മുസ്‌ളിം സംവരണത്തിന് എതിരെ ബി.ജെ.പി 2024-ലെ തുറുപ്പുചീട്ട്

കര്‍ണാടകയില്‍ മുസ്‌ളിം വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന നാല് ശതമാനം സംവരണം ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ അവസാനിപ്പിച്ചതോടെ മുസ്‌ളീം സംവരണത്തെ രാജ്യവ്യാപകമായ വിവാദവിഷയമാക്കാന്‍ ബി ജെ പി ഉദ്ദേശിക്കുകയാണെന്ന് വ്യക്തമാകുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം സംവരണം വലിയ തോതില്‍ ചര്‍ച്ചയാക്കാന്‍ തന്നെയാണ് ബി ജെ പി ലക്ഷ്യമിടുന്നത്.കര്‍ണ്ണാടകയില്‍ മുസ്‌ളീം വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന നാല് ശതമാനം ഒ ബി സി സംവരണമാണ് ബി ജെപി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഈ സംവരണത്തെ വൊക്കലിംഗ, വീരശൈവ- ലിംഗായത്ത് വിഭാഗങ്ങള്‍ക്കായി തുല്യമായി വീതിച്ച നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

്മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി ജെപി വാദിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ മതങ്ങള്‍ക്ക് സംവരണം നല്‍കിയിട്ടില്ല. മറിച്ച് ജാതികള്‍ക്കാണ് സംവരണം നല്‍കിയിട്ടുള്ളതെന്നാണെന്ന്് പാര്‍ട്ടിയുടെ പക്ഷം. സാമൂഹ്യ പരമായ പിന്നോക്കാവസ്ഥ എന്നത് ഹിന്ദു മതത്തിലെ ജാതി സമ്പ്രദായം കൊണ്ടുണ്ടായതാണ്. അത് കൊണ്ട് ഹിന്ദുമത വിശ്വാസികളായവര്‍ക്ക് മാത്രം മതി പിന്നോക്ക സംവരണം എന്നതാണ് ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും നേരത്ത തന്നെയുള്ള നിലപാട്.

അതേസമയം 1992 ലെ പ്രമാദമായ ഇന്ദിരാസാഹ്നികേസില്‍ സംവരണത്തിന്റെ അടിസ്ഥാനം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണെന്ന് സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മത വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ് എന്നാണ് ബി ജെ പിയുടെ വാദം. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 2005 ല്‍ മുസ്‌ളീം വിഭാഗത്തിന് നല്‍കിയ നാല് ശതമാനം സംവരണം നല്‍കിയിരുന്നു. പിന്നീട് അവിടുത്തെ ഹൈക്കോടതി അത് റദ്ദാക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മുസ്‌ളീം – ക്രൈസ്തവ വിഭാഗക്കാര്‍ക്ക് 3.5 ശതമാനം സംവരണം വീതം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 12 ശതമാനം സംവരണം വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുസ്‌ളീം സമുദായത്തിനുണ്ട്. മററു ചില സംസ്ഥാനങ്ങളില്‍ വളരെ പിന്നോക്കം ചില മുസ്‌ളീം ജനവിഭാഗങ്ങള്‍ക്ക് അതത് ഇടങ്ങളിലെ സര്‍ക്കാരുകള്‍ സംവരണം നല്‍കുന്നുമുണ്ട്.

ഇത്തരം സംവരണങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന വാദത്തില്‍ ബി ജെ പി ഉറച്ച് നില്‍ക്കുകയാണ്. കര്‍ണ്ണാടകയിലെ മുസ്‌ളീം സംവരണ നിഷേധത്തിനതിരെ സുപീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ബി ജെ പി ഇക്കാര്യം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്ങ്്മൂലത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ മുസ്‌ളീം സംവരണമാണോ ബി ജെപിയുടെ പ്രശ്‌നം. അല്ല, മറിച്ച് 2024 ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് തന്നെയാണ് ബി ജെപിയുടെ പ്രശ്‌നം. മുസ്‌ളീംങ്ങള്‍ക്ക്‌നിലവില്‍ സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ സംവരണമുള്ളത് കൂടുതലായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാള്‍ കൂടുതല്‍ മുസ്‌ളീം ജനവിഭാഗങ്ങള്‍ സാമൂഹ്യ വിദ്യാഭ്യാസ സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും ദക്ഷണേന്ത്യയിലാണ്. അത് കൊണ്ട് മുസ്‌ളീം സംവരണത്തിനതിരായുള്ള തങ്ങളുടെ രാഷ്ട്രീയ പ്രചാരണം ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ചാകാമെന്ന് ബി ജെപി കരുതുന്നു.

ദക്ഷിണേന്ത്യയില്‍കര്‍ണ്ണാടകയില്‍ മാത്രമേ ബി ജെ പിക്ക്് ഇപ്പോഴും രാഷ്ട്രീയ സ്വാധീനമുള്ളു. തമിഴ്‌നാട്, തെലുങ്കാനാ ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഇതുവരെ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. അത്് കൊണ്ട് ഈ സംസ്ഥാനങ്ങളില്‍ മുസ്‌ളീം സംവരണത്തിനെതിരായുള്ള തങ്ങളുടെ നിലപാടിനെ മികച്ച ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ കഴിയുമെന്നാണ് ആ പാര്‍ട്ടി കരുതുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏകീകൃത സിവില്‍കോഡിനൊപ്പം മുസ്ലീം സംവരണത്തിനെതിരയുള്ള പ്രതിഷേധം കൂടിയാകുമ്പോള്‍ കൃത്യമായ ഹിന്ദു മുസ്‌ളീം ധ്രുവീകരണം ഉണ്ടാകുമെന്നും ഇത് തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നുമാണ് ബി ജെ പി കണക്കു കൂട്ടുന്നത്.