’ എന്ന സ്ത്രീയുടെ ഉദാഹരണം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഗോദാബായിയുടെ പേരില്‍ ആരോ വ്യാജ ലോഗിനുകള്‍ ഉണ്ടാക്കി 12 വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ ശ്രമിച്ചുവെന്നും അവര്‍ക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും പറഞ്ഞു. കര്‍ണാടകയില്‍ വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ ഉപയോഗിച്ച സെല്‍ഫോണ്‍ നമ്പറുകള്‍ പങ്കുവെച്ച രാഹുല്‍ ഗാന്ധി അവ കര്‍ണാടകയില്‍ നിന്നുള്ളതല്ലെന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണെന്നും പറഞ്ഞു. സ്‌ക്രീനില്‍ ഇതെല്ലാം കാണിച്ച് രാഹുല്‍ ചോദിച്ച ചോദ്യം കാര്യമാത്രപ്രസക്തമാണ്.

‘ചോദ്യം ഇതാണ്, ഇവ ആരുടെ നമ്പറുകളാണ്, എങ്ങനെയാണ് ഇവ പ്രവര്‍ത്തിപ്പിച്ചത്, ആരാണ് ഒടിപികള്‍ ഉണ്ടാക്കിയത്?ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയര്‍ വോട്ടു കൊള്ളയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. പട്ടികയില്‍ നിന്നു വോട്ട് നീക്കാനുള്ള അപേക്ഷകനായി കാണിക്കുന്നത് ഓരോ ബൂത്തിലെയും ആദ്യത്തെ വോട്ടറുടെ പേരാണ്. ഇത് കേന്ദ്രീകൃതമായി ചെയ്യുന്നതാണെന്നു വ്യക്തമാണ്.

ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നീക്കിയ ആദ്യത്തെ 10 ബൂത്തുകളും കോണ്‍ഗ്രസ് ബൂത്തുകളാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കര്‍ണാടകയ്ക്കു പുറത്തുള്ള കോള്‍ സെന്ററുകള്‍ വഴിയാണു ക്രമക്കേടുകള്‍ നടന്നതെന്നും കര്‍ണാടകയിലും മഹാരാഷ്ട്രയിലും മാത്രമല്ല, ഹരിയാനയിലും യുപിയിലും വോട്ടു കൊള്ള നടന്നുവെന്നും രാഹുല്‍ ആരോപിച്ചു. സൂര്യകാന്ത്, നാഗരാജ് എന്നിങ്ങനെ വോട്ടര്‍മാരെ നീക്കം ചെയ്തവരുടെ പേരുകള്‍ ചൂണ്ടിക്കാട്ടി, ഇത് ഒറ്റയ്‌ക്കൊറ്റയ്ക്ക് മനുഷ്യ സാധ്യമല്ലെന്നും സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിവരങ്ങള്‍ കര്‍ണാടക സിഐഡിയും കര്‍ണാടക ചിഫ് ഇലക്ടറല്‍ ഓഫീസറും ഇല്ക്ടറല്‍ റോളില്‍ നിന്ന് ആളുകള്‍ നീക്കം ചെയ്യപ്പെട്ടതിന്റെ വിവരം ചോദിച്ചിട്ട് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ല. എന്തുകൊണ്ടാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ 18 മാസമായി അന്വേഷണം തടയാന്‍ വിവരങ്ങള്‍ പുറത്തുവിടാത്തതെന്ന ചോദ്യം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ചോദിക്കുന്നുണ്ട്.

Read more

വോട്ടുകൊള്ളക്കാരെ സംരക്ഷിക്കാനാണ് ഇസിഐ ശ്രമിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടുകൊള്ള നടത്തുന്നവരെ സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്യുന്നതെന്നു രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് അക്കമിട്ട തെളിവുകളുമായി ആരോപിക്കുമ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണമെന്ന് പറഞ്ഞു ഒഴിഞ്ഞുമാറാനാണ് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രമം. അതേ വഴിയ്ക്ക് ബിജെപിയും അടിസ്ഥാനരഹിത ആരോപണമെന്ന് പറഞ്ഞു രംഗത്തെത്തി. ഒപ്പം രാജ്യത്തെ നശിപ്പിക്കാനുള്ള ശ്രമമാണെന്ന സ്ഥിരം ആരോപണവുമായി ബിജെപിയ്ക്ക് വേണ്ടി മുന്‍മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കുറി കളത്തിലിറങ്ങിയത്. ബംഗ്ലാദേശിലേയും നേപ്പാളിലേയും സാഹചര്യം ഇന്ത്യയില്‍ സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്നാണ് അനുരാഗ് ഠാക്കൂര്‍ പറയുന്നത്.