ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

INDIA TALK

രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ നിന്നു കൊണ്ടുള്ള റായ്ബറേലി ചാട്ടം കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഗുണമോ ദോഷമോ?. അമേഠിയില്‍ മല്‍സരിക്കാന്‍ ധൈര്യമില്ലാത്ത രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക് മാറിയെന്ന ട്രോളും പരിഹാസങ്ങളും കേരളത്തില്‍ ഉയരുമ്പോള്‍ ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ ആയുധമായി ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു.

‘ഢരോ മത്, ഭാഗോ മത്’ പേടിക്കരുത്, പേടിച്ചോടരുത് എന്നിങ്ങനെയെല്ലാം പറഞ്ഞു നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ വീണ്ടും അമൂല്‍ ബേബിയാക്കി ചിത്രീകരിച്ചു കഴിഞ്ഞു. അമേഠിയില്‍ നില്‍ക്കാന്‍ കഴിയില്ലായിരുന്നെങ്കില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കേണ്ടിയിരുന്നോ എന്ന ചോദ്യം കോണ്‍ഗ്രസ് ക്യാമ്പില്‍ പോലുമുണ്ട്. സുരക്ഷിത താവളമെന്ന പേരില്‍ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയ ഒഴിവില്‍ റായ്ബറേലിയിലേക്ക് രാഹുല്‍ ഗാന്ധി ചാടുമ്പോള്‍ അമേഠിയില്‍ സ്മൃതി ഇറാനിയെ നേരിടാന്‍ ധൈര്യമില്ലേയെന്ന ചോദ്യം സ്വാഭാവികമാണ്. അത്തരത്തിലൊരു ചോദ്യത്തിന് ഗാന്ധി കുടുംബം ഇടയാക്കിയതെന്തിന് എന്ന ചോദ്യത്തിന് യുപിയില്‍ കഴിഞ്ഞ കുറി കിട്ടിയ ഏകസീറ്റ് ഇക്കുറി വിട്ടുകളഞ്ഞാല്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടാവില്ലെന്ന ഭീതി കൂടിയാണ് ഉത്തരമായി പുറത്തുവരിക.

യുപിയിലെ ഒറ്റതുരുത്ത് പലതാക്കണമെന്നാണ് ഇക്കുറി മോഹമെങ്കിലും റായ്ബറേലിയെന്ന കോണ്‍ഗ്രസ് തട്ടകം വിട്ടുകളയാനാവില്ല ഗാന്ധി കുടുംബത്തിന്.പ്രിയങ്ക ഗാന്ധി മല്‍സരിക്കാതെ മാറി നിന്നതും ഭയത്താലാണെന്ന ബിജെപി പ്രചരണം ഉത്തരേന്ത്യന്‍ മണ്ണില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. വോട്ടര്‍മാര്‍ ഈ ഭയപ്പെട്ടോടിയവരുടേയും മാറി നില്‍ക്കുന്നവരുടേയും ഒപ്പം നില്‍ക്കുമോ അതോ 56 ഇഞ്ചിന്റെ ധൈര്യം പറയുന്നവരുടെ ഒപ്പം നില്‍ക്കുമോയെന്ന പേടി സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ മത്സരിക്കണമെന്ന് പ്രിയങ്ക ഗാന്ധി വദ്രയോട് അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ നിരസിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന വിവരം. പ്രിയങ്കയുടെ മല്‍സരിക്കാനുള്ള വിമുഖതയ്ക്ക് പിന്നില്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ചാല്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം അമ്മ സോണിയ ഗാന്ധിക്കൊപ്പം പാര്‍ലമെന്റില്‍ ഗാന്ധി കുടുംബത്തിലെ അംഗസംഖ്യ മൂന്നാകും. ബിജെപിയുടെ കുടുംബ രാഷ്ട്രീയ വാദം ശക്തിപ്പെടുമെന്ന് കണ്ടാണേ്രത പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിയത്. പക്ഷേ പ്രിയങ്കയുടെ പിന്മാറ്റം പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും കരുതുന്നത്. നരേന്ദ്ര മോദിയ്‌ക്കെതിരെ ശക്തമായ കൗണ്ടര്‍ അറ്റാക്ക് നടത്തുന്ന പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിന് ഇറങ്ങാത്തത് പാര്‍ട്ടിക്ക് നെഗറ്റീവാകുമെന്നാണ് ഇവര്‍ ഭയക്കുന്നു.

