മയങ്ങി നില്‍ക്കുന്ന മധ്യവര്‍ഗം അല്ല, ഗ്രാമങ്ങളാണ് വിധി നിര്‍ണയിക്കുക; ബിജെപിയെ വീഴ്ത്തുക 'നഗര- ഗ്രാമ വേര്‍തിരിവ്', ഗ്രാമങ്ങളിലെ വോട്ട് ചോരും

ഹരിയാനയിലും പഞ്ചാബിലും ബിഹാറിലും ജാര്‍ഖണ്ഡിലും ഉത്തരേന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഇക്കുറി കര്‍ഷക രോഷം മാത്രമല്ല, ഗ്രാമങ്ങളിലെ രോഷം കൂടി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി താങ്ങേണ്ടിവരും. മോദി പ്രഭ പഴയത് പോലെ ഗ്രാമങ്ങളില്‍ ഫലിക്കുന്നില്ലെന്ന് ബിജെപിയ്ക്കും വ്യക്തമായി മനസിലായിട്ടുണ്ട്. അര്‍ബന്‍ മേഖലയില്‍ ലഭിക്കുന്ന പിന്തുണ ഗ്രാമമേഖലയില്‍ പാര്‍ട്ടിയ്ക്കുണ്ടാവില്ലെന്ന ബോധ്യത്തോടെ തന്നെയാണ് വലിയ രീതിയിലുള്ള സാമുദായിക ധ്രുവീകരണത്തിന് ബിജെപി ശ്രമിച്ചത് പോലും.

അഞ്ച് റൗണ്ട് പോളിംഗിന് ശേഷവും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു കേന്ദ്രീകൃത ദേശീയ പ്രമേയം ഇല്ലെന്ന് വ്യക്തമായി കഴിഞ്ഞു. വലിയ രീതിയിലുള്ള വികസന പ്രഖ്യാപനങ്ങള്‍ക്കപ്പുറം കഴിഞ്ഞ കുറി ഉറിയിലും പത്താന്‍കോട്ടിലും പാകിസ്താന്‍ മേലുള്ള മിന്നലാക്രമണത്തിലും സൈന്യത്തിന്റെ പേരില്‍ ദേശീയത വളര്‍ത്തി നേടിയ വോട്ടുകള്‍ പോലൊന്ന് ഇക്കുറി ബിജെപിയ്ക്ക് സാധിച്ചിട്ടില്ല. അതായത് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി കടന്നത് ഉറി ഭീകരാക്രമണത്തിന് ശേഷമുണ്ടായ അതി ദേശീയതയുടെ ഊര്‍ജ്ജത്തിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി പാകിസ്താനെ വിറപ്പിച്ച ദേശീയതയുടെ മൂര്‍ത്തിരൂപവുമായാണ്. ആ വമ്പുപറച്ചില്‍ അതിദേശീയതയുടെ ചുവടുപിടിച്ചായിരുന്നു. സൈന്യത്തിന്റെ പേര് പറഞ്ഞു വോട്ട് ചോദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതയെ മുതലെടുത്തപ്പോള്‍ ബിജെപിയ്ക്ക് അത് സുവര്‍ണാവസരമായിരുന്നു.

ഇന്ന് അങ്ങനെയല്ല, ദേശീയതയ്ക്ക് അപ്പുറം ഹിന്ദുത്വ-ദേശീയതാ വികാരം ഉയര്‍ത്തി കാര്യങ്ങള്‍ തങ്ങള്‍ക്ക് ഒപ്പമാക്കാനുള്ള സംഘപരിവാര്‍ പാര്‍ട്ടികളുടെ ഏറ്റവും കോര്‍ അജണ്ടയാണ് ബിജെപി പയറ്റിയത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയാണ് തിരഞ്ഞെടുപ്പിന് മുമ്പ് കൃത്യമായി ഉപയോഗിക്കാന്‍ ശ്രമിച്ചതെങ്കിലും വരേണ്യ മധ്യ വര്‍ഗ വിഭാഗത്തിനപ്പുറത്തേയ്ക്ക് ഹിന്ദുത്വ വികാരം വളര്‍ത്താന്‍ അതിനായില്ലെന്നതാണ് സത്യം. കാരണം ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് രാമക്ഷേത്രത്തിനപ്പുറം സ്വന്തം വിശപ്പും കാര്‍ഷിക വിളയും വീടുമായിരുന്നു ബാധിക്കപ്പെടുന്ന പ്രശ്‌നം.

ദേശീയവും പ്രാദേശികവുമായ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപിയ്ക്ക് കഴിയാതിരുന്നത് മോദി പ്രഭാവം കൊണ്ട് മറയ്ക്കാനായിട്ടില്ല. അതിനാല്‍ മധ്യവര്‍ഗം മോദി മാജിക്കിന്റെ പ്രഭയില്‍ മയങ്ങി നിന്നാലും ഗ്രാമങ്ങളിലെ അടിസ്ഥാന വിഭാഗം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഊറ്റം കൊണ്ട് ജീവിതം മുന്നോട്ട് പോകില്ലെന്ന് ഈ 10 വര്‍ഷത്തില്‍ അനുഭവിച്ചു തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതാണ് ഇക്കുറി മോദിയേയും കൂട്ടരേയും അടിത്തട്ടില്‍ ഭയപ്പെടുത്തുന്നത്. നിലവിലെ എംപിമാരുടെ പ്രവര്‍ത്തനമില്ലായ്മയും പ്രകടനക്കുറവും മണ്ഡലങ്ങളില്‍ കാണാന്‍ കിട്ടാത്തതും സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് എതിരായ വികാരമായി മാറിയിട്ടുണ്ട്. കാരണം 2019ല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ അപ്രമാദിത്യം പ്രകടമായതിനാല്‍ ഭരണവിരുദ്ധ വികാരം ബിജെപിയെ തന്നെയാണ് കൂടുതലും ബാധിക്കുന്നത്.

അമ്പലത്തിലും സന്യാസി മഠങ്ങളിലും കടലിന്നടിയിലെ വിഗ്രഹാരാധനയ്ക്കുമെല്ലാം പ്രധാനമന്ത്രി ഓടി നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ക്ഷേത്രവും ഹിന്ദുത്വ ദേശീയതയുമൊന്നുമല്ല ചര്‍ച്ച. അവരുടെ ചര്‍ച്ചകള്‍ വ്യാപകമായ തൊഴിലില്ലായ്മയും ഭരണ സംവിധാനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഒഴിവുകള്‍ നികത്താത്തതും, വിലക്കയറ്റവും, മോശം കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളും മറ്റുമാണ്. നഗരകേന്ദ്രീകൃതമായ വികസനങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കി ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം മറന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ രോഷം ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമങ്ങളില്‍ ഉയര്‍ന്നത് വോട്ടെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ പ്രകടമായിരുന്നു.

ഗ്രാമങ്ങളില്‍ ഉറഞ്ഞുകൂടിയ മറ്റൊരും പൊതുവികാരം തങ്ങളെ തഴഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നഗര വികസനത്തിന് മാത്രം പ്രാധാന്യം നല്‍കുന്നുവെന്നതാണ്. അര്‍ബന്‍- റൂറല്‍ വേര്‍തിരിവ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനുണ്ടെന്നും വികസനത്തിനായി ചെലവഴിച്ച ഫണ്ടിന്റെ ഭൂരിഭാഗവും ഗ്രാമങ്ങളേക്കാള്‍ കൂടുതല്‍ നഗരവാസികളുടെ പ്രയോജനത്തിന് വേണ്ടിയാണ് ചെലവാക്കിയതെന്നും വ്യാപകമായ പൊതുവികാരമുണ്ട്. തല്‍ഫലമായി ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ ഗ്രാമങ്ങളില്‍ ശക്തമായ വികാര വേലിയേറ്റമുണ്ട്. 10 കൊല്ലമായി മോദി പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ലെന്നും വാഗ്ദാനങ്ങളെല്ലാം ഇപ്പോഴും വാഗ്ദാനം മാത്രമാണെന്ന തിരിച്ചറിവും ഇന്ത്യയിലെ ഗ്രാമ ജനതയ്ക്കുണ്ട്.

Read more