നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ- പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ കരുതലോട് കൂടി യുദ്ധം തങ്ങളുടെ നയമല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട് ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നുണപ്രചാരണങ്ങളെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തെളിവുകളോടെ ഖണ്ഡിക്കുന്ന കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ നയം വ്യക്തമാക്കുന്നുണ്ട്. പാക് ഷെല്ലിംഗുകള്‍ അതിര്‍ത്തിയില്‍ തുടരുകയാണ്. തുര്‍ക്കിയുടെ സന്‍ഗര്‍ ഡ്രോണുകളും ഫത്ത 2 മിസൈലുകളും ലോങ് റേഞ്ച് ദീര്‍ഘദൂര വേധന ആയുധങ്ങളും യുദ്ധവിമാനങ്ങളും വരെ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ഇന്ത്യയുടെ സൈനിക താവളങ്ങളടക്കം ലക്ഷ്യമാക്കി പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ചെറിയ നാശനഷ്ടങ്ങള്‍ക്കപ്പുറം എല്ലാം കൃത്യമായി ചെറുത്തെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ നുണപ്രചാരണം വഴിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് മേലെ ജയിക്കാന്‍ ശ്രമം നടത്തുന്നത്.