ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

കൊച്ചി ആലുവയില്‍ നടന്ന ഗുണ്ടാ ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. മുബാറക്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ ഇരുവര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ട്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. പ്രതികളില്‍ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

കേസില്‍ നേരത്തെ പിടിയിലായ മൂന്ന് പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തില്‍ നേരിട്ട് പങ്കുള്ള ഫൈസല്‍ ബാബു, സിറാജ്, സനീര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ ഫൈസല്‍ ബാബു ഒന്നാം പ്രതിയാണ്. കഴിഞ്ഞ മാസം പ്രദേശത്തുണ്ടായ തര്‍ക്കത്തില്‍ ഫൈസല്‍ ബാബുവും ഉള്‍പ്പെട്ടിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ സുലൈമാന്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വടിവാളും ചുറ്റികയും ഉപയോഗിച്ചാണ് പ്രതികള്‍ സുലൈമാനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ സിദ്ദിഖും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ആസൂത്രിതമായി നടത്തിയ ആക്രമണത്തില്‍ പങ്കെടുത്ത പ്രതികള്‍ ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയവരാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് ഫൈസല്‍ ബാബു, സിറാജ്, സനീര്‍ എന്നിവരെ രാത്രിയോടെ തന്നെ പിടികൂടിയിരുന്നു.