വിജു വി. വി
മുമ്പ് കള്ളവോട്ടിനെ കുറിച്ച് മലബാറിന് അപ്പുറമുള്ള സുഹൃത്തുക്കളോട് പറഞ്ഞാല്‍ “ഏയ് കേരളത്തില്‍ അങ്ങനെയൊക്കെ നടക്കുമോ, നിങ്ങള്‍ സി.പി.എം വിരോധം കൊണ്ടു പറയുന്നതാണ്” എന്നൊക്കെയാണ് മറുപടി കിട്ടിയിരുന്നത്. “കണ്ണൂരില്‍ മാത്രമല്ലേ ഇങ്ങനെ നടക്കുന്നുള്ളൂ, ഞങ്ങളുടെ നാട്ടിലൊന്നും ഇല്ലല്ലോ” എന്നൊക്കെ വളരെ നിഷ്‌കളങ്കമായി ചോദിക്കും. ഈ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലുള്ളവര്‍ക്കും കള്ളവോട്ട് എന്താണെന്ന് മനസ്സിലാക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. എന്നിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കൊന്നും ഇതെന്താണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വരെ ഇരട്ടവോട്ട്. എന്നിട്ട് പ്രതിപക്ഷനേതാവ് തന്നെ അതിനെതിരെ കോടതിയില്‍ പോകുന്നു. എന്ന് അവര്‍ വളരെ നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തുകൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ കള്ളവോട്ടുകള്‍ക്കെതിരെ എതിര്‍പാര്‍ട്ടികള്‍ പരാതി നല്‍കുന്നില്ല എന്ന ചോദ്യം എവിടെയും കേട്ടില്ല.
കള്ളവോട്ട് എന്നാല്‍ തിരഞ്ഞെടുപ്പു ദിവസം മാത്രം നടക്കുന്ന സംഭവം അല്ല. അത് മാസങ്ങള്‍ക്കു മുമ്പു തന്നെ പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നതാണ്. ഓരോ ബൂത്തിലും ഇത്ര എണ്ണം വോട്ട് അധികം ചേര്‍ക്കണമെന്ന് പാര്‍ട്ടികള്‍ തീരുമാനിക്കും. പൊതുവെ മൂവായിരം മുതല്‍ ആറായിരം വരെ എന്നൊക്കെയുള്ള കണക്ക് കണ്ണൂര്‍ ജില്ലയിലുള്ളവര്‍ എത്രയോ തിരഞ്ഞെടുപ്പുകളായി കേള്‍ക്കുന്നതാണ്. ഓരോ മണ്ഡലത്തിലും ആറായിരം വോട്ടു ചേര്‍ക്കുക. എന്നാല്‍ ജയം ഉറപ്പിക്കാം എന്നൊക്കെ തിരഞ്ഞെടുപ്പു സമയത്ത് പല സുഹൃത്തുക്കളും പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷേ, അങ്ങനെയുള്ള തിരഞ്ഞെടുപ്പുകളില്‍ പോലും എതിര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിച്ച ചരിത്രവുമുണ്ട്. എത്ര മണ്ഡലങ്ങള്‍ പിടിക്കണമോ അത്രയും സ്ഥലങ്ങളില്‍ അധികവോട്ടുകള്‍ ചേര്‍ക്കുക. കേരളം മുഴുവന്‍ പിടിക്കണമെന്ന് വെച്ചാല്‍ എല്ലാ മണ്ഡലങ്ങളിലും ചേര്‍ക്കുക.
വോട്ടര്‍ പട്ടികയില്‍ അവരാണ് പേര് ചേര്‍ത്തത്, ഞങ്ങളല്ല എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കന്‍മാര്‍ ഏറെയുണ്ടാകും നമ്മുടെ നാട്ടില്‍. പക്ഷേ ഇതാണ് വോട്ടു ചേര്‍ക്കുന്ന രീതി. എതിര്‍പാര്‍ട്ടിയിലുള്ള ഉറച്ച വോട്ടുകള്‍ ഇരട്ടയായി ചേര്‍ക്കുകയോ തള്ളിക്കുകയോ ചെയ്യുക. സഹകരണ ബാങ്കുകളിലെയും മറ്റും ഐഡന്റിറ്റി കാര്‍ഡുണ്ടാക്കുന്ന മെഷീനുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡുകളുണ്ടാക്കുകയാണ് രണ്ടാമത്തെ ഘട്ടം. ഈയൊരു പ്രവര്‍ത്തനം, തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും അട്ടിമറിക്കല്‍ ഒരു കാലത്തും രാജ്യദ്രോഹമായോ തീവ്രവാദ പ്രവര്‍ത്തനമായോ ഒന്നും കണക്കാക്കാറില്ല. പകരം പുസ്തകം വായിക്കുന്നത്, പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത് ഒക്കെയാണ് നമ്മുടെ നാട്ടില്‍ രാജ്യദ്രോഹം. മറ്റേത് വിപ്ലവ പ്രവര്‍ത്തനമാണ്.
