പോപ്പുലര്‍ ഫ്രണ്ട്: നിരോധനമല്ല പരിഹാരം

ഇന്ത്യയുടെ ചരിത്രത്തില്‍ അര്‍ദ്ധരാത്രിക്ക് പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യപ്രാപ്തി അര്‍ദ്ധരാത്രിയിലായിരുന്നെങ്കില്‍ സ്വാതന്ത്ര്യത്തിന് താത്കാലികമായ അന്ത്യം കുറിച്ചുകൊണ്ട് അടിയന്തരാവസ്ഥയുടെ പ്രഖ്യാപനവും അര്‍ദ്ധരാത്രിയിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡും അറസ്റ്റുമാണ് അടിയന്തരാവസ്ഥയ്ക്ക് നാന്ദിയായത്. ഇന്ദിരാ ഗാന്ധിക്കെന്നപോലെ നരേന്ദ്ര മോദിക്കും പ്രിയപ്പെട്ടത്് നിശാനിയമങ്ങളാണ്. മുന്നറിയപ്പില്ലാതെ അസാധുവാക്കുന്നതിന് അദ്ദേഹം അര്‍ദ്ധരാത്രി തിരഞ്ഞെടുത്തത് വെറുതെയാവില്ല.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ നടന്ന നിശാവേട്ടയുടെ വിവരങ്ങള്‍ നേരം  പുലര്‍ന്നപ്പോള്‍ രാജ്യം അറിഞ്ഞുവെന്നത് ഇന്ദിരാ ഗാന്ധിയില്‍ നിന്നും നരേന്ദ്ര മോദിയെ വ്യത്യസ്തനാക്കി. അടിയന്തരാവസ്ഥയ്‌ക്കൊപ്പം സെന്‍സര്‍ഷിപ്കൂടി ഏര്‍പ്പെടുത്തിയതിനാല്‍ ജയപ്രകാശ് നാരായണന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് വിവരങ്ങള്‍ രാഷ്ട്രം അറിഞ്ഞില്ല. അറസ്റ്റിലായവരുടെ പേര് പറയരുതെന്ന നിര്‍ദേശം സെന്‍സര്‍ നല്‍കിയിരുന്നു. അടിക്കുറിപ്പില്ലാതെ ചിത്രം മാത്രം നല്‍കിയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് താത്കാലികമായി വിലക്കിനെ മറികടന്നത്. റേഡിയോ സിലോണിന്റെ ചലച്ചിത്രഗാനപരിപാടിയില്‍ ഗാനം ആവശ്യപ്പെടുന്നവരുടെ കൂട്ടത്തില്‍ ജയിലിന്റെ പേരിനൊപ്പം തടവുകാരന്റെ പേരുകൂടി ചേര്‍ത്ത് ആരെവിടെ എന്ന് ജനങ്ങളെ അറിയിക്കാനും ചിലര്‍ ശ്രമിച്ചു. ഭരണകൂടഭീകരത സൃഷ്ടിക്കുന്ന വിഹ്വലത അറിയണമെങ്കില്‍ അതനുഭവിക്കണം.

പ്രഖ്യാപിത അടിയന്തരാവസ്ഥയും അപ്രഖ്യാപിത അടിയന്തരാവസ്ഥയും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഒന്നു മാത്രമാണ് മുകളില്‍ പറഞ്ഞത്. പതിനഞ്ച് സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നൂറില്‍പരം നേതാക്കളെയും പ്രവര്‍ത്തകരെയും പിടികൂടി ജയിലിലടയ്ക്കുകയും ആവശ്യമുള്ളവരെ ഡല്‍ഹിയിലെത്തിക്കുകയും ചെയ്ത പഴുതടച്ച ഓപറേഷന്‍ ഒക്‌ടോപസ് എന്‍ഐഎയും ഇ.ഡി.യും ചേര്‍ന്നാണ് നടത്തിയത്. കേരളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത 19 പേരില്‍ പിഎഫ്‌ഐയുടെ സ്ഥാപകനേതാക്കളും ഔദ്യോഗികപദവി വഹിക്കുന്ന പ്രമുഖരും ഉള്‍പ്പെടുന്നു. പകല്‍വെളിച്ചത്തില്‍ നിയമപരമായ പ്രക്രിയയിലൂടെ പിടിക്കാന്‍ പറ്റാത്തവരാണോ പ്രഫ. കോയ, ഇ അബുബക്കര്‍, ഇ എം അബ്ദുറഹ്‌മാന്‍, നാസറുദീന്‍ എളമരം തുടങ്ങിയവര്‍. അറസ്‌റ്റെന്ന് കേട്ടാല്‍ ഭയപ്പെടാത്തവര്‍ക്കുവേണ്ടിയുള്ളതാണ് ഡോസ് കൂടിയ പാതിരാറെയ്ഡ്. അണികളുടെ പ്രതിരോധം ഒഴിവാക്കുന്നതിന് വേണ്ടിയാകാം അസമയത്തെ അറസ്റ്റ്.

