ഇസ്രായേലില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍

ഇസ്രായേലില്‍ വീണ്ടും മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാന്‍. ഹൈഫയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം തെല്‍ അവീവിലും ജറുസലമിലും വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. തെല്‍ അവീവിന് നേരെയും ആക്രമണം നടന്നു. ഹൈഫയില്‍ മിസൈല്‍ ആക്രമണത്തില്‍ വ്യാപക നാശനഷ്ടം സംഭവിച്ചതായി ഇസ്രായേലി അഗ്‌നിരക്ഷാ വിഭാഗം പറഞ്ഞു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലായി ആറ് മിസൈലുകളാണ് പതിച്ചത്.

Read more

39 മിസൈലുകളാണ് ഇറാന്‍ ആകെ അയച്ചതെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. സയണിസ്റ്റ് ശത്രു ഇപ്പോള്‍ ശിക്ഷ ഏറ്റുവാങ്ങുകയാണെന്ന് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു. ഇസ്രായേലിന് നേരെ അടുത്ത ഘട്ട മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.