വിധി റിലീസ് നീട്ടിവെച്ചു. ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ഇന്ന്  പുറത്തിറങ്ങേണ്ടിയിരുന്ന ‘വിധി’ എന്ന ചിത്രത്തിന് ചില നിയമതടസ്സങ്ങള്‍ ഉണ്ടായതിനാല്‍  റിലീസ് നീട്ടിവെച്ചു. ഉടനെ തന്നെ റിലീസ് തീയതി അറിയിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം അറിയിച്ചു.

ഒരു ഫ്‌ളാറ്റ് പൊളിക്കേണ്ടിവരുന്നതുമായി ബന്ധപ്പെട്ട കഥയാണ് വിധി. ചിത്രീകരണം ആരംഭിക്കുംമുമ്പേ മരടിലെ ഫ്‌ളാറ്റ് സംഭവവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ചിത്രീകരണം തടയാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പിന്നീട് സിനിമ പുറത്തിറങ്ങാതിരിക്കാനായി അണിയറപ്രവര്‍ത്തകര്‍ക്ക് ഓഫറുകള്‍ വന്നു. എന്നാല്‍ ചിത്രം പുറത്തിറക്കാന്‍തന്നെ തീരുമാനിക്കുകയായിരുന്നു.

കോടതി വ്യവഹാരങ്ങളില്‍ സിനിമക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. ആദ്യത്തെ പേരായ മരട് 357 മാറ്റി വിധി എന്ന പേര് സ്വീകരിച്ചതും ഒരു കൗതുകം. ചിത്രം ആരെയും ലക്ഷ്യമിട്ടുകൊണ്ടല്ല എന്നും ഒരു ഫ്‌ളാറ്റ് സമുച്ചയവും അതിലെ താമസക്കാരും ആ പ്രദേശത്തെ ജനങ്ങളുമായുള്ള ബന്ധങ്ങളുമെല്ലാം പ്രതിപാദിക്കുന്ന കഥയാണ് ഇതിലുള്ളതെന്ന് സംവിധായകന്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഫ്‌ളാറ്റ് കഥയിലെ ഒരു ഭാഗം മാത്രമാണ്, ഇതിന് സമാന്തരമായ മറ്റൊരു കഥകൂടി സിനിമയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു.