നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കുര്‍സി കുമാര്‍ എന്ന പേര് രാഷ്ട്രീയ ലോകത്ത് ലഭിച്ചത് കസേരയ്ക്ക് വേണ്ടി എന്ത് ചെയ്യാനും അധാര്‍മ്മികമായി നീങ്ങാനും മടിയില്ലാത്തതിനാലാണ്. പ്രതിപക്ഷത്തിനൊപ്പം നിന്ന് ഒരു സഖ്യത്തിന്റെ മുന്‍നിര പോരാളിയായിട്ട് രായ്ക്ക്‌രാമായനം ഭരണപക്ഷത്തിനൊപ്പം പോയ രാഷ്ട്രീയ വഞ്ചകന്‍ കൂടിയായിരുന്നു പലപ്പോഴും നിതീഷ് കുമാര്‍. അങ്ങനെ കസേരകളിയില്‍ ചാടി ചാടി ഒടുവില്‍ ബിഹാറില്‍ ബിജെപിയേക്കാള്‍ സീറ്റ് കുറവ് നേടി ആ സഖ്യത്തില്‍ മുഖ്യമന്ത്രിയായി ഇരിക്കുന്ന നിതീഷ് കുമാറിന് ബിജെപിയുടെ വല്ല്യേട്ടന്‍ മനോഭാവം ഇപ്പോള്‍ പുത്തരിയല്ല. തന്റെ ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയായും ബിഹാറിലെ മുന്‍നിര പാര്‍ട്ടിയായും നിന്നിടത്ത് നിന്ന് ചാട്ടവും കാലുവാരലുമെല്ലാം നടത്തി ദീര്‍ഘനാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന നിതീഷ് കുമാര്‍ തന്റെ പാര്‍ട്ടി ജെഡിയുവിനെ ബിജെപി വിഴുങ്ങുന്നത് ശ്രദ്ധിച്ചില്ല. 2020 തിരഞ്ഞെടുപ്പില്‍ ജെഡിയുവിനും ആര്‍ജെഡിയ്ക്കും സീറ്റില്‍ ഇടിവുണ്ടായപ്പോള്‍ 24 സീറ്റ് അധികം നേടി വളര്‍ന്ന ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വീതംവെപ്പില്‍ ജെഡിയുവിനെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞിരുന്നു. ഇതിനെല്ലാം ഇടയിലും സീറ്റ് കുറഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ ബിജെപി നല്‍കിയ അവസരത്തില്‍ മതിമറന്ന നിതീഷ് കുമാറിന് മുന്നില്‍ അടുത്ത തിരഞ്ഞെടുപ്പ് ആസന്നമായിട്ടുണ്ട്.