ഏത് സംഘടനയെയും നിയമപരമായി നിരോധിക്കുന്നതിന് സൗകര്യമുള്ള സംവിധാനമാണ് നമ്മുടേത്. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പും ശേഷവും അതങ്ങനെയാണ്. സംഘടിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശം സംഘടനകള്‍ക്കോ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം വ്യക്തികള്‍ക്കോ പരിരക്ഷയാകുന്നില്ല. കരുതല്‍ തടങ്കല്‍ മുതല്‍ യുഎപിഎ വരെ വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ജീവിക്കുന്നതിനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാണെന്ന് അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധമായ ഹേബിയസ് കോര്‍പസ് കേസില്‍ പ്രഖ്യാപിച്ച സുപ്രീം കോടതി ഉള്‍പ്പെടെ ആര്‍ക്കും ഒന്നിനെയും ആശ്രയിക്കാനാവില്ല. സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിട്ടും സെഷന്‍സ് കോടതി കനിയാതെ ജയിലില്‍ത്തന്നെ കഴിയേണ്ടിവന്ന സിദ്ധിഖ് കാപ്പന്‍ ഒരു പ്രതീകമാണ്. മരിക്കുന്നതിനുമുമ്പ് ഒരിറ്റ് വെള്ളത്തിനുവേണ്ടി ന്യായപീഠത്തോട് നിഷ്ഫലം യാചിച്ച സ്റ്റാന്‍ സ്വാമി മറ്റൊരു പ്രതീകമാണ്. ആരെയും ഭീകരനാക്കുന്നതിന് പ്രായമോ അവശതയോ പശ്ചാത്തലമോ തടസമാകുന്നില്ല.

പ്രതികരിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള ഇടം പരിമിതമാകുന്നുവെന്നത് നമ്മുടെ ജനാധിപത്യം അനുഭവിക്കുന്ന പ്രതിസന്ധിയാണ്. ആഗോളസൂചികയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നില പരിതാപകരമാംവിധം താഴെയാകുന്നത് ഇക്കാരണത്താലാണ്. കരിനിയമങ്ങളില്‍നിന്നുള്ള വിമുക്തിയാണ് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. അപകീര്‍ത്തി, രാജ്യദ്രോഹം തുടങ്ങി വാക്കാലുള്ള കുറ്റകൃത്യങ്ങളുടെ ക്രിമിനല്‍ സ്വഭാവം ഇതരരാജ്യങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ നമ്മള്‍ അവയെ ശക്തിപ്പെടുത്തുകയും പുതിയ കുറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിയമം മാത്രമല്ല ഭരണകൂടത്തിന്റെ ഇംഗിതത്തിനൊത്ത് അവയെ പ്രയോഗിക്കാന്‍ പ്രാപ്തമായ ഏജന്‍സികളും നമുക്കുണ്ട്. ആരെയും കൊത്തിപ്പറക്കാന്‍ ശേഷിയുള്ള കഴുകനെ കൂട്ടിലടച്ച തത്തയെ സാന്ദര്‍ഭികമായ വിശേഷണത്താല്‍ ചെറുതാക്കിക്കാണരുത്. ഭരണകൂടഭീകരതയുടെ പ്രതീകമാകു ഏജന്‍സികള്‍ കൂടും തുടലുമില്ലാതെ ഭീതിദമായി വിഹരിക്കുന്നു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം സൃഷ്ടിക്കപ്പെട്ട അരക്ഷിതബോധത്തില്‍ നിന്ന് എന്‍ഡിഎഫ്, പിഡിപി എിങ്ങനെ പല സംഘടനകളും രൂപംകൊണ്ടിട്ടുണ്ട്. മിതവാദിസംഘടനകളോടും രാഷ്ട്രീയത്തോടും താത്പര്യമില്ലാതായവര്‍ ആവേശത്തള്ളിച്ചയാല്‍ അവയില്‍ ആകൃഷ്ടരായത് സ്വാഭാവികം മാത്രം. അവ രാഷ്ട്രീയരൂപം പ്രാപിക്കുകയോ വ്യതിരിക്തമായ രാഷ്ട്രീയരൂപങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിട്ടുണ്ട്. തീവ്രഹിന്ദുത്വത്തെയും അതിനെ പ്രതിനിധാനം ചെയ്യുന്ന സംഘ്പരിവാറിനെയും പ്രതിരോധിക്കുകയെന്ന പ്രഖ്യാപിതലക്ഷ്യത്തോടൊപ്പം ദലിത്-പിന്നാക്ക സമുദായങ്ങളുടെ മുന്നേറ്റവും ഈ സംഘടനകള്‍ അജണ്ടയില്‍ ആകര്‍ഷകമായി ഉള്‍പ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ടിനോടും അതിന്റെ രാഷ്ട്രീയമുഖമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയോടും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല മുസ്‌ലിം മത-രാഷ്ട്രീയ കൂട്ടായ്മകളും പൊതുവെ അകലം പാലിച്ചു. പ്രവാചകനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈപ്പത്തി ഛേദിച്ചതും അഭിമന്യുവിന്‍േറതുള്‍പ്പെടെയുള്ള കൊലപാതകങ്ങളും ഈ സംഘടനകള്‍ക്ക് പൊതുസ്വീകാര്യത ഇല്ലാതാക്കി. അതേസമയം തെരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐയുമായി മതനിരപേക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍, പ്രത്യേകിച്ച് സിപിഎം, രഹസ്യബന്ധം സ്ഥാപിച്ചിരിക്കുന്നുവെന്ന ആക്ഷേപമുണ്ടായി. പഞ്ചായത്തുകളിലെ പ്രാദേശികസാഹചര്യങ്ങളെ അടിസ്ഥാനമാക്കി തെളിയിക്കാവുന്നതല്ല ഈ ആരോപണം.

സര്‍വസന്നാഹത്തോടെ അമിത് ഷായുടെ ഏജന്‍സികള്‍ ആരംഭിച്ചിരിക്കുന്നത് കേവലം പുലികളിയല്ല. ചായം തേച്ച കളിപ്പുലികളെയല്ല, യഥാര്‍ത്ഥപുലികളെത്തന്നെയാണ്‌ അവര്‍ ഉന്നം വയ്ക്കുന്നത്. മടകള്‍ തകര്‍ക്കപ്പെടും. യുഎപിഎ പ്രകാരമുള്ള നിരോധനത്തിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള സൂചനകള്‍ ലഭിക്കുന്നുണ്ട്. ഹൈകോടതി ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ നീക്കി ഝാര്‍ഖണ്ഡില്‍ നിലനില്‍ക്കുന്നതുപോലെയുള്ള നിരോധനം പോപ്പുലര്‍ ഫ്രണ്ടിനെ കാത്തിരിക്കുന്നുണ്ടാകാം. ന്യൂനപക്ഷപ്രീണനം എന്ന ആക്ഷേപത്തെ പൊതുവെയും പിഎഫ്‌ഐ-എസ്ഡിപിഐ ബാന്ധവമെന്ന ആരോപണത്തെ പ്രത്യേകിച്ചും നേരിടാന്‍ വെമ്പുന്ന ജനാധിപത്യ-മതനിരപേക്ഷ കക്ഷികള്‍ ഈ സംഭവങ്ങളോട് കാര്യമായി പ്രതികരിക്കാതിരിക്കുന്നത് ശ്രദ്ധേയമാണ്. മിണ്ടാനും വയ്യ, മിണ്ടാതിരിക്കാനും വയ്യ എന്ന അവസ്ഥയില്‍ മിണ്ടാതിരിക്കുന്നതാണ് ബുദ്ധി എന്ന പ്രായോഗികചിന്ത അവര്‍ക്കുണ്ട്. അടിയന്തരാവസ്ഥയിലും അതിനുമുമ്പും പാര്‍ട്ടികളെയും സംഘടനകളെയും നിരോധിക്കുകയും വ്യക്തികളെ കരുതല്‍തടങ്കലിലാക്കുകയും ചെയ്ത പാരമ്പര്യമുള്ള കോണ്‍ഗ്രസിന് പ്രതികരിക്കുന്നതിനുള്ള ധാര്‍മികമായ കരുത്തില്ല. കരിനിയമങ്ങളുടെ മൂത്താശാരിമാരാണ് കോണ്‍ഗ്രസുകാരെന്ന കാര്യവും മറക്കേണ്ട. അവര്‍ മൂര്‍ച്ച കൂട്ടി വച്ചത് പിന്നാലെ വന്നവര്‍ വകതിരിവില്ലാതെ പ്രയോഗിക്കുന്നു എന്നു മാത്രം. നിരോധനം യാതെന്നിനും പ്രതിവിധിയല്ല. പേരും വേഷവും മാറി നിരോധനത്തെ മറികടക്കാന്‍ ്രപാപ്തിയുള്ളവരാണ് ഒളിപ്പോരുകാര്‍.

ഏതു കടുത്ത നടപടിയെയും പൊതുസമൂഹം ന്യായീകരിക്കുന്ന രീതിയില്‍ അവിവേകത്തോടെയുള്ള പ്രതികരണമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തുനിന്നുണ്ടായത്. ഹൈകോടതി വിലക്ക് ലംഘിച്ച് ഹര്‍ത്താല്‍ നടത്തിയെതല്ല ചൂണ്ടിക്കാണിക്കപ്പെടുന്ന അവിവേകം. പ്രതിഷേധത്തില്‍ നിയമലംഘനമുണ്ടാകും. നിയമലംഘകരെ കൈകാര്യം ചെയ്യുതിന് നിയമത്തില്‍ സംവിധാനമുണ്ട്. ഭവിഷ്യത്ത് അറിഞ്ഞും ഭവിഷ്യത്തിനെ ഭയപ്പെടാതെയുമാണ് പ്രതിഷേധിക്കേണ്ടത്. കേന്ദ്രത്തോടുള്ള പ്രതിഷേധം സംസ്ഥാനത്തെ സ്ഥാപനങ്ങളോടും ജനങ്ങളോടുമുള്ള ആക്രമണമാക്കി മാറ്റിയതിലെ യുക്തി മനസിലാക്കാന്‍ പ്രയാസമുണ്ട്. പഞ്ചറായ ടയര്‍ മാറ്റിയിടാന്‍പോലും പാങ്ങില്ലാത്ത കെഎസ്ആര്‍ടിസിയുടെ 71 ബസുകള്‍ക്കാണ് കേടുപാട് വരുത്തിയത്. സര്‍വീസ് മുടങ്ങിയതിന്റെ നഷ്ടം വേറേ. കല്ലേറും ബോംബേറും നടത്തിയവര്‍ ജനങ്ങളോടാണ് യുദ്ധം ചെയ്തത്. സര്‍ക്കാരിനുണ്ടായ നഷ്ടം പോകട്ടെ , ലീവില്ലാതെ ദിനവേതനത്തില്‍ പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യര്‍ എന്തപരാധമാണ് പോപ്പുലര്‍ ഫ്രണ്ടിനോട് ചെയ്തത്. ആരോടും ഉത്തരവാദിത്വമില്ലാത്ത ഭീകരസംഘടനകള്‍ക്ക് എന്തുമാകാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയും തെരഞ്ഞെടുപ്പില്‍ പങ്കുചേരുകയും ചെയ്യുന്ന