വിവാദമായ കണ്ണൂര്‍ പാലത്തായി പീഡനകേസിൽ അന്വേഷണം പൂര്‍ത്തിയായി. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എ.ഡി.ജി.പി ഇ.ജെ ജയരാജന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിന്‍റെ അന്വേഷണം നടത്തിയത്. കേസിൽ ഈ മാസം 31നകം തലശ്ശേരി പോക്സോ കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കും.
സ്കൂളിലെ ശുചിമുറിയിൽ വെച്ച് അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. എന്നാൽ പീഡിപ്പിക്കപ്പെട്ടെന്ന പെൺകുട്ടിയുടെ മൊഴി വിശ്വാസത്തിൽ എടുക്കാനാവില്ലെന്നായിരുന്നു മുൻ അന്വേഷണ സംഘത്തിന്‍റെ നിഗമനം. അന്വേഷണ സംഘത്തിന്‍റെ ഈ വാദം വിവാദമായ പശ്ചാത്തലത്തിലായിരുന്നു സർക്കാർ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാൽ പെൺകുട്ടിയുടെ മൊഴി ശരി വെയ്ക്കുന്നതാണ് പുതിയ സംഘത്തിന്‍റെ കണ്ടെത്തൽ. ശാസ്ത്രീയ തെളിവുകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ ആണ് അന്വേഷണ സംഘം ഈ നിഗമനത്തിൽ എത്തിയത്.
പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായെന്നായിരുന്നു പെണ കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിൽ ശുചിമുറിയില്‍ നിന്നു ശേഖരിച്ച ടൈല്‍സില്‍ രക്തക്കറയുള്ളതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. എ.ഡി.ജി.പി ഇ.ജെ ജയരാജന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച കേസില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ അനുമതിയോടെ 31നകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. നേരത്തെ അന്വേഷണം നടത്തിയ സംഘങ്ങള്‍ കണ്ടെത്തിയ ശുചിമുറിയിലല്ല പീഡനം നടന്നതെന്നാണു പുതിയ അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഇതാണു കേസില്‍ നിര്‍ണായകമായതെന്നറിയുന്നു.
സ്‌കൂളിലെ രണ്ടു ശുചിമുറികളിലേയും ടൈല്‍സ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്ത പൊലീസ് ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. പീഡനത്തിനിടെ രക്ത സ്രാവമുണ്ടായെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശുചിമുറിയില്‍ നിന്നും രക്തസാമ്പിളുകള്‍ കണ്ടെത്താന്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്.
2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പോലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജൻ മുങ്ങി. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരേ അന്ന് വ്യാപക വിമർശനമുയർന്നു. തുടർന്ന് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു.
പിന്നീട് സർക്കാർ നിർദേശപ്രകാരം ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിന്റെയും കണ്ടെത്തൽ. ഇതിനിടെ, ഐ.ജി. എസ്.ശ്രീജിത്തിന്റെ ഒരു ഫോൺ കോൾ പുറത്തു വന്നതും വിവാദത്തിനിടയാക്കി. തുടർന്ന് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.
Read more
ഐ.ജി. ഇ.ജെ. ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഇവർ പെൺകുട്ടിയിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കേസിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വിശദമായി അന്വേഷിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.