മണിപ്പൂരിൽ കത്തുന്നത് മതമോ വംശീയതയോ?

മണിപ്പൂർ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് ഇന്ന്. കത്തി നിൽക്കുന്നു എന്നതാണ് ശരിയായ വിശേഷണം. തീപടർന്നത് വാർത്തകളിൽ മാത്രമല്ല. മണിപ്പൂരിലെ താഴ്വരകളിലും കൂടിയാണ്. സംവരണ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തുടങ്ങിയ സംഘർഷം ഇപ്പോൾ കലാപമായി പരിണമിച്ചിരിക്കുന്നു. സംസ്ഥാനത്തെ താഴ്വരകളിലും, കുന്നുകളിലും തീ പടർന്നിരിക്കുന്നു. ആക്രമ സാഹചര്യങ്ങളിൽ കണ്ടെത്തുന്നവരെ വെടിവയ്ക്കാൻ ഗവർണർ ഉത്തരവിടുന്നതുവരെയെത്തി കാര്യങ്ങൾ.

എവിടെ നിന്നാണ് മണിപ്പൂരിന്റെ കലാപത്തിന് വിത്ത് പാകിയതെന്ന് എന്നാലോചിക്കേണ്ടതുണ്ട്. ആ കാരണത്തിന് മണിപ്പൂരിന്റെ ചരിത്രത്തിനോളം പ്രാധാന്യവും പഴക്കമുണ്ട്. പൊതുവെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെന്നാൽ ഇന്ത്യയെന്ന രാജ്യമായിരിക്കെതന്നെ രാജ്യത്തിന്റെ പൊതു ഘടനയിൽ നിന്ന് വ്യത്യസ്ഥരാണ്. മണിപ്പൂരും അതിൽ പെടുന്നു. ട്രൈബൽ വിഭാഗത്തില്പ്പെടുന്നവരാണ് ഇവിടെ ജനസംഖ്യയിൽ ഭൂരിപക്ഷവും.രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യങ്ങളെ പിന്തുണയ്ക്കുമ്പോഴും അവർ സ്വന്തം സ്വത്വത്തേയും, നിയമങ്ങളേയും, ശീലങ്ങളേയും പരിപാലിച്ചുപോന്നു. അതുകൊണ്ടുതന്നെ ഏത് രാഷ്ട്രീകക്ഷി ഭരണത്തിലിരുന്നാലും അവരുടെ ഗോത്ര രീതികളെ മാറ്റിക്കൊണ്ടുള്ള ഒരു പരിഷ്കാരത്തിനും ജനങ്ങൾ തയ്യാറാവുകയില്ല.

സം​സ്ഥാ​ന​ത്ത്​ പ്ര​ബ​ല​മാ​യ മെ​യ്​​തേ​യി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ പ​ട്ടി​ക​വ​ർ​ഗ പ​ദ​വി ന​ൽ​ക​ണ​മെ​ന്നും പ​റ്റി​ല്ലെ​ന്നു​മു​ള്ള ചർച്ചയും അതിനെ തുടർന്നുണ്ടായ ഏ​റ്റു​മു​ട്ട​ലാ​ണ്​ മ​ണി​പ്പൂ​രി​നെ യുദ്ധക്കളമാക്കി മാറ്റിയത്. മെ​യ്​​തേ​യി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ പ​ട്ടി​ക​വ​ർ​ഗ പ​ദ​വി വേ​ണ​മെ​ന്നാവ​ശ്യം നേ​ര​ത്തെ ത​ന്നെ​യു​ണ്ട്. മറ്റ് സാമുദായിക സംഘർഷങ്ങൾ കൂടി ഉടലെടുത്തപ്പോൾ രൂക്ഷമായ കലാപമായി അത് സംസ്ഥാനത്തെ പൊള്ളിച്ചു.

മ​ണി​പ്പൂ​രി​ന്‍റെ 10 ശ​ത​മാ​നം മാ​ത്രം താ​ഴ്വാ​ര പ്ര​ദേ​ശ​വും ബാ​ക്കി 90 ശ​ത​മാ​ന​വും പ​ർ​വ​ത മേ​ഖ​ല​ക​ളു​മാ​ണ്. ജ​ന​സം​ഖ്യ​യി​ൽ ഭൂ​രി​പ​ക്ഷം വ​രു​ന്ന​​ മെ​യ്​​തേ​യി വി​ഭാ​ഗ​ക്കാ​രാ​ണ്​ താ​ഴ്വ​ര​യി​ൽ ഏ​റി​യ പ​ങ്കും.ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ലൊ​ന്നും താ​ഴ്വ​ര​യി​ലാ​ണ്. സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലെ 60 സീ​റ്റി​ൽ 40ഉം ​താ​ഴ്വാ​ര മേ​ഖ​ല​ക​ളി​ലാ​ണ്. അ​തു​കൊ​ണ്ട്​ ഭ​ര​ണ​നി​യ​ന്ത്ര​ണ​വും അ​വ​ർ​ക്കു ത​ന്നെ.

ഇ​വ​ർ​ക്ക്​ പ​ട്ടി​ക​വ​ർ​ഗ പ​ദ​വി ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നാ​ലാ​ഴ്ച​ക്ക​കം കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണ​മെ​ന്നും ക​ഴി​ഞ്ഞ മാ​സം ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച്​ ന​ൽ​കി​യ ഉ​ത്ത​രവായിരുന്നു കലാപത്തിന് മരുന്നിട്ടത്. കോടതിവിധിയെ തുടർന്നുള്ള നീക്കങ്ങൾ സംസ്ഥാനത്തെ മറ്റ് പ്രധാന വിഭാഗങ്ങളായ നാ​ഗ, കു​കി ഗോ​ത്ര​വ​ർ​ഗ​ക്കാ​രെ രോ​ഷാ​കു​ല​രാ​ക്കി.പ​ർ​വ​ത മേ​ഖ​ല​യി​ലെ പ്രതികൂല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീവിക്കുന്ന ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ വ​ന്ന​തോ​ടെ​യാ​ണ്​ അവരുടെ രോ​ഷം അക്രമത്തിലേക്ക് കടന്നത്.

പിന്നീട് നടന്നതെല്ലാം പ്രതിഷേധങ്ങളല്ല മറിച്ച് കലാപങ്ങളായിരുന്നു. വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും തങ്ങളേക്കാൾ പ്രബലരാണ് മെയ്ത്തി വിഭാഗക്കാർ എന്ന് ചൂണ്ടിക്കാട്ടിയാണ് കുകി, നാഗാ എന്നീ വിഭാഗങ്ങൾ പ്രതിഷേധവുമായെത്തിയത്. ആദ്യം ഉയർന്ന പ്രതിഷേധം പിന്നീട് കലാപങ്ങളായി സംസ്ഥാനത്ത് തീപടർത്തി. താഴ്വരകൾ കത്തി. അക്രമം നടത്തിയും, തീയിട്ടും പ്രതിഷേധക്കാർ ലക്ഷ്യം നേടാനിറങ്ങി. മുഖ്യമന്ത്രി ബിരേൻ സിംങ് പങ്കെടുക്കേണ്ട വേദി വരെ അഗ്നിക്കിരയാക്കിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു.

കലാപത്തിനിടെ സംസ്ഥാനത്തെ 17 ക്രിസ്ത്യൻ പള്ളികൾ തകർത്ത വാർത്തകൾ പുറത്തുവന്നതോടെ മതരാഷ്ട്രീയത്തിന്റെ നിറം പിടിപ്പിച്ച കഥകളും പുറത്തിറങ്ങി. 41 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള സംസ്ഥാനത്ത് നിന്ന് അവർ പലായനം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്ന തരത്തിൽ ക്രിസ്ത്യൻ നേതാക്കൾ പ്രതികരിച്ചു. കലാപങ്ങൾക്ക് പിന്നിൽ ക്രിസ്ത്യൻ സഭയാണെന്ന് ആർഎസ്എസ് പറഞ്ഞതായി റിപ്പോർട്ടുകളും വന്നതോടെ മണിപ്പൂരിലെ വിഷയം മതമോ വംശീയതയോ എന്ന ചോദ്യമുയർന്നു. ആ ചോദ്യത്തെ നേരിടാൻ, വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്രം തയ്യാറായതുമില്ല.