പ്രസ്ഥാനത്തിന് ഇങ്ങനെയാകാമോ? പിഡിഎഫിനെതിരെ എത്ര കടുത്ത നടപടിയുണ്ടായാലും അതിനെ ന്യായീകരിക്കുന്ന രീതിയിലായിപ്പോയി അവരുടെ പ്രതിപ്രവര്‍ത്തനം. ആയുധപരിശീലനം ലഭിച്ച പിഎഫ്‌ഐ കാഡറിന്റെ പ്രകടനങ്ങള്‍ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയായി മാറാറുണ്ട്. കൃത്യതയോടെയുള്ള കൊലപാതകവും പരിശീലനത്തിന്റെ ഭാഗമാണെന്നു കേള്‍ക്കുന്നു. പട്‌നയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിടുന്നുവെന്ന ഇ.ഡി. വെളിപ്പെടുത്തല്‍ പൂര്‍ണമായും വിശ്വസനീയമല്ലെങ്കിലും കണ്ണൂരില്‍ തനിക്കെതിരെ വധശ്രമമുണ്ടായി എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതുപോലെ പൂര്‍ണമായും അവിശ്വസനീയമായ വെളിപ്പെടുത്തല്‍ അല്ല അത്. എന്തപരാധവും ചാര്‍ത്തിക്കൊടുക്കാന്‍ പര്യാപ്തമായ രീതിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തനം. ശബരിമല പ്രക്ഷോഭകാലത്ത് സംഘ്പരിവാറിന്റെ ആഭിമുഖ്യത്തില്‍ നടന്ന അക്രമാസക്തമായ ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച പോപ്പുലര്‍ ഫ്രണ്ട് അതിനെ കടത്തിവെട്ടിയ പ്രകടനമാണ് ഇപ്പോള്‍ നടത്തിയത്. നമ്മുടെ ഹര്‍ത്താല്‍ ശരിയും അവരുടേത് തെറ്റും ആകാന്‍ പാടില്ല.

ജനാധിപത്യത്തിനേല്‍ക്കുന്ന ക്ഷതമാണ് കരുതല്‍ തടങ്കലും നിരോധനവും. നിരോധിക്കപ്പെടുന്ന സംഘടനകള്‍ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലെത്തിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഗാന്ധിവധത്തിനുശേഷം നിരോധിക്കപ്പെട്ട സംഘടനയായിരുന്നു ആര്‍എസ്എസ്. ഹിന്ദുത്വരാഷ്ട്ര സ്ഥാപനത്തിനുള്ള കടമ്പകള്‍ കടക്കുമ്പോള്‍ പലതും ചവിട്ടിത്താഴ്ത്തപ്പെടുന്നു. ചവിട്ടിത്താഴ്ത്തപ്പെടുന്നത് കരുത്തോടെ ഉയര്‍ന്നുവരും. ഇസ്‌ലാമികരാഷ്ട്രമെന്ന മുദ്രാവാക്യമാണ് പോപ്പുലര്‍ ഫ്രണ്ടിനെ അനഭിമതമാക്കുന്നതെങ്കില്‍ ഹിന്ദുരാഷ്ട്രമെന്ന മുദ്രാവാക്യവും ഭരണഘടനാപരമായി തത്തുല്യമായ നിലയില്‍ ഗര്‍ഹണീയമാണ്. ഭരണഘടനയോടുള്ള ആദരവ് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. ഭരണഘടനയെ വൈദേശികമായി കാണുകയും മനുസ്മൃതിയിലും അത്രിസംഹിതയിലും അധിഷ്ഠിതമായ തദ്ദേശഭരണഘടനയ്ക്കുവേണ്ടി വാദിക്കുകയും  ചെയ്യുന്നവരോടാണ്‌ അന്യന്റെ കണ്ണിലെ കരടു കാണുതിനുമുമ്പ് സ്വന്തം കണ്ണ് പരിശോധിക്കുതിനുള്ള നിര്‍ദേശമുണ്ടായത്.

