ഇസ്രയേലിന് നേരെ ഇറാന്റെ കനത്ത പ്രഹരം; മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം, ഇരുന്നൂറിലേറെ പേർക്ക് പരിക്ക്

ആക്രമണം തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഇറാന്റെ കനത്ത പ്രഹരം. ഇറാന്റെ കനത്ത മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം സ്ഥിരീകരിച്ചു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഇറാന്റെ എണ്ണ സംഭരണികളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ രാത്രി നടത്തിയ വ്യോമാക്രമണനങ്ങളിൽ തെഹ്റാൻ അടക്കം നഗരങ്ങളിൽ കനത്ത നാശമുണ്ടായി. ആക്രമണം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്ന് ഇറാന്റെ ഉഗ്രമായ പ്രത്യാക്രമണം.

ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയിൽ റിഫൈനറി അടക്കം ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചെന്ന് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിർമാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതിനിടെ ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഏറ്റവും പുതിയ വീഡിയോസന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും. ഇറാനിലെ പ്രധാന ആണവസമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.

Read more