ബി.ജെ.പി ശരിക്കും രാഹുലിനെ പേടിക്കുന്നുണ്ട്

മുന്ന് വര്‍ഷത്തോളം നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവില്‍ സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി മോദി സമുദായത്തെ അപമാനിച്ചുവെന്ന പേരില്‍ രണ്ടുവര്‍ഷത്തെ തടവിന് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചു. ഇപ്പോള്‍ ഒരു കാര്യം വ്യക്തവും കൃത്യവുമായി മനസിലായി . ശരിക്കും ബി ജെ പി രാഹുല്‍ ഗാന്ധിയെ പേടിക്കുന്നുണ്ട്. കാരണം മറ്റൊന്നുമല്ല വേറൊരു നേതാവിനും രാജ്യത്ത്് ബി ജെ പി വിരുദ്ധ രാഷ്ട്രീയ ചേരിയുടെ നേതൃത്വത്തിലേക്ക് വരാന്‍ കഴിയില്ലന്ന് നരേന്ദ്രമോദിക്കും ആര്‍ എസ് എസിനും നന്നായി അറിയാം. പാന്‍ ഇന്ത്യ ഇമേജുള്ള ഏക ബി ജെ പി വിരുദ്ധ നേതാവ് രാഹുല്‍ ഗാന്ധിമാത്രമാണ്. ഇന്ത്യ മുഴുവനും സ്വാധീനമുള്ള ബി ജെ പി വിരുദ്ധ പാര്‍ട്ടി കോണ്‍ഗ്രസുമാണ്. അത് കൊണ്ട് സംഘപരിവാറിന്റെ ഇന്ത്യയിലെ ഏക ശത്രുവായ രാഹുല്‍ഗാന്ധിയെ അല്ലങ്കില്‍ ഏക ശത്രുവെന്ന് അവര്‍ കരുതുന്ന രാഹുല്‍ ഗാന്ധിയെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്നും പ്രത്യക്ഷനാക്കുക എന്നത് ബി ജെ പി യുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന് കിട്ടുന്ന ഏതവസരവും അവര്‍ നന്നായി ഉപയോഗിക്കും.

ഭാരത് ജോഡോയാത്ര, ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നു ലണ്ടനില്‍ നടത്തിയ പ്രസ്താവന, ലോകമെങ്ങും ആ പ്രസ്താവന ശ്രദ്ധിക്കപ്പെട്ടത്, ഇതെല്ലാം രാഹുല്‍ഗാന്ധിയെ സംഘപരിവാറിന് മുന്നില്‍ ‘ശത്രു നമ്പര്‍ വണ്‍’ ആക്കിയിരുന്നു. ഇപ്പോഴും അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയിലെ മോദി വിരുദ്ധ നേതാവ് എന്ന് ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ ഏകയാള്‍ രാഹുല്‍ഗാന്ധിയാണ്. അതാണ് രാഹുലിനെ ബി ജെപി യും ആര്‍ എസ് എസും വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നതും.

ബിജെപി സര്‍ക്കാരിനെ ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ മോദിക്കെതിരേ നിരന്തര ആരോപണങ്ങള്‍ ഉയര്‍ത്തി രാജ്യത്തുടനീളം കോണ്‍ഗ്രസ് കൊണ്ടുപിടിച്ച പ്രചാരണം നടത്തവെ 2019 ഏപ്രില്‍ 13നായിരുന്നു രാഹലിന്റെ വിവാദ പ്രസംഗം. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാണിച്ച് മോദി എന്ന് പേരുള്ളവരൊക്കെ കള്ളന്‍മാരാണെന്നായിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തില്‍ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി സൂറത്ത് കോടതിയില്‍ പരാതി നല്‍കിയത്. നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് മോദി സമുദായത്തെ അപമാനിച്ചുവെന്ന കേസില്‍ കഴമ്പുണ്ടെന്ന് കണ്ട്‌കോടതി രണ്ടവര്‍ഷത്തെ തടവിനും പിഴക്കും രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്.
രാഹുലിനെതിരായ സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്തില്ലങ്കില്‍ ജനപ്രാനിധിത്യ നിയമപ്രാകാരം രാഹുല്‍ ഗാന്ധി അയോഗ്യനാകും .ഇതോടെ അദ്ദേഹം വയനാട് എം പി സ്ഥാനം രാജിവക്കേണ്ടിവരും. ഈ ഒരു സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ബി ജെ പി കരുക്കള്‍ നീക്കിയത്. കഴിയുമെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ രാഹുലിനെ ഇന്ത്യയില്‍ ഒരിടത്തും നിന്നും മല്‍സരിപ്പിക്കാതിരിക്കുക എന്ന തന്ത്രമാണ് ബി ജെ പി പയറ്റുന്നത്.

Read more

കാരണം തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിക്ക് പ്രതീക്ഷക്ക് വിപരീതമായി സീറ്റുകുറയുന്ന സാഹചര്യമുണ്ടായാല്‍ ഒരു ബി ജെ പി ബദലിനെ നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസിനാകരുത് എന്നു തന്നെയാണ് ബി ജെപി ലക്ഷ്യമിടുന്നത്. മറ്റേതെങ്കിലും കക്ഷിയേ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്താങ്ങുന്ന രാഷ്ട്രീയ സാഹചര്യം ഏതായാലും ഉണ്ടാകില്ല. അപ്പോള്‍ ബി ജെ പി ക്ക് സീറ്റുകള്‍ കുറഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്ന ഏക വ്യക്തി രാഹുല്‍ഗാന്ധിമാത്രമായിരിക്കും. ഡി എം കെ , തൃണമൂല്‍ കോണ്‍ഗ്രസ്, ടി ആര്‍ എസ്, ശിവസേന, സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ യൂണൈറ്റഡ്, രാഷ്ട്രീയ ജനതാദള്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം അണിനിരന്നാല്‍ മോദിക്ക് പിടിച്ചു നില്‍ക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും .അത് കൊണ്ട് തന്നെ ആദ്യം രാഹുലിനെ പൂട്ടിയാല്‍ പിന്നെ പ്രതിപക്ഷം നേതൃത്വമില്ലാതെ നട്ടം തിരിയും. അപ്പോള്‍ കിട്ടിയേടത്ത് വച്ച് പൂട്ടുക അതാണ് ബി ജെ പിയുടെ പ്രഖ്യാപിത ലക്ഷ്യം. കാരണം കോണ്‍ഗ്രസ് മുക്തഭാരതം തന്നെയായിരുന്നു എക്കാലവും ആര്‍ എസ് എസ്‌ന്റെ ലക്ഷ്യം.