തര്‍ക്കം- തമ്മില്‍തല്ല്, സ്വന്തം സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരം!

സ്വന്തം പാര്‍ട്ടി ചിഹ്നത്തിലുള്ള സ്ഥാനാര്‍ത്ഥിക്കെതിരെ മുന്നണി സ്ഥാനാര്‍ത്ഥി, തേജസ്വി യാദവിന്റേയും പാര്‍ട്ടിയുടേയും ബിഹാറിലെ ഗതി വല്ലാത്തതാണ്. സീറ്റ് ഷെയറിങിലെ ഇന്ത്യ മുന്നണി അസ്വാരസ്യങ്ങള്‍ അങ്ങ് ഒതുങ്ങി തീരും മുമ്പ് ആര്‍ജെഡിയ്ക്കുള്ളിലും കലാപക്കൊടിയെന്നതാണ് അവസ്ഥ. ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് കൊടുത്ത സീറ്റില്‍ അവര്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ ആര്‍ജെഡിയുടെ റാന്തല്‍ വിളക്കിനെതിരെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പ്രചാരണം നടത്തേണ്ടി വരും. എത്രത്തോളം അലംഭാവത്തിലാണ് ഭരണം പിടിക്കാന്‍ സാഹചര്യം ഉള്ള സംസ്ഥാനത്ത് ഇന്ത്യ മുന്നണിയും മുന്നണിയിലെ പ്രധാനകക്ഷിയും നീക്കം നടത്തി പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കും ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ ഗോറ ബോറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രശ്‌നത്തിലൂടെ.

മഹാഗഡ്ബന്ധനിലുള്ള കോണ്‍ഗ്രസും ആര്‍ജെഡിയും വിഐപിയും തമ്മില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിക്കുന്ന സമയത്തും സമവായത്തില്‍ എത്താത്തതാണ് ഗോറ ബോറത്തില്‍ മുന്നണിയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥി ഉണ്ടാക്കാനിടയാക്കിയത്. ഒപ്പം ആര്‍ജെഡിയ്ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഒരു വിമതനും. ആര്‍ജെഡിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയല്ല ഇന്ത്യാ സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന കുരുക്കില്‍ വീണു ഒരു സീറ്റില്‍ സ്വയം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് പ്രതിപക്ഷം.