ദിവസങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ ഓരോ ട്രെൻഡുകളും മാറി മാറി വരുന്നത്. അതും എഐ കൂടി എത്തിയതോടെ ട്രെൻഡുകളുടെ രീതിയും മാറി. മാറി വരുന്ന ട്രെൻഡുകൾ ഏറ്റെടുക്കാൻ നെറ്റിസൺസിന് പൊതുവേ വലിയ ആവേശമാണ് എന്ന കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ‘ജിബ്ലി’ ചിത്രങ്ങൾ ലോകമെമ്പാടുമുള്ളവർ ഏറ്റെടുത്തത്. അതിനു ശേഷം ‘നാനോ ബനാന’ എത്തി. ഇപ്പോഴിതാ എഐ സാരി ചിത്രങ്ങൾ, സെലിബ്രിറ്റി പോളറോയിഡുകൾ തുടങ്ങിയവയൊക്കെയാണ് ട്രെൻഡിങ്.
സ്വന്തം ഫോട്ടോകൾ എഐ ടൂളുകൾക്ക് നൽകി നമ്മുടെ ഭാവനയിലെ ചിത്രങ്ങളാക്കി മാറ്റുക എന്നതാണ് പ്രധാനമായും ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ സ്വന്തം ചിത്രങ്ങൾ എഐ പ്ലാറ്റ്‌ഫോമുകൾക്ക് നൽകുന്നത് സ്വകാര്യതാ ലംഘനം മുതൽ സാമൂഹികമായ വിഷയങ്ങൾ വരെയുള്ള ഗുരുതരമായ അപകടസാധ്യതകൾക്ക് ഇടയാക്കുമെന്നാണ് ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് എഐ ആപ്പുകൾക്ക് ഫോട്ടോകൾ നൽകുമ്പോൾ ഇനി രണ്ട് തവണ ചിന്തിച്ചിട്ട് വേണം നൽകാൻ.
എഐ ജനറേറ്ററുകളിലേക്ക് ഫോട്ടോകൾ നൽകുന്നതിന്റെ പ്രധാന അപകടസാധ്യതകളിൽ ആദ്യത്തേത് ഡീപ്ഫേക്ക് ആണ്. നമ്മൾ നൽകുന്ന ഫോട്ടോകൾ ഉപയോഗിച്ച് വിശ്വസനീയമായ തരത്തിൽ ഡീപ്ഫേക്കുകൾ നിർമ്മിക്കാൻ എഐയ്ക്ക് സാധിക്കും എന്ന് മാത്രമല്ല, വ്യക്തിവിവരങ്ങളെടുക്കുന്നത് മുതൽ അപകീർത്തി വരെയുള്ള പ്രശ്നങ്ങളിലേക്ക് വരെ ഇത് കൊണ്ടെത്തിച്ചേക്കാം.
ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവ അതെങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ നിങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. ലൊക്കേഷൻ ഡാറ്റ, വ്യക്തിഗത വിശദാംശങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയുൾപ്പെടെ നിങ്ങളുടെ ചിത്രങ്ങളിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കാൻ എഐ സിസ്റ്റങ്ങൾക്ക് കഴിയും. ഒരിക്കൽ ഡിജിറ്റൈസ് ചെയ്താൽ നിങ്ങളുടെ ചിത്രം തുടർച്ചയായി പകർത്താനും സമ്മതമില്ലാതെ അത് മാറ്റാനും കഴിയും. മറ്റ് ഏതെങ്കിലും തരത്തിലുള്ള രീതിയിലേക്ക് ഇവ മാറ്റാനും എഐയ്ക്ക് സാധിക്കും.
മറ്റൊരു കാര്യം എഐ സൃഷ്ടിച്ച ചിത്രങ്ങൾ കൂടുതൽ വ്യാപകമാകുന്നതോടെ യഥാർത്ഥ ഫോട്ടോകളും വ്യാജ ഫോട്ടോകളും തമ്മിൽ വേർതിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടാകും. ഇത് പത്രപ്രവർത്തനം, പരസ്യം ചെയ്യൽ, ദൃശ്യ ഉള്ളടക്കത്തെ ആശ്രയിക്കുന്ന മറ്റ് വ്യവസായങ്ങൾ എന്നിവയിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ എഐ പ്ലാറ്റ്‌ഫോമുകൾ നിങ്ങളുടെ അപ്‌ലോഡ് ചെയ്‌ത ഫോട്ടോകൾ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചേക്കാം. ഇത് മറ്റ് എഐ മോഡലുകൾക്കായി പരസ്യങ്ങൾ സൃഷ്ടിക്കുന്നതോ പരിശീലന ഡാറ്റാസെറ്റുകൾ തയ്യാറാക്കുന്നതിനോ ഉപയോഗിച്ചേക്കാം.
എഐ ജനറേറ്റുകളിലേക്ക് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ മുഖത്തിന്റെ സവിശേഷതകൾ, ഭാവങ്ങൾ, ലൊക്കേഷനുകൾ എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് ഡാറ്റ പലപ്പോഴും എടുക്കാൻ സാധിക്കുന്നു. കമ്പനികൾക്ക് ഈ ഡാറ്റ സംഭരിക്കുകയോ പങ്കിടുകയോ മൂന്നാം കക്ഷികൾക്ക് വിൽക്കുകയോ ചെയ്യാൻ സാധിക്കും.







