ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; നടിയുടെ പരാതിയില്‍ കന്നഡ താരം അറസ്റ്റില്‍

കന്നഡ നടന്‍ മദനൂര്‍ മനു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് അറസ്റ്റ്. തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കന്നഡ നടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും, ബലമായി ഗര്‍ഭം അലസിപ്പിച്ചെന്നും ആരോപിച്ച് 33കാരിയായ കന്നഡ സീരിയല്‍ നടിയാണ് നടനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരീനഗര്‍ പൊലീസ് ആണ് കേസ് എടുത്തത്.

ബലാത്സംഗം, വഞ്ചന, ശാരീരിക ആക്രമണം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നിവയാണ് സീരിയല്‍ നടിയുടെ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഒളിവില്‍പ്പോകാന്‍ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

2018ല്‍ കോമഡി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് നടി മനുവിനെ പരിചയപ്പെടുന്നത്. സംഭവ ദിവസം ഷോയുടെ ശമ്പളം നല്‍കാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പിന്നീട് തന്റെ വീട്ടില്‍ വന്ന് തന്നെ കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു.

Read more

പീഡനത്തിന് ഇരയായ താന്‍ രണ്ട് തവണ ഗര്‍ഭിണിയായി. രണ്ട് തവണയും മനു ഗര്‍ഭഛിദ്ര ഗുളികകള്‍ നല്‍കി. ശാരീരികമായി ആക്രമിക്കുകയും സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയില്‍ പറഞ്ഞു.