ദേശരക്ഷ എന്‍ഐഎ മാത്രമായി ഉറപ്പാക്കേണ്ട കാര്യമല്ല. അടിയന്തരാവസ്ഥയില്‍ അത്തരം പല കൗതുകക്കാഴ്ചകളും കണ്ടവരാണ് നമ്മള്‍. ചൈനയില്‍ മാവോ സേ തുങ്ങിന്റെ മുന്നേറ്റത്തെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട്  ചെയ്ത പ്രസിദ്ധനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായിരുന്നു എഡ്ഗര്‍ സ്‌നോ. അദ്ദേഹമെഴുതിയ റെഡ് സ്റ്റാര്‍ ഓവര്‍ ചൈന എന്ന പുസ്തകം കൈയില്‍ കണ്ടതിന്റെ പേരില്‍ യാത്രക്കാരനെ അടിയന്തരാവസ്ഥയില്‍ കരുണാകരന്റെ പൊലീസ് പിടികൂടി ബസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത് ഞാന്‍ റിപ്പോര്‍ട്ടു  ചെയ്തിട്ടുണ്ട്. ഭരണം ആരുടേതായാലും അസംബന്ധങ്ങള്‍ അവസാനിക്കുന്നില്ല. സംശയം തോന്നുന്ന ലഘുലേഖകള്‍ ആരെയും ഭീകരനാക്കും. അച്ചടിക്കുതെല്ലാം വായിക്കാനുള്ളതാണ്. വായിക്കുതല്ല, അച്ചടിക്കുന്നതാണ് കുറ്റം. അച്ചടിപോലും കുറ്റമല്ലാതാകുന്ന കാലം വരണം. അനുവാദമില്ലാതെയുള്ള അച്ചടി കുറ്റമായിരുന്ന കാലത്താണ് അതിനെതിരെ ജോ മില്‍ ‘അരെയോപാഗറ്റിക്ക’ എന്ന പ്രബന്ധത്തിലൂടെ പ്രതിഷേധിച്ചത്. അദ്ദേഹത്തിന്റെ കാലശേഷമാണെങ്കിലും ലൈസന്‍സിങ് നിയമം ബ്രിട്ടീഷ് പാര്‍ലമെന്റിനു റദ്ദാക്കേണ്ടിവന്നു.

ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യങ്ങളിലും ഇത്തരം പ്രതിസന്ധിയുണ്ടാകുന്നു. സ്വാതന്ത്ര്യത്തിന് പരമപ്രാധാന്യം നല്‍കുന്ന അമേരിക്കയില്‍ ജേക്കബ് അബ്രാംസിനെയും നാല് ജൂത-റഷ്യന്‍ കുടിയേറ്റക്കാരെയും ഇരുപത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് ലഘുലേഖ വിതരണം ചെയ്ത കുറ്റത്തിനായിരുന്നു. വ്‌ളാഡിവോസ്‌റ്റോക്കില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായിരുന്നു ന്യൂയോര്‍ക്കില്‍ വിതരണം ചെയ്ത ലഘുലേഖ. ജഡ്ജിമാരായ ഒലിവര്‍ വെന്‍ഡല്‍ ഹോംസും ലൂയിസ് ബ്രാന്‍ഡൈസും ഉന്നയിച്ച എതിര്‍പ്പിനെ മറികടന്ന് സുപ്രീം കോടതി ശിക്ഷ ശരിവച്ചു. സ്വതന്ത്രമായ ആശയങ്ങളുടെ തുറന്ന വിപണി എന്ന തത്ത്വം ഹോംസ് ആവിഷ്‌കരിച്ചത് ഈ കേസിലാണ്. താഹയും അലനും കേരളത്തില്‍ യുഎപിഎ തടവുകാരായി ജാമ്യമില്ലാതെ ജയിലില്‍ കഴിഞ്ഞത് അവരുടെ കൈവശം കണ്ട ലഘുലേഖകളുടെ പേരിലായിരുന്നു. ഏതു കേസിലായാലും വീണ്ടുവിചാരം നല്ലതാണ്. മാവോവാദി രൂപേഷിനെതിരെ യുഎപിഎ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായതും സുപ്രീം കോടതി അതനുവദിച്ചതും ശുഭോദര്‍ക്കമാണ്.

