കേരളത്തിന്റെ ജനപ്രിയ സമരമുഖത്തിന്റെ ഒരു നൂറ്റാണ്ട് കാലം

പൊതുവേദികളിലേക്കു വി എസ് കടന്നു വരുമ്പോള്‍ ഒരു കടലിരമ്പാറുണ്ട്…’കണ്ണേ കരളേ വി എസേ’ എന്ന് ആ മനുഷ്യ കടല്‍ ആര്‍ത്തലയ്ക്കാറുണ്ട്,.. കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന അണികള്‍ക്കപ്പുറം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിഎസ് എന്ന രണ്ടക്ഷരം ഉയര്‍ത്തുന്ന, ഉയര്‍ത്തിയ ആരവം മറ്റൊരു നേതാവിന് എത്തിപ്പിടിക്കാന്‍ കഴിയാത്തതിലും അപ്പുറമാണ്.. കേരളത്തിന്റെ സമരനായകന്‍ വിടവാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ രാഷ്ട്രീയഭേദമന്യേ ജനപ്രിയ നേതാവ് എന്ന കസേരയിലെ ആളൊഴിയുകയാണ്. പാര്‍ട്ടിയ്ക്കപ്പുറം അണികള്‍ക്കപ്പുറം കേരളമെമ്പാടും ജനമനസുകളില്‍ ഇടം നേടിയ നേതാക്കളുടെ പട്ടികയിലെ അവസാനപേരുകാരനാണ് ഒരുപക്ഷേ വിടവാങ്ങുന്നത്. ഇനിയൊരു വിഎസ് എന്നത് സംഭവ്യമല്ല. അത്തരമൊരു സമരതീക്ഷണ ചരിത്രം ഇനി പുസ്തകത്താളുകളില്‍ മാത്രമാണ് ഉണ്ടാവുക. വിഎസ് അച്യുതാനന്ദന്‍ ചുവന്ന തീനാളമായി മാറുകയാണ്.