അടുത്തഘട്ടം എതിര്‍പാര്‍ട്ടിക്കാരുടെ വോട്ടുകള്‍ ഇതേ പോലുള്ള കൃത്രിമ കാര്‍ഡുകള്‍ ഉപയോഗിച്ച് രാവിലെ തന്നെ ചെയ്തു തീര്‍ക്കുകയാണ്. യഥാര്‍ത്ഥ വോട്ടര്‍ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തുമ്പോഴേക്കും അയാളുടെ വോട്ട് ആരെങ്കിലും ചെയ്തിട്ടുണ്ടാകും. കുറെ നേരം അവിടെ ബഹളമുണ്ടാക്കാമെങ്കിലും കാര്യമൊന്നുമില്ല. നമ്മുടെ നാടല്ലേ.
മുമ്പ് എതിര്‍പാര്‍ട്ടികളിലെ വോട്ടര്‍മാരുടെ പേരുകളാണ് കള്ളവോട്ടായി ചേര്‍ത്തിരുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി കളുടേതു വരെയായി എന്നതാണ് ചെറിയൊരു മാറ്റം. ഇന്നോവേഷന്‍ എപ്പോഴുമുണ്ട്. ഇരട്ടവോട്ടുകള്‍ വേറെ പട്ടികയായി കൊടുക്കും എന്ന് ഇലക്ഷന്‍ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞത് വന്‍ തമാശയായാണ് തോന്നിയത്. അങ്ങനെ കിട്ടിയാല്‍ ഇരട്ടവോട്ടുകള്‍ ആ പട്ടിക നോക്കി ആദ്യം തന്നെ ചെയ്തു തീര്‍ക്കാന്‍ എളുപ്പമായി. ഓരോന്നും നോക്കി കണ്ടുപിടിക്കണ്ടല്ലോ.
ഇനി നമ്മള്‍ കള്ളവോട്ടിനെ കുറിച്ച് സംസാരിച്ചു എന്നിരിക്കട്ടെ, പെട്ടെന്ന് കിട്ടാവുന്ന ന്യായം “ഞങ്ങള്‍ മാത്രമല്ല, അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ അവരും കള്ളവോട്ട് ചെയ്യാറുണ്ട്. നിങ്ങള്‍ ആ സ്ഥലത്തൊക്കെ പോയി നോക്കണം” എന്നായിരിക്കും. രാഷ്ട്രീയ കൊലപാതകത്തെ കുറിച്ച് പറഞ്ഞാല്‍ ഞങ്ങള്‍ മാത്രമല്ല കൊലപാതകം നടത്തിയിട്ടുള്ളത്, ഞങ്ങളുടെ എത്ര പേരെ അവര്‍ കൊന്നിട്ടുണ്ട് എന്നായിരിക്കും. ഇനി അഴിമതിയെ കുറിച്ച് ആരോപണം വന്നുവെന്നിരിക്കട്ടെ. നിങ്ങളുടെ കാലത്ത് എന്തൊക്കെ നടന്ന് തിരിച്ചു ചോദിക്കും. ഇതൊന്നുമില്ലാത്ത സമൂഹം ഉണ്ടാകണം എന്ന സ്വപ്‌നം ഇല്ലാത്ത ഒരു വര്‍ഗമായി നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുയായികളുടെ ബുദ്ധി ഫ്രെയിം ചെയ്യപ്പെട്ടിരിക്കുന്നു. ചില പാര്‍ട്ടികളില്‍ അംഗമാകുക എന്നാല്‍ ബുദ്ധി പ്രത്യേക രീതിയി്ല്‍ ഫ്രെയിമിംഗ് ചെയ്യപ്പെടുക എന്നതാണ്.
അതിനപ്പുറത്തുള്ള സാദ്ധ്യതകളെ കുറിച്ച് ആലോചിക്കാനാകാത്തവിധം എല്ലാത്തരം സര്‍ഗാത്മകതകളും കരിച്ചുകളഞ്ഞ ബൗദ്ധികശേഷിയുള്ളവരായി ഇക്കൂട്ടം മാറിയിട്ടുണ്ട്.
Read more
(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗവേഷകനും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)