ഭരണകൂടം വേട്ടയ്ക്കിറങ്ങുമ്പോള്‍ ഇരകള്‍ ഉണ്ടാകണം. അമേരിക്കയില്‍ മക്കാര്‍ത്തിയുടെ കാലത്ത് കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടു. ചാര്‍ലി ചാപ്‌ളിനുപോലും രാജ്യം വിടേണ്ടതായ അവസ്ഥയുണ്ടായി. പരസ്യജീവിതത്തേക്കാള്‍ കൂടുതല്‍ കാലം ഒളിവിലും ജയിലിലും കഴിഞ്ഞയാളാണ് എ കെ ഗോപാലന്‍. തെളിയിക്കപ്പെട്ട കുറ്റത്തിനുള്ള ശിക്ഷയായിരുന്നില്ല എകെജി അനുഭവിച്ചത്. സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ കാലത്ത് കമ്യൂണിസത്തിന്റെ എതിരാളികളാണ് പീഡിപ്പിക്കപ്പെടുകയും സൈബീരിയന്‍ തടങ്കല്‍ പാളയങ്ങളിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തത്. സര്‍വോപരി കമ്യൂണിസ്റ്റ് എന്നത് തിരുവിതാംകൂറില്‍ പ്രതിക്കു നല്‍കുന്ന പരമമായ വിശേഷണമായിരുന്നു. രാജ്യസ്‌നേഹമെന്നതുപോലെ രാജ്യദ്രോഹവും കൃത്യമായ നിര്‍വചനം ആവശ്യപ്പെടുന്നതും എന്നാല്‍ നല്‍കാന്‍ കഴിയാത്തതുമായ സംജ്ഞകളാണ്. വിമര്‍ശകര്‍ രാജ്യദ്രോഹികളും വിയോജകര്‍ രാജ്യസുരക്ഷയ്ക്ക് അപകടകാരികളുമായി ചിത്രീകരിക്കപ്പെടുന്നു.

രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകയെന്നത് പൗരന്റെ ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. അതിനെതിരായ പ്രവര്‍ത്തനം ഭരണഘടനാപരമായ അപരാധമാണ്. മതാതീതമായ രാഷ്ട്രസംവിധാനത്തെ തകര്‍ത്ത് മതാധിഷ്ഠിതമായ രാജ്യസ്ഥാപനത്തിനുള്ള ഏത് ശ്രമവും കുറ്റകരമാണ്. ദൈവരാജ്യത്തെക്കുറിച്ചും സ്വര്‍ഗരാജ്യത്തെക്കുറിച്ചുമുള്ള മതങ്ങളുടെ നിലപാട് വേറൊരു തലത്തിലാണ്. അവിടത്തെ രാജ്യം വരേണമേ എന്ന് സ്വര്‍ഗസ്ഥനായ പിതാവിനോട് ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നത് മതാധിഷ്ഠിതരാഷ്ട്രം സ്വപ്‌നം കണ്ടുകൊണ്ടല്ല. ഹിന്ദുത്വരാഷ്ട്രവാദത്തെ സുബോധവും നീതിബോധവുമുള്ള ഹിന്ദുക്കള്‍തന്നെ നിരാകരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ അത് അപ്രായോഗികമായ അജണ്ടയാക്കുന്നതെന്തിന്? അജണ്ടയുടെ അപ്രായോഗികത മാത്രമല്ല, പല തരത്തിലുള്ള അസ്വീകാര്യതകളാണ് അത് നിരസിക്കുന്നതിനുള്ള കാരണം.

