ഇന്ത്യ സഖ്യത്തില്‍ സീറ്റ് തമ്മില്‍തല്ലെന്ന് പറഞ്ഞു സ്ഥിരം പരിഹസിക്കാറുള്ള ബിജെപി ബിഹാറില്‍ മുന്നണിയ്ക്കുള്ളില്‍ സമവായത്തിന് നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി കല്‍പ്പിക്കും പോലെ കാര്യങ്ങള്‍ നടന്നിരുന്നത് കേന്ദ്രത്തിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ കരുത്തിലായിരുന്നു. എന്നാല്‍ മൂന്നാം മോദി സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയ്ക്കും മുന്നില്‍ സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ബാലന്‍സിങ് തത്രപ്പാടിലാണ്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞകുറി ജെഡിയുവിനേക്കാള്‍ സീറ്റ് നേടിയിട്ടും ഇക്കുറി ഫിഫ്റ്റി- ഫിഫ്റ്റി സീറ്റ് ഷെയറിംഗില്‍ നില്‍ക്കേണ്ടിവന്നത് കേന്ദ്രത്തിലെ ഈ ബാലന്‍സിങിന് വേണ്ടിയാണ്.
243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ ജെഡിയുവും ബിജെപിയും 101 സീറ്റുകളില്‍ വീതം മത്സരിക്കുമെന്നും നിതീഷ് കുമാറിന്റെ ഒരു സീറ്റെങ്കിലും അധികം വേണമെന്ന സമ്മര്‍ദ്ദത്തില്‍ 101- 102 ആകും സീറ്റ് നിലയെന്ന തരത്തിലെല്ലാം വലിയ കോലാഹലം നടന്നിട്ടാണ് ഒടുവിലായി നിതീഷിന് ഫിഫ്റ്റി ഫിഫ്റ്റി ഫോര്‍മുലയില്‍ ആദ്യമായി മല്‍സരിക്കേണ്ടി വരുന്നത്. ബാക്കിയുള്ള സീറ്റുകള്‍ എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളായ ചിരാഗ് പസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി (റാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവര്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അഞ്ചില്‍ അഞ്ചും ജയിച്ച ചിരാഗ് പസ്വാന്‍ ചില്ലറ സീറ്റില്‍ ഒതുങ്ങാന്‍ തയ്യാറാവാതെ വലിയ വിലപേശല്‍ നടത്തി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് 29 സീറ്റ് അനുവദിച്ചു നിലപാട് മയപ്പെടുത്താന്‍ ബിജെപി തയ്യാറായത് നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും രാജ്യസഭാംഗം ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക്‌മോര്‍ച്ചയ്ക്കും 6 സീറ്റുകള്‍ വീതമാണു നല്‍കിയിരിക്കുന്നത്. ബിഹാറില്‍ 5% വോട്ടുള്ള പസ്വാന്‍ വിഭാഗത്തിന് ഇത്രയും സീറ്റ് നല്‍കിയെന്നത് 4% വോട്ടുള്ള മാഞ്ചി വിഭാഗത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കുശ്വാഹ വിഭാഗത്തിന് 3 ശതമാനം വോട്ടുണ്ടെന്നിരിക്കെ നിര്‍ണായക സീറ്റുകള്‍ വേണമെന്ന ആഗ്രഹം അവരുടെ മുന്നണിപ്പോരാളിയെന്ന നിലയില്‍ രാഷ്ട്രീയ ലോക്‌മോര്‍ച്ച അവകാശപ്പെടുന്നുണ്ട്. പസ്വാനെ പോലെ പരിഗണിക്കപ്പെടാത്തത്തില്‍ എന്‍ഡിഎ ക്യാമ്പിലെ രണ്ട് കൂട്ടരും അതൃപ്തരെന്ന് ചുരുക്കം. പക്ഷേ 2020 നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍രിച്ച പസ്വാന്റെ എല്‍ജെപി, ബിജെപിയ്ക്ക് പല മണ്ഡലങ്ങളിലും വലിയ തിരിച്ചടിയ്ക്ക് കാരണമായിരുന്നു എന്നിരിക്കെ പസ്വാന്‍ മുന്നണിയില്‍ പ്രയോഗിക്കുന്ന സമ്മര്‍ദ്ദതന്ത്രം ബിജെപിയ്ക്ക് കാണാതിരിക്കാനാവില്ല എന്നതാണ് സ്ഥിതി. അതിനാല്‍ പസ്വാനെ പിണക്കാതെ സമവായത്തിന് ശ്രമിക്കുമ്പോഴാണ് ജെഡിയുവിന്റെ ആദ്യ സീറ്റ് പ്രഖ്യാപനം വന്നിരിക്കുന്നത്.