അക്രമം അടിച്ചമർത്തുക എന്ന ന്യായീകരണത്തോടെ ഷൂട്ടിംങ് ഓർഡർ ഉൾപ്പെടെ ഇറക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിച്ചമർത്തൽ എന്ന നയം സ്വീകരിച്ചു. സന്ധി സംഭാഷണങ്ങളോ, സമാധാന ചർച്ചകളോ ഫലം ചെയ്യില്ലെന്ന് കണ്ടിട്ടോ അതോ വേണ്ടെന്ന് തീരുമാനിച്ചിട്ടോ അധികൃതർ മൗനം പാലിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കാര്യമായ നടപടികളൊന്നും തന്നെ വന്നതായി അറിവില്ല. നിലവിൽ ഒൻപതിനായിരത്തിലേറെപ്പേരെ സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

വംശീയതയുടെ പോര് ഇതാദ്യമായല്ല മണിപ്പൂരിനെ കത്തിക്കുന്നത്. മാർച്ചു മാസത്തിൽ കുകി വംശജരുടെ ഗ്രാമം കുടിയൊഴിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ വലിയ പ്രക്ഷോഭം നടന്നിരുന്നു. മ്യാ​ൻ​മ​റി​ൽ നി​ന്നും ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​മു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ താ​ഴ്വാ​ര പ്ര​ദേ​ശം കൈ​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും, പ്രദേശത്ത് കഞ്ചാവും കറുപ്പും വളർത്തുന്നുവെന്ന പ്രചാരണവും ഈ മേഖലകളിൽ .ഒ​ഴി​പ്പി​ക്ക​ലി​ന് നേതൃത്വം കൊടുക്കാൻ സാർക്കാരിന് ധൈര്യം നൽകി. എന്നാൽ ശക്തമായ പ്രതിഷേധമാണ് ഗോത്ര വിഭാഗങ്ങൾ ഇതിനെതിരെ നടത്തിയത്.

തന്റെ നാട് കാത്തുന്നുവെന്നായിരുന്നു ബോക്‌സിങ് താരം മേരി കോം പ്രതികരിച്ചത്. വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി അവർ ട്വീറ്റ് ചെയ്തു. എന്നാൽ ഔദ്യോഗികമായ അന്വേഷണങ്ങൾക്കപ്പുറം ആ ഇടപെടലുകൾ ഇതുവരെയും സാധ്യമായതായി റിപ്പോർട്ടുകളില്ല. വംശീയ സംഘർഷത്തിൽ ഒരു സംസ്ഥാനം നിന്ന് കത്തുമ്പോൾ സമുദായങ്ങൾക്കിടയിൽ ബി.ജെ.പി. രാഷ്ട്രീയവിദ്വേഷം പടർത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

1949 ൽ മണിപ്പൂരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്ന സമയം മുതൽ മെയ്ത്തി വിഭാഗത്തിന്റെ പരിഗണന ഒരു സംഘർഷ വിഷയമായി നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഇതേ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ മറ്റ് വിഭാഗങ്ങൾ അക്രമാസക്തരാകുകയായിരുന്നു. അതി വൈകാരികമായ ഒരു സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനത്ത് മറ്റ് കാരണങ്ങൾ നിരത്തി കുടിയൊഴിപ്പിക്കലിനിറങ്ങിയ സർക്കാർ എരിതീയിൽ എണ്ണപകർന്നെന്നു വേണം പറയാൻ. വിവിധ വിഭാഗങ്ങൾ തെരുവുകളിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തെ അതി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട കേ​ന്ദ്ര-​​സം​സ്ഥാ​ന സ​ർ​ക്കാ​റുകൾ, മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ്. വോട്ടുബാങ്കുകൾ കയ്യടക്കി നേതാക്കളെത്തുമ്പോൾ സംസ്ഥാനം കത്തിത്തീരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ .