ആനത്താരയും ആറും കടന്ന് ചിന്നാറിലേക്ക് യാത്ര പോകാം

സലീം ടാലിസണ്‍

മൂന്നാര്‍ യാത്രക്കായി പ്ലാന്‍ ചെയ്യുമ്പോള്‍ പോകാന്‍ ഒരു വഴിയും, വരുമ്പോള്‍ വേറൊരു വഴിയും അതായിരുന്നു തീരുമാനം. അങ്ങനെയാവുമ്പോള്‍ ഒരു യാത്രയില്‍ തന്നെ ഏറ്റവും അധികം സ്ഥലങ്ങള്‍ കണ്ടുകൊണ്ടാവാം യാത്ര. പ്രതേകിച്ചും ആദ്യമായി പോകുന്നതാണെങ്കില്‍ ഈ രീതി പലപ്പോഴും സൗദി യാത്രകളിലടക്കം പരീക്ഷിച്ച് വിജയിച്ചതാണ്.

അതിരാവിലെയുള്ള പുറപ്പെടല്‍ തീരുമാനിച്ചത് റോഡിലെ വാഹനഗതാഗതം ഒഴിവാക്കല്‍, എത്രയും നേരത്തെ നിശ്ചയിച്ച സ്ഥലത്ത് എത്തി മാകിസിമം കാഴ്ചകള്‍ തേടല്‍ എന്നീ കാരണങ്ങളാലായിരുന്നു. നല്ല റോഡ്, ഗതാഗതം കുറവ് എന്നീ കാരണങ്ങളാല്‍ മൂന്നാര്‍ എത്താന്‍ എന്തുകൊണ്ടും നല്ലത് അങ്കമാലി, കോതമംഗലം, അടിമാലി റൂട്ട് ഒഴിവാക്കി കൊല്ലങ്കോട്, മുതലമട കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ കടന്ന് ആനമല ഉടുമല്‍പ്പേട്ട് വഴി വീണ്ടും ചിന്നാര്‍ വഴി കേരളത്തിലെത്തുന്നതാണെന്ന് തീരുമാനിച്ചു.

തീരുമാനം ശരിയായിരുന്നു. കൊല്ലങ്കോട് കഴിഞ്ഞതും നല്ല റോഡായി. ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ പിന്നീട് അങ്ങോട്ട് പുളിമരങ്ങള്‍ തണല്‍ വിരിച്ച നല്ല ഒന്നാന്തരം റോഡ്. തമിഴ് കാര്‍ഷിക ഗ്രാമങ്ങളിലൂടെയുള്ള യാത്ര സുഖകരമാണ്. വാഹനത്തിരക്ക് തീരെയില്ല.

ഗൂഗിളില്‍ കാണിക്കുന്ന വഴിയിലൂടെ ഉടുമല്‍പ്പേട്ട് – മൂന്നാര്‍ റോഡില്‍ ഉടുമല്‍പ്പേട്ട് എത്തുന്നതിന് മുന്‍പ് കയറി. അധികം ഓടുന്നതിന് മുന്‍പ് തന്നെ തമിഴ്‌നാട് വനം വകുപ്പ് ചെക്ക് പോസ്റ്റ് എത്തി. പേര്, ആളുകളുടെ എണ്ണം, വാഹനത്തിന്റെ വിവരങ്ങള്‍ എന്നിവ കൊടുത്തതിന് ശേഷം ഇറങ്ങുമ്പോള്‍ ”ഏതാവത് കൊടുങ്കോ”എന്ന് അവിടത്തെ ഉദ്യോഗസ്ഥന്‍. അതും കൊടുത്ത് നേരെ കാട്ടിലേക്ക്.

കുറ്റിക്കാടുകള്‍ നിറഞ്ഞ മഴ നിഴല്‍ പ്രദേശമായ ചിന്നാര്‍ വനമേഖല, രാവിലെ ആയത് കാരണം കളകളം മുഴക്കി പലതരം കിളികളെ കാണാം മരങ്ങളില്‍. ഇടക്കെല്ലാം ആന പിണ്ടികള്‍ കാണാനുണ്ട്. അത് മാത്രമേ കണ്ടുള്ളൂ. പോകുന്ന അന്ന് പൊങ്കല്‍ അവധിക്കാലം ആയതിനാല്‍ അത്യാവശ്യം വാഹനങ്ങള്‍ ഉണ്ട് റോഡില്‍. അതിനാല്‍ തന്ന ഒറ്റക്കാവില്ല വനയാത്ര എന്ന് ബോധ്യം വന്നു. അധികം വീതിയിലാത്ത റോഡാണെങ്കിലും കുണ്ടും കുഴിയുമില്ലാത്തതായിരുന്നു.

ഏറെ ഓടിയില്ല, വീണ്ടും വനംവകുപ്പ് ചെക്ക് പോസ്റ്റ്. അവിടെയും വിവരങ്ങള്‍ നല്‍കി. അതുപോലെ നേരത്തെ ചോദിച്ച അതെ ചോദ്യവും നേരിട്ടു;” ഏതാവത് കൊടുങ്കോ” അത് കൊടുത്ത് ഒരുപാലം കടന്നതും കേരളത്തിലേക്ക് സ്വാഗതം എന്ന ബോര്‍ഡ് കണ്ടു. വിദ്യാര്‍ഥികളുടെ ഒരു സംഘം എല്ലാ വാഹനത്തിലുള്ളവര്‍ക്കും നിര്‍ദേശങ്ങള്‍ കൊടുക്കുന്നുണ്ട്.

30 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകരുത്, ഭക്ഷണ അവശിഷ്ട്ടങ്ങള്‍ പ്ലാസ്റ്റിക് മുതലായവ കാട്ടില്‍ വലിച്ചെറിയരുത് തുടങ്ങി. കേരള വനം വകുപ്പ് അവര്‍ തറവാടികള്‍ ആണ്. മാനം മര്യാദക്ക് വ്യക്തി, വാഹന വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗേറ്റ് തുറന്നു തന്നു. പിച്ചക്കായി തമിഴന്‍ കൈനീട്ടിയത് പോലെ കൈ നീട്ടിയില്ല.

ഇനിയങ്ങോട്ട് കേരളത്തിന്റെ തനതായ റോഡ് നിലവാരം. എന്നാലും കുഴപ്പമില്ല, കുറച്ചു നേരത്തെ ഡ്രൈവിങ്ങിന് ശേഷം ആലംപ്പെട്ടിയെത്തി. അവിടെ നിന്നാണ് ചിന്നാര്‍ വനത്തിലെ തൂവാനം വെള്ളച്ചാട്ടം, മുനിയറകള്‍ ഉള്ള സ്ഥലം, അതുപോലെ 5000 വര്‍ഷമെങ്കിലും പഴക്കമുള്ള ആദിമ നിവാസികള്‍ പാറകളില്‍ വരച്ച ചിത്രങ്ങള്‍ എന്നിവ കാണുന്നതിനുള്ള ട്രെക്കിംഗ് ബുക്ക് ചെയ്യേണ്ടത്. ഒരു വയസ് പോലുമാവാത്ത മകള്‍ കൂടെയുള്ളതിനാലും ഒരു ഭാഗത്തേക്ക് മാത്രം കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ നടക്കേണ്ടത് കൊണ്ടും തൂവാനം വെള്ളച്ചാട്ടത്തിന്റെ അരികിലെക്കുള്ള ട്രെക്കിംഗ് വേണ്ടെന്നുവെച്ചു. ഒരാള്‍ക്ക് 270 രൂപയാണ് നിരക്ക്, ഗൈഡ് അടക്കം.

കാനന ഭംഗി ആസ്വദിച്ചു കൊണ്ട് സാവധാനം ഡ്രൈവ് ചെയ്ത് നീങ്ങുന്നതിനിടയില്‍ താഴ്‌വരയില്‍ കാട്ടാറ് ദൃശ്യമായി. അതാണ് പാമ്പാര്‍, കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന അപൂര്‍വ്വം പുഴകളില്‍ ഒന്ന്. മഴ നിഴല്‍ പ്രദേശമായ ചിന്നാറില്‍ മഴ കുറവാണെങ്കിലും മൂന്നാര്‍ ഭാഗത്ത് നല്ല മഴ കിട്ടുന്നതിനാല്‍ അവിടെ നിന്ന് ഒഴുകി വരുന്ന കാട്ടാറില്‍ നല്ലപോലെ ജലസമൃദ്ധിയുണ്ട്. പിന്നെയും ഓടികൊണ്ടിരിക്കുന്നതിനിടയില്‍ അതാ കാണുന്നു, അങ്ങ് ദൂരെയായി കാട്ടിനുള്ളില്‍ മനം മയക്കുന്ന ഭംഗിയോട് കൂടി തൂവാനം വെള്ളച്ചാട്ടം. പലപ്പോഴും ഫോട്ടോകള്‍ കണ്ടിട്ടുള്ളതിനാല്‍ പെട്ടെന്ന് മനസ്സിലായി അത്.

ജലസമൃദ്ധിയുള്ള വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം കണ്ടപ്പോള്‍ അങ്ങോട്ട് പോകാന്‍ വല്ലാതെ മനസ് വെമ്പുന്നുണ്ടായിരുന്നു. സാഹചര്യം പ്രതികൂലമായതിനാല്‍ അത് ഒരു ആശയായി മനസ്സില്‍ വെച്ചു. ഇനിയൊരു അവസരത്തില്‍ അങ്ങോട്ട് പോകണം എന്നുള്ളത് തീരുമാനിക്കുകയും ചെയ്തു. മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെയുള്ള നടത്തം, അത് കഴിഞ്ഞ് ആ വെള്ളച്ചാട്ടത്തിലുള്ള കുളി, മനവും ശരീരവും കുളിര്‍ക്കാന്‍ വേറെന്ത് വേണം. ഒരു ആശയായി അത് അവശേഷിപ്പിച്ച് യാത്ര തുടര്‍ന്നു. മറയൂര്‍, കാന്തല്ലൂര്‍. അതാണ് അടുത്ത ലക്ഷ്യസ്ഥലങ്ങള്‍. ചിന്നാറില്‍ ആനകളെ കാണാം എന്ന മോഹവും മോഹമായിതന്നെ അവശേഷിച്ചു.

സഞ്ചാരി ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം