ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരിക്കാൻ അച്ഛനെ മകൻ മുറിയിൽ പൂട്ടിയിട്ടു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാനായി അച്ഛനെ മകൻ മുറിയിൽ പൂട്ടിയിട്ടു. ഡൽഹിയിലെ മുനിര്‍കയിലാണ് സംഭവം. 20-കാരനായ മകനാണ് ബിജെപിക്ക് വോട്ടു ലഭിക്കാതിരിക്കാനായി അച്ഛനെ പൂട്ടിയിട്ടതെന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബിജെപിക്ക് അച്ഛൻ  വോട്ടു ചെയ്യുമെന്ന് മനസ്സിലാക്കിയ മകൻ മുമ്പ് തന്റെ സുഹൃത്ത് ചെയ്ത പോലെ അനുകരിക്കുകയായിരുന്നു. ഡൽഹിയിലെ പാലം ഏരിയയിലുള്ള സുഹൃത്തും ബിജെപിക്ക് വോട്ടു ചെയ്യാതിരിക്കാൻ അയാളുടെ അച്ഛനെ പൂട്ടിയിട്ടിരുന്നതായും 20-കാരൻ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ നടക്കും. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൻെറ പോളിംഗ് ശതമാനം ഏറെ വിവാദങ്ങൾക്കൊടുവിൽ ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ്​ കമ്മീഷൻ പുറത്തുവിട്ടത്. 62.59 ശതമാനം വോട്ടാണ്​ രേഖപ്പെടുത്തിയതെന്ന് കമ്മീഷൻ അറിയിച്ചു​. ഒന്നിലധികം തവണ ബാലറ്റ്​ പേപ്പറുകളുടെ സൂക്ഷ്​മ പരിശോധന നടത്തിയത്​ കൊണ്ടാണ്​ പോളിംഗ്​ ശതമാനം കണക്കുകൂട്ടാൻ വൈകിയതെന്നും തിരഞ്ഞെടുപ്പ്​ കമ്മീഷൻ വിശദീകരിച്ചു.