ബിഹാറില്‍ ബിജെപി 71 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ജെഡിയുവാകട്ടെ ഇന്ന് 57 സ്ഥാനാര്‍ത്ഥികളുടെ സീറ്റ് പ്രഖ്യാപിച്ചു. പസ്വാന്റെ വിലപേശല്‍ മുന്നില്‍ കണ്ട നിതീഷ് കുമാര്‍ ഒരു മുഴം മുമ്പേ എറിഞ്ഞ് ചിരാഗ് അവകാശവാദം ഉന്നയിച്ച സീറ്റുകളിലടക്കമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ എന്‍ഡിഎ മുന്നണി കുലുങ്ങി കഴിഞ്ഞു. മോര്‍വ, സോന്‍ബര്‍സ, രാജ്ഗിര്‍, ഗായ്ഘട്ട്, മതിഹാനി എന്നിവയാണ് ഇരുപാര്‍ട്ടികളും നോട്ടമിട്ടിരുന്നത്. ഈ സീറ്റുകളിലെല്ലാം ജെഡിയു ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉച്ചത്തിലായി. 2020ലെ തിരഞ്ഞെടുപ്പില്‍ മോര്‍വയിലും ഗായ്ഘട്ടിലും ആര്‍ജെഡിയും രാജ്ഗിറിലും സോന്‍ബര്‍സയിലും ജെഡിയുവുമാണ് വിജയിച്ചത്. മതിഹാനിയില്‍ ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ രാജ്കുമാര്‍ സിംഗ് വിജയിച്ചെങ്കിലും പിന്നീട് ഇയാള്‍ നിതീഷിന്റെ ജെഡിയുവിലേക്ക് കൂറുമാറിയിരുന്നു.
ജെഡിയുവും ചിരാഗ് പസ്വാന്റെ എല്‍ജെപിയും തമ്മില്‍ മല്‍സരം കനക്കുമ്പോഴാണ് മുന്നണിയിലെ അടുത്ത കക്ഷിയായ രാഷ്ട്രീയ ലോക് മോര്‍ച്ച അഥവാ ആര്‍എല്‍എം തലവന്‍ ഉപേന്ദ്ര കുശ്വാഹ ഡല്‍ഹിക്ക് വണ്ടികയറിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ ചാണക്യനുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് കുശ്വാഹയടെ ഡല്‍ഹിയി യാത്ര. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് ഒരു ‘അടിയന്തര പാര്‍ട്ടി യോഗം’ വിളിച്ചിട്ട് അത് മാറ്റിവെച്ചാണ് രാഷ്ട്രീയ ലോക് മോര്‍ച്ച തലവന്‍ തലസ്ഥാനത്തേക്ക് പോയത്. എന്‍ഡിഎ സീറ്റ് ചര്‍ച്ചയില്‍ ആര്‍എല്‍എമ്മിന് ഉറപ്പ് നല്‍കിയിരുന്ന വൈശാലി ജില്ലയിലെ മഹുവ സീറ്റിനായി ലോക് ജനശക്തി പാര്‍ട്ടി വിലപേശുന്നുണ്ടെന്ന അഭ്യൂഹങ്ങളാണ് കുശ്വാഹയുടെ അസ്വസ്ഥതയ്ക്ക് പിന്നില്‍. എന്‍ഡിഎയില്‍ 29 സീറ്റുകള്‍ വരെ പസ്വാന് നല്‍കിയതില്‍ അസ്വസ്ഥത പുകയുന്നതിന് ഇടയാണ് ആര്‍എല്‍എമ്മിന് ഉറപ്പ് നല്‍കിയ സീറ്റില്‍ പസ്വാന്‍ കണ്ണുവെച്ചത്. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടി നിലവില്‍ ജയിച്ചു നില്‍ക്കുന്ന മണ്ഡലങ്ങളാണ് കുശ്‌വാഹയുടെ പാര്‍ട്ടിയ്ക്ക് മല്‍സരിക്കാനായി നല്‍കിയിരിക്കുന്നതില്‍ അധികവും. വിജയ സാധ്യത സീറ്റുകള്‍ തങ്ങള്‍ക്കില്ലെന്നിരിക്കെ പ്രതീക്ഷയുള്ള സീറ്റ് പസ്വാന്‍ കൊണ്ടുപോയാലോ എന്ന പേടിയിലാണ് അമിത് ഷായെ കാണാന്‍ കുശ്‌വാഹ പോയതിന് പിന്നില്‍. ഇപ്പോള്‍ ബിഹാറിലെ സമവായ ചര്‍ച്ചയാണ് എന്‍ഡിഎ നയിക്കുന്ന ബിജെപിയുടെ പ്രധാന പരിപാടി. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ കേന്ദ്രഭരണത്തില്‍ വരെ ഇടം കോലിടാന്‍ പഴയ മഗധ സാമ്രാജ്യത്തിന് കഴിയുമെന്നതാണ് കാര്യം.