ഭരണഘടനയെപ്രതി ആണയിടുകയും പ്രവൃത്തി ഭരണഘടനാവിരുദ്ധമാകുകയും ചെയ്യുന്നതില്‍ ന്യായീകരിക്കാനാകാത്ത വൈരുദ്ധ്യമുണ്ട്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്നതാണ് പിഎഫ്‌ഐയും സമാനസംഘടനകളും നേരിടുന്ന പ്രതിസന്ധി. കേന്ദ്ര ഏജന്‍സികളോട് പൊതുവെയുള്ള വിശ്വാസരാഹിത്യം ഈ സംഘടനകള്‍ക്ക് വിശ്വാസ്യത നല്‍കുന്നില്ല. മൊത്തം 355 പേരെ പ്രതികളാക്കി പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎ ഫയല്‍ചെയ്ത 19 കേസുകളില്‍ 46 പേര്‍ ശിക്ഷിക്കപ്പെട്ടുവെന്നത് കേവലം സ്ഥിതിവിവരക്കണക്കായി മാറ്റിവയ്ക്കാനാവില്ല. എന്‍ഐഎ മാത്രമല്ല ഇ.ഡി.യും രംഗത്തിറങ്ങിയിരിക്കുന്നുവെന്നത് സംഘടനകളെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

Read more

സംസ്ഥാന പൊലീസിന്റെ തീവ്രവാദവിരുദ്ധ സേനകളുമായി ചേര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയും ഇ.ഡി.യും നടത്തിയ ഓപ്പറേഷന്‍ ഒക്‌ടോപസില്‍ കണ്ടെത്തിയ വിവരങ്ങള്‍ സംഭ്രമജനകമാണ്. വിദേശത്തു നിന്നു വന്‍തോതിലെത്തുന്ന പണം ഉപയോഗിച്ച് രാജ്യത്തെ ശിഥിലീകരിക്കുന്ന അക്രമപ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നുവെന്നുള്ള കണ്ടെത്തല്‍ സംഘടനയുടെ മുന്നോട്ടുള്ള പോക്ക് അസാധ്യമാക്കും. അക്രമാസക്തമായ ഹര്‍ത്താല്‍ ഒഴിവാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ കാര്യമായി ചര്‍ച്ച ചെയ്യാതെ പോകുമായിരുന്ന വിഷയത്തെ അവര്‍തന്നെ സങ്കീര്‍ണമാക്കി. വിവേചനാരഹിതവും വിവേകരഹിതവുമായ ശക്തിപ്രകടനം അപഹാസ്യമായ അവസ്ഥയ്ക്ക് കാരണമാകും. സുരേന്ദ്ര മോഹന്‍ എന്നു പേരുള്ള ജഡ്ജി ഹിന്ദുവാണെന്നു കരുതി ഹൈകോടതി മാര്‍ച്ചില്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ച ചരിത്രം പോപ്പുലര്‍ ഫ്രണ്ടിനുണ്ട്. ആലപ്പുഴയില്‍ അനാശാസ്യമായ മുദ്രാവാക്യം വിളിച്ച കുട്ടി മറ്റൊരു അവിവേകമായി. അവിവേകം കൊലപാതകങ്ങളിലേക്ക് കടക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം മറ്റൊാകുന്നു. കേരളത്തില്‍ വകവരുേത്തണ്ടവരുടെ ഹിറ്റ് ലിസ്റ്റ് റെയ്ഡില്‍ കണ്ടെടുത്തതായി എന്‍ഐഎ പറയുന്നു. എന്തും പറയുന്നതിനുള്ള പ്രാപ്തി എന്‍ഐഎയ്ക്കുള്ളതുപോലെ എന്തും ചെയ്യുതിനുള്ള പ്രാപ്തി പിഎഫ്‌ഐക്കുണ്ട്. മതനിരപേക്ഷവും ഭരണഘടനാധിഷ്ഠിതവുമായ ജനാധിപത്യഗാത്രത്തിലാണ് എല്ലാ ആഘാതങ്ങളും തുല്യശക്തിയോടെ നിപതിക്കുന്നത്.