മകന്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നിയമം നിയമത്തിന്റെ വഴിക്കെന്ന്  ബി.ജെ.പി, എം.പി രൂപ ഗാംഗുലി

നടിയും ബി.ജെ.പി, എം.പിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. കാറിന്റെ അമിതവേഗം കണ്ട് കാല്‍നടയാത്രക്കാര്‍ ഓടി മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പി.യുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു അപകടം.

അമിതവേഗത്തില്‍ വരുന്ന കാര്‍ കണ്ട് ആളുകള്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആകാശ് താമസിക്കുന്ന അപ്പാര്‍ട്‌മെന്റിന് സമീപം തന്നെ നടന്ന അപകടത്തില്‍ മതിലിന്റെ ഒരു ഭാഗം പൊളിച്ചു കൊണ്ടാണ് കാര്‍ നിന്നത്. ശബ്ദം കേട്ട് പുറത്തെത്തിയ ആകാശിന്റെ പിതാവ് തന്നെയാണ് കാറിനുള്ളില്‍ കുടുങ്ങിപ്പോയ ആകാശിനെ പുറത്തിറക്കിയത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

യുവാവ് മദ്യപിച്ച അവസ്ഥയിലായിരുന്നുവെന്നാണ് അപകടസമയത്ത് സമീപം ഉണ്ടായിരുന്നവര്‍ പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സംഭവം രാഷ്ട്രീയ വിഷയമാക്കരുതെന്നാണ് ആകാശിന്റെ മാതാവ് രൂപാ ഗാംഗുലിയുടെ പ്രതികരണം.

‘വീടിന് സമീപം വെച്ച് എന്റെ മകന് ഒരു അപകടമുണ്ടായി.. ഞാന്‍ തന്നെ പൊലീസിനെ വിളിച്ച് നിയമപരമായ എല്ലാ നടപടികളുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.. ഇതില്‍ രാഷ്ട്രീയമോ പ്രത്യേക താത്പര്യമോ ഇല്ല.. എന്റെ മകനെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്.. അവന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും.. പക്ഷെ നിയമം നിയമത്തിന്റെ വഴി സ്വീകരിക്കണം’.. എന്നാണ് വിഷയത്തില്‍ പ്രതികരിച്ച് രൂപ ട്വിറ്ററില്‍ കുറിച്ചത്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.. തെറ്റ് പൊറുക്കുകയും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടുള്ള കുറിപ്പില്‍ ഇവര്‍ വ്യക്തമാക്കുന്നു.