ജനാധിപത്യത്തെ കൊലചെയ്യാന്‍ കൂട്ടുനിന്നയാള്‍ എന്ന പേരിലേക്ക് ഗ്യാനേഷ് കുമാറിന്റെ പേര് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കാലം വിദൂരമല്ലെന്ന് വ്യക്തമാക്കുകയാണ് വോട്ട് കൊള്ളയുടെ കാണാപ്പുറങ്ങള്‍ ഓരോന്നായി രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് തുറന്നുകാട്ടുമ്പോള്‍.
Read more
വോട്ട് ചോരിയെന്ന ക്യാമ്പെയ്‌നുമായി രാഹുല്‍ ഗാന്ധി ആദ്യം വന്നപ്പോള്‍ ഇല്ലാത്ത വോട്ടര്‍മാരുടെ ലിസ്റ്റാണ് രാജ്യത്തെ യുവത്വത്തിന് മുമ്പില്‍ വെളിവാക്കിയതെങ്കില്‍ ഇക്കുറി വോട്ട് നഷ്ടപ്പെട്ടവരുടെ വാക്കുകളും അവരെ രാജ്യത്തിന് മുമ്പില്‍ പരിചയപ്പെടുത്തിയുമാണ് രാഹുലിന്റെ രണ്ടാം വരവ്. ചോര്‍ത്തിയും ചേര്‍ത്തും രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നതിന്റെ മഞ്ഞുമലയുടെ അറ്റമാണ് രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയിരിക്കുന്നത്. വിവരങ്ങളും വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും ചോദിക്കുമ്പോള്‍ അമ്മ പെങ്ങന്‍മാരുടെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കൈമാറണോയെന്ന സംഘയുക്തിയ്ക്കനുസരിച്ചുള്ള ചോദ്യം ചോദിച്ച് തടിതപ്പാന്‍ നോക്കിയ അതേ ഗ്യാനേഷ് കുമാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. അട്ടിമറിക്ക് കോപ്പുകൂട്ടിയത് തങ്ങളാണെന്ന് സമ്മതിക്കേണ്ടി വന്നാലും പുറത്തുനിന്നുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയിലുള്ള വോട്ടര്‍ ലിസ്റ്റില്‍ തിരിമറി നടത്തുന്നുവെന്ന് വന്നാലും ഈ സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് ഒഴിഞ്ഞുമാറാനാവില്ല.