രാഹുല്‍ ഗാന്ധി വയനാട് സുരക്ഷിത താവളത്തില്‍ വോട്ടെടുപ്പ് കഴിയാന്‍ കാത്തിരുന്നു റായ്ബറേലിയിലേക്ക് പോയി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ചതിയായി കാണുന്നവരുമുണ്ട്. വയനാട്ടുകാരെ മറച്ച് രാഹുല്‍ റായ്ബറേലിയിലേക്ക് പോയത് തന്ത്രപൂര്‍വ്വമായ മൗനം അവലംബിച്ചാണ്. 20 തിരഞ്ഞെടുപ്പില്‍ 17 തവണയും കോണ്‍ഗ്രസിനെ തുണച്ച റായ്ബറേലി പക്ഷേ ഇന്ദിര ഗാന്ധിയെ വീഴ്ത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിര തോറ്റ കോണ്‍ഗ്രസ് കോട്ടയാണ് റായ്ബറേലി. ഒരു പ്രധാനമന്ത്രി തോറ്റ ഇന്ത്യയിലെ സീറ്റ് കൂടിയാണ് റായ്ബറേലിയെന്നതാണ് ചരിത്രം. ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയിലൂടെയാണ് റായ്ബറേലിയുടെ തിരഞ്ഞെടുപ്പ് ചരിത്രം തുടങ്ങിയത്. 2014 ലും 2019ലും മോദി തരംഗത്തിലും കോണ്‍ഗ്രസിനെ ഉറപ്പിച്ചു നിര്‍ത്തിയ റായ്ബറേലി ഉത്തര്‍പ്രദേശിലെ ഏക സുരക്ഷിത മണ്ഡലം എന്നുകണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പോക്ക്.

പക്ഷേ അത് ഏറ്റവും ശക്തമായി ഉയര്‍ത്തി ഉത്തര്‍പ്രദേശിലും മറ്റ് ഹിന്ദി ഹൃദയഭൂമിയിലും നേട്ടമുണ്ടാക്കാന്‍ മോദിയ്ക്ക് പിന്നാലെ സ്മൃതി ഇറാനിയും മറ്റ് നേതാക്കളും ഇറങ്ങി കഴിഞ്ഞു. വയനാട്ടിലെ ജനങ്ങളെ കളിയാക്കുകയാണ് രാഹുല്‍ ചെയ്തതെന്ന വികാരം ഉയര്‍ത്തുകയാണ് സ്മൃതി. തിരഞ്ഞെടുപ്പിന് മുമ്പേ അമേഠിയില്‍ തോല്‍വി സമ്മതിച്ചതിന് നന്ദി പറയാനും സ്മൃതി മടിച്ചില്ലെന്ന് കാണുമ്പോഴറിയാം രാഹുലിന്റെ നീക്കമുണ്ടാക്കിയ തിരിച്ചടി. റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി രാഹുലിനോട് അഭ്യര്‍ത്ഥിച്ചു, അദ്ദേഹം സമ്മതിച്ചുവെന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.

ഞങ്ങള്‍ക്ക് റായ്ബറേലി, അമേഠി, വയനാട് സീറ്റുകളെല്ലാം പ്രിയപ്പെട്ടതാണ്. ഇന്ദിരാഗാന്ധിയും അടുത്ത കാലം വരെ സോണിയാ ഗാന്ധിയും കാത്ത സീറ്റാണ് റായ്ബറേലി. അതിനാല്‍ അത് മല്‍സരത്തിന് തിരഞ്ഞെടുത്തു. ഉചിതമായ സമയത്ത് ഏത് സീറ്റ് നിലനിര്‍ത്തണമെന്ന് പാര്‍ട്ടി തീരുമാനിക്കും, അത് ആരെയും ബാധിക്കില്ല.

എന്തായാലും കെസിയുടെ ഈ വാക്കുകളല്ല ഉത്തര്‍പ്രദേശിലേശുകയെന്ന് വ്യക്തമാണ്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസ് 17 സീറ്റിലാണ് ഇവിടെ മല്‍സരിക്കുന്നത്. ഡരോ മത് എന്ന് പറഞ്ഞു മോദിയും ഭാഗോ മത് എന്ന് പറഞ്ഞു അനുയായികളും പരിഹസിക്കുമ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും രാഹുല്‍ ഗാന്ധി അമൂല്‍ ബേബി പരാമര്‍ശങ്ങളേറ്റ് വാങ്ങുകയാണ്. അമേഠിയില്‍ നിന്ന് റായ്ബറേലിയിലേക്കുള്ള ചാട്ടം രാഹുലിനെ തുണച്ച് ഒരു സീറ്റ് നല്‍കിയാലും ഹിന്ദി ഭൂമിയില്‍ ഇപ്പോള്‍ പത്തി താന്ന് നില്‍ക്കുന്ന മോദിയ്ക്കും കൂട്ടര്‍ക്കും വീണ്ടും ഊര്‍ജ്ജത്തിനുള്ള ഹെല്‍ത്ത് ഡ്രിങ്ക് ആയെന്ന് പറയാതെ തരമില്ല